സിഐഡി വിജയന്‍ യാത്രയായി ; ഇനി ദാസന്‍ ഒറ്റയ്ക്ക്; മലയാളി നെഞ്ചേറ്റിയ ദാസനും വിജയനും ഇനി ദൃശ്യങ്ങളില്‍ മാത്രം; മലയാള സിനിമയ്ക്ക് വലിയ നഷ്ടമെന്ന് മോഹന്‍ലാല്‍

തൃശൂര്‍: ഇനിയൊരു കേസന്വേഷിക്കാന്‍ സിഐഡി രാംദാസിനൊപ്പം സിഐഡി വിജയനില്ല. മലയാളസിനിമയിലെ സിഐഡിക്കഥകളില്‍ ഇന്നും എന്നും ചിരിയുണര്‍ത്തുന്ന രണ്ടു സിഐഡികളെയാണ് നാടോടിക്കാറ്റിലൂടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മോഹന്‍ലാലും കൂടി മലയാളിക്ക് സമ്മാനിച്ചത്.

ആ സിഐഡികളില്‍ വിജയന്‍ ദാ യാത്രയായിരിക്കുന്നു. വിജയനില്ലാതെ ദാസനില്ല, ദാസനില്ലാതെ വിജയനും. അതുകൊണ്ടുതന്നെ ഇനി ഒരു കേസും സിഐഡി രാംദാസ് ഏറ്റെടുക്കില്ല. ദാസന് എന്തും ചോദിക്കാനും പറയാനും ചീത്തപറയാനും കല്‍പ്പിക്കാനും ഉപദേശം തേടാനും സഹായം ചോദിക്കാനും തമാശ പറയാനും കൂടെയെന്നും വിജയനേ ഉണ്ടായിരുന്നുള്ളു.
പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് പറയാന്‍ ഇനി വിജയനില്ലെന്നോര്‍ക്കുമ്പോള്‍ സിഐഡി രാംദാസ് പഴയ ഓര്‍മകളിലേക്കാണ്ടുപോകുന്നു.
പണ്ട് മദിരാശിയില്‍ ചെന്ന് പെട്ട് പണിയില്ലാതെ വാടകവീട്ടില്‍ ചടഞ്ഞുകിടക്കുമ്പോഴാണ് നാട്ടില്‍ നിന്ന് അമ്മ മരിച്ചെന്ന് കത്ത് ദിവസങ്ങള്‍ക്കു ശേഷം കിട്ടുന്നത്. അന്ന് ഉണ്ടായ ഷോക്ക് ഇപ്പോള്‍ വീണ്ടും ഉണ്ടായി ദാസനിപ്പോള്‍….വിജയന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍…
ആകെ തകര്‍ന്നുനിന്ന ദാസനോട് ഭാര്യ രാധ എന്തു പറ്റിയെന്ന് ചോദിക്കുമ്പോള്‍ ്അന്ന് ആ പഴയ വാടകവീട്ടില്‍ വെച്ച് പറഞ്ഞപോലെ ദാസന്‍ പതറിക്കൊണ്ട് ശബ്ദമിടറിക്കൊണ്ട് പറഞ്ഞു – ഒന്നുമില്ല, ഒരു ചെറിയ വിശേഷം..എന്റെ വിജയന്‍ പോയി…
വിജയനുമൊത്ത് എത്രയോ വേഷങ്ങള്‍ കെട്ടിയാടി, എത്ര അടിയുമിടിയും കൊണ്ടു, എത്രയോ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി…അതെല്ലാം ഇനി ഓര്‍മകള്‍ മാത്രം….സിഐഡി രാംദാസ് ഇനി ഒറ്റയ്ക്ക്…മത്സരിക്കാന്‍ നീയില്ലല്ലോ വിജയാ…

നാടോടിക്കാറ്റ് എന്ന സിനിമയ്ക്കു ശേഷം ദാസനും വിജയനും പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ സിനിമകളിലും തങ്ങളുടെ കേസന്വേഷണവുമായി കേരളത്തിലെത്തി.
തന്റെ പ്രിയസുഹൃത്ത് ശ്രീനിവാസന്റെ മരണം അപ്രതീക്ഷിതമാണെന്നും ഈ വിയോഗം, വിടവാങ്ങല്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍ വേദനയോടെ പറഞ്ഞു. വെറും സുഹൃത്തോ സഹപ്രവര്‍ത്തകനോ മാത്രമായിരുന്നില്ല തനിക്ക് ശ്രീനിവാസനെന്നും അതിനേക്കാളൊക്കെ മുകളിലുള്ള ബന്ധമായിരുന്നു തങ്ങള്‍ തമ്മിലുണ്ടായിരുന്നതെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.
ഞാനുമായി ഒരുപാട് വ്യക്തിബന്ധം ഉള്ള ആളായിരുന്നു. ഞാനും ശ്രീനിവാസനും പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും കേരളത്തിനായി ഒരുപാട് സിനിമകള്‍ സംഭാവന നല്‍കി. തിക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിമയില്‍ ശ്രീനിവാസന്‍ സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് തിരക്കഥകളൊരുക്കിയപ്പോള്‍ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങള്‍ കൂടിയാണ് സ്വന്തമായത്.
ചിരിക്കാനും ചിന്തിപ്പിക്കാനും തിരക്കഥകള്‍ ഹാസ്യരൂപേണ അദ്ദേഹം കൈകാര്യം ചെയ്തു. എന്റെ സിനിമ ജീവിതത്തില്‍ ഒരുപാട് സംഭാവന നല്‍കി. വിവരം അറിഞ്ഞപ്പോള്‍ സങ്കടമായി. കൂടുതല്‍ പറയാന്‍ വാക്കുകളില്ല. ഈ അടുത്ത കാലത്തും ആശുപത്രിയില്‍ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ മക്കളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നു. മലയാള സിനിമയ്ക്ക് ഇത് വലിയ നഷ്ടമെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.






