Breaking NewsBusinessKeralaLead NewsNEWSNewsthen Specialpolitics

കടലിലെ മീനും ഇനി ഓര്‍മയാകുമോ; ആഴക്കടലില്‍ വരാന്‍ പോകുന്നത് വന്‍മീന്‍ കൊള്ള; കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി നയം കേരളത്തിന്റെ മത്സ്യസമ്പത്തിന് വന്‍ ഭീഷണിയാകുമെന്ന് ആശങ്ക

 

തിരുവനന്തപുരം: ആശങ്ക കടലോളമമല്ല കടലാഴത്തോളമാണ്. നമ്മുടെ കടലിലെ മീനും ഇനി ഓര്‍മമാത്രമാകുമോ എന്നാണ് തീരദേശവാസികളും മത്സ്യബന്ധന തൊഴിലാളികളും കേരളീയരും ചോദിക്കുന്നത്. കേരളത്തിന്റെ കടലില്‍ ഇനി വരാനിരിക്കുന്നത് മഹാമീന്‍ കൊള്ളയാണ്. കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി നയം വലവീശിപ്പിടിക്കാന്‍ പോകുന്നത് കേരളത്തിന്റെ മത്സ്യസമ്പത്താണ്.

Signature-ad

ആഴക്കടലില്‍നിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ പിടിച്ചെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക അറിയിച്ച് കേരളം രംഗത്തെത്തിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടര്‍ച്ചയായാണ് ആഴക്കടലില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മത്സ്യബന്ധനം നടത്താനുള്ളള വഴിയൊരുങ്ങുന്ന്. ഇതില്‍ കേരളം കടുത്ത ആശങ്ക നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ബ്ലൂ ഇക്കണോമി നയത്തിന്റെ തുടര്‍ച്ചയായി മീന്‍ പിടുത്തതിനായി കരടില്‍ വരുത്തിയ മാറ്റത്തില്‍ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി.

50 മീറ്റര്‍വരെ നീളമുള്ള യാനങ്ങള്‍ മീന്‍പിടിത്തത്തിനായി ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങള്‍ക്ക് 24 മീറ്ററില്‍ താഴെ മാത്രമാണ് നീളം. 50 മീറ്റര്‍വരെ നീളമുള്ള യാനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതോടെ കപ്പലുകളും ഇതിനായി ഉപയോഗിക്കാം. പുതിയ യാനങ്ങള്‍ നിര്‍മ്മിക്കാന്‍ 50 ശതമാനം വരെ സബ്സിഡി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

കേന്ദ്ര തീരുമാനം മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ വ്യവസായ മേഖലകള്‍ക്കും വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ആഴക്കടലില്‍ വന്‍കിട മീന്‍പിടിത്ത കപ്പലുകള്‍ രംഗത്തെത്തുന്നതോടെ ചെറുകിട യാനങ്ങള്‍ക്കും ബോട്ടുകള്‍ക്കും മത്സ്യ ലഭ്യത തീരെകുറയും. പിടിച്ചെടുക്കുന്ന മത്സ്യം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ഒരു നിര്‍ബന്ധവുമില്ലാത്തതിനാല്‍ പുറംകടലില്‍ വച്ചുതന്നെ മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയും. ഇതോടെ കേരളത്തില്‍ മത്സ്യം കിട്ടാക്കനിയാവും. മീന്‍പിടിത്തത്തിനൊപ്പം മത്സ്യവ്യവസായ മേഖലയ്ക്കും കയറ്റുമതി മേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയാവും. ഇതിനൊപ്പം വന്‍ തോതില്‍ മത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യനാശത്തിനും കാരണമാകുമെന്നും വിമര്‍ശനമയുരുന്നു.

രാജ്യത്തിന്റെ കടലില്‍ വിദേശ കപ്പലുകള്‍ മീന്‍പിടിക്കാന്‍ എത്തുന്നതിനെ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ശക്തമായി നേരത്തേ തന്നെ എതിര്‍ത്തിരുന്നു. കപ്പലുകള്‍ക്ക് മത്സ്യം പിടിക്കാന്‍ അനുമതി നല്‍കുന്നത് ചെറുകിട ബോട്ടുടമകള്‍ക്ക് മത്സ്യലഭ്യത കുറയ്ക്കാന്‍ഇടയാക്കുമെന്ന ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സഹകരണ സംഘങ്ങളിലൂടെ ശാക്തീകരിച്ച് ആവശ്യമായ പരിശീവും സബ്‌സിഡി നിരക്കില്‍ ആഴക്കടല്‍ മത്സ്യ ബന്ധന ഉപകരണങ്ങളും വിതരണം ചെയ്ത് അവരെ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് പ്രാപ്തരാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ആഴക്കടല്‍ മത്സ്യ ബന്ധനനയം. അതിനനുസരിച്ചുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്.

കരട് ചട്ടത്തിലെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ക്ലോസ് തിരിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വന്‍കിട കമ്പനികളുടെ യാനങ്ങള്‍ ഉപയോഗിച്ച് ആഴക്കടില്‍ മത്സ്യബന്ധനം നടത്തുകയാണ് കേന്ദ്ര നീക്കം.
ആഴക്കടലിലെ മത്സ്യസമ്പത്ത് വേണ്ടത്ര പിടിച്ചെടുക്കാന്‍ നിലവിലെ രീതികൊണ്ട് കഴിയുന്നില്ലെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് വന്‍കിട കമ്പനികള്‍ക്ക് അതിനുളള അവസരം നല്‍കുന്നത്. ഈ രംഗത്തെ സംരംഭകരുടെ യോഗം കേന്ദ്ര ഫിഷറീസ് മന്ത്രാലയം അടുത്തിടെ വിളിച്ചുചേര്‍ത്തിരുന്നു.

കേന്ദ്രതീരുമാനത്തില്‍ കാര്യമായ മാറ്റമൊന്നുമില്ലെങ്കില്‍ കേരളത്തിന്റെ കടലാഴങ്ങളില്‍ ഇനി വന്‍കിടക്കാരും ചെറുകിടക്കാരും തമ്മിലുള്ള കടല്‍പോരാട്ടത്തിന്റെ നാളുകളായിരിക്കും വരാന്‍ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: