സാങ്ലിയിലെ സ്കൂള്‍ കുട്ടിയില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറിയ സ്മൃതി; പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും വിയര്‍പ്പിന്റെയും കഥകള്‍ മാത്രം; വ്യക്തി ജീവിതം എന്തുമാകട്ടെ, അവര്‍ വളരുന്ന പെണ്‍കുട്ടികള്‍ക്കു മാതൃകയായി പുഞ്ചിരിക്കും

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്കെരായ വനിതാ ലോകകപ്പ് ഫൈനലില്‍ കലക്കന്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയാണ് കായിക രംഗത്തെ ശ്രദ്ധാകേന്ദ്രം. ദീര്‍ഘകാല സുഹൃത്തായ പലാഷ് മുഹ്ചാലുമായുള്ള വിവാഹം അച്ഛന്റെ ഹൃദയാഘാതത്തെ തുടര്‍ന്ന് മാറ്റിവച്ചതാണ് പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നീട് പലാഷിനെ വൈകാരിക സമ്മര്‍ദത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
വ്യക്തിപരമായ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ നാഴികക്കല്ലിനു തടസമുണ്ടാക്കിയെങ്കിലും കായിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കരിയറിലേക്കു സ്മൃതി എങ്ങനെ സ്വയം പടുത്തുയര്‍ത്തിയെന്ന കഥയിലേക്കും ശ്രദ്ധ തിരിച്ചുവിട്ടു. അച്ചടക്കം, വിദ്യാഭ്യാസത്തിലെ സ്ഥിരതയാര്‍ന്ന തീരുമാനങ്ങള്‍, വര്ഷങ്ങളോളമുള്ള ക്രമാനുഗതമായ പുരോഗതി എന്നിങ്ങനെ ധ്യാനപൂര്ണമായ ജീവിതവും ക്ഷമയും എങ്ങനെയാണ് അവളെ പരുവപ്പെടുത്തിയത് എന്നും ഇതോടെ ചര്‍ച്ചയായി.
ഠ സാങ്ലിയിലെ ബാല്യം
1996 ജൂലൈയില്‍ മുംബൈയിലാണു സ്മൃതിയുടെ ജനനം. എന്നാല്‍, മഹാരാഷ്ട്രയിലെതന്നെ സാങ്ലിയിലുള്ള മാധവനഗറാണ് സ്മൃതിയുടെ ജീവിതത്തെ രൂപപ്പെടുത്തിയത്. പ്രദേശിക സ്കൂളിലായിരുന്നു പഠനം. ചിന്തമാന്‍ റാവു കോളജ് ഓഫ് കൊമേഴ്സില്‍ കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.
സ്മൃതിയുടെ പിതാവും സഹോദരനും ക്രിക്കറ്റ് കളിച്ചിരുന്നു. സംസ്ഥാന തലത്തില്‍ കളിക്കിറങ്ങിയ സഹോദരനില്‍നിന്നാണ് ക്രിക്കറ്റ് മോഹം സ്മൃതിയിലും ഉദിച്ചത്. ക്രിക്കറ്റിനെക്കുറിച്ചു ഗൗരവമായി ആലോചിക്കുന്നതിനു മുമ്പുതന്നെ അവളറിയാതെ അവളിലേക്ക് ക്രിക്കറ്റ് സന്നിവേശിക്കപ്പെട്ടിരുന്നു.
ഒമ്പതാം വയസില്‍ സ്മൃതി മഹാരാഷ്ട്ര അണ്ടര്‍-15 ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 11-ാം വയസില്‍ മഹാരാഷ്ട്ര അണ്ടര്‍-19 ടീമിലുമെത്തി. എന്നാല്‍, ഇന്ത്യയിലെ മുന്‍നിര അക്കാദമയിലെ പരിശീലനം കൊണ്ടായിരുന്നില്ല ഈ നേട്ടങ്ങള്‍ അവള് കൈയെത്തിപ്പിടിച്ചത്. ജന്മനാട്ടിലെയും കോളജിലെയും ഗ്രൗണ്ടുകളും പ്രദേശത്തെ ഒരാളില്‍നിന്നു ലഭിച്ച കോച്ചിംഗും മാത്രമായിരുന്നു കൈമുതല്‍. സ്കൂള്‍ സമയത്തിനു മുമ്പും ശേഷവുമായിരുന്നു പരിശീലനം.
ഠ ചെറുപ്രായത്തില്‍തന്നെ നേട്ടം
ആദ്യകാലത്തെ ക്രിക്കറ്റ് മത്സരങ്ങളിലും സ്മൃതി അസാമാന്യ പ്രതിഭ പുറത്തെടുത്തിരുന്നു. പതിനാറാം വയസില്‍ അണ്ടര്‍-19 മത്സരത്തില്‍ സ്മൃതി 224 റണ്‍സ് അടിച്ചുകൂട്ടി. ലിസ്റ്റ് ‘എ’ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സ്മൃതി മാറി.
സെലക്ടര്‍മാരും അനലിസ്റ്റുകളും ഒരു ജൂനിയര്‍ ക്രിക്കറ്റര്‍ എന്നതിനപ്പുറം അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. സാങ്ലിയിലെ ശരാശരി പെണ്‍കുട്ടികളെപ്പോലെ വിദ്യാഭ്യാസത്തിനുശേഷം ബാക്കിയുള്ള സമയം സ്പോര്‍ട്സിനായി മാറ്റിവയ്ക്കുകയായിരുന്നില്ല സ്മൃതി. ഇതുരണ്ടും ഒരേപോലെ കൊണ്ടുപോകാന്‍ സ്മൃതിക്കു കഴിഞ്ഞു.
ഠ രാജ്യാന്തര ക്രിക്കറ്റിലേക്ക്
2013ല്‍ ആണ് സ്മൃതി ഇന്ത്യക്കുവേണ്ടി ഏകദിനത്തിലും ടി20യിലും ഇറങ്ങിയത്. അപ്പോള്‍ അവള്‍ക്കു 17 വയസ് മാത്രമായിരുന്നു പ്രായം. 2014ല്‍ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇറങ്ങി. ഇംഗ്ലണ്ടിനെതിരേ ആദ്യ കളിയില്‍ 22 റണ്‍സും പിന്നീട് 51 റണ്‍സും നേടി.
2016ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ സെഞ്ചുറി പിറന്നു. അതേ വര്‍ഷംതന്നെ സ്മൃതി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വുമന്‍സ് ടീം ഓഫ് ദ ഇയറില്‍ ഇടം നേടി. ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച സ്മൃതി പുതിയ ലീഗുകളില്‍ പുതിയ ചുമതലകളുമായി പ്രത്യക്ഷപ്പെട്ടു. ഈ സമയത്തൊന്നും പഠനത്തില്‍ തെല്ലും വിട്ടുവീഴ്ച വരുത്തിയില്ല. ഇതെല്ലാം പിന്നണിയില്‍ നിശബ്ദമായി നടന്നു.
ഠ തിരിച്ചടിയില്‍നിന്ന് തിരിച്ചറിവ്
2018ല്‍ ഇവര്‍ പരിക്കേറ്റ് അഞ്ചുമാസം പുറത്തിരിക്കേണ്ടിവന്നു. ഏതൊരു കായികതാരവും അക്കാദമിക് കാര്യങ്ങളിലേക്കാണു ശ്രദ്ധ തിരിച്ചതെങ്കില്‍ സ്മൃതി വ്യത്യസ്തമായിട്ടാണു കൈകാര്യം ചെയ്തത്. ട്രെയിനിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ദീര്‍ഘകാലത്തേക്കു ക്രിക്കറ്റ് ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമാണ് അവര്‍ പദ്ധതിയിട്ടത്. വനിതാ ക്രിക്കറ്റ് ലോകകപ്പിനായി ടീമില്‍ തിരിച്ചെത്തിയ സ്മൃതി പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു. ആദ്യ കളിയില്‍തന്നെ പ്ലയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ സെഞ്ചുറിയും നേടി.
2016 മുതല്‍ സ്മൃതിയുടെ ദേശീയ-രാജ്യാന്തര തലത്തിലുള്ള പ്രകടനത്തില്‍ കാര്യമായ കുതിപ്പാണുണ്ടായത്. ഓസ്ട്രേലിയന്‍ വുമണ്‍ ബിഗ് ബാഷ് ലീഗിലടക്കം അവര്‍ ഇടം നേടി. വുമണ്‍സ് ക്രിക്കറ്റ് സൂപ്പര്‍ ലീഗിലും പിന്നീട് ആര്‍സിബിയുടെ വനിതാ ടീമിനെയും നയിച്ചു. വുമന്‍സ് ബിഗ്ബാഷ് ലീഗ്, കിയ സൂപ്പര്‍ലീഗ്, ദി ഹണ്ട്രഡ്, വുമണ്‍സ് പ്രീമിയര്‍ ലീഗ് എന്നിവയെല്ലാം കളിച്ചു. ആസിബിയെ 2024ല്‍ കിരീടത്തിലേക്കു നയിച്ചു. മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ടീമുമായി.
ഇരുപതാമത്തെ വയസില്‍തന്നെ സ്മൃതിയെ തേടി നിരവധി ഐസിസി അവാര്‍ഡുകളുമെത്തി. ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലും അംഗീകാരങ്ങള്‍ തേടിയെത്തി. ഏറ്റവുമൊടുവില്‍ ഐസിസി ലോകകപ്പില്‍ വൈസ് ക്യാപ്റ്റനെന്ന നിലയിലും തിളങ്ങി. 14-ാം രാജ്യാന്തര സെഞ്ചുറിയും ഈ ടൂര്‍ണമെന്റില്‍ സ്വന്തമാക്കി. ഇതിന്റെയെല്ലാം തുടക്കം സാങ്ലിയിലെ സ്കൂള്‍ ഗ്രൗണ്ടില്‍നിന്നായിരുന്നു.
ഠ എന്തുകൊണ്ടു മാതൃക
സ്മൃതിയുടെ കരിയറിലെ വിജയം വെറും ആഘോഷങ്ങള്‍ക്കപ്പുറം നിരവധി പെണ്‍കുട്ടികള്‍ക്കു മാതൃകയാക്കാവുന്നതാണ്. വിദ്യാഭ്യാസത്തിലും കരിയറിലും പാലിക്കേണ്ട അച്ചടക്കവും എന്താണെന്നവര്‍ കാട്ടിത്തരുന്നു. ജന്മസിദ്ധമായ കഴിവിനപ്പുറം പരിശീലനത്തിന്റെ പ്രാധാന്യം എന്താണെന്നും സ്ഥിരതയാര്‍ന്ന പരിശീലനം പടവുകള്‍ ചവിട്ടിക്കയറാന്‍ എങ്ങനെ സഹായിച്ചു എന്നും അവരുടെ ജീവിതം വരച്ചുകാട്ടുന്നു.
ഏറ്റവുമൊടുവിലുണ്ടായ വിവാദങ്ങളും വിവാഹം മാറ്റിവയ്ക്കലുമൊക്കെ അവരുടെ വ്യക്തിപരമായ ജീവിതത്തിലെ തടസങ്ങളാണെങ്കില്‍ അതൊന്നും കരിയറിനെ ബാധിച്ചേക്കില്ല. ഇക്കാലത്തിനിടെ 9500 റണ്‍സ് രാജ്യാന്തര മത്സരങ്ങളില്‍നിന്നു നേടി. ഇതുവരെയുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ ചരിത്രം നോക്കിയാല്‍ പിച്ചുകളില്‍നിന്ന് ഇനിയും അവര്‍ റണ്‍സുകള്‍ വാരിക്കൂട്ടും. ഏതൊരാളെയും അക്ഷോഭ്യയായി നേരിടും. ഇനിയും വെളിപ്പെടുത്താത്ത ലക്ഷ്യങ്ങളിലേക്കുള്ള കുതിപ്പില്‍ തെല്ലും പിഴവു വരുത്താതെ…
Smriti Mandhana education and career path: How a Sangli schoolgirl became the face of Indian women’s cricket







