ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സ് ആപ്പും തട്ടിപ്പ് പരസ്യങ്ങളുടെ കേന്ദ്രം; തിരിച്ചറിഞ്ഞിട്ടും നിയന്ത്രിക്കാതെ മാതൃകമ്പനിയായ മെറ്റ; സമ്പാദിച്ചത് ദശലക്ഷക്കണക്കിന് കോടി ഡോളര്‍; വഞ്ചിക്കപ്പെട്ടത് ലക്ഷക്കണക്കിന് ആളുകള്‍; റിപ്പോര്‍ട്ട് പുറത്ത്; അന്വേഷണം ആരംഭിച്ച് ബ്രിട്ടനും അമേരിക്കയും
ഏതെങ്കിലും ഒരു പരസ്യത്തില്‍ ക്ലിക്ക് ചെയ്ത ഉപഭോക്താവിനെ സമാന പരസ്യങ്ങള്‍ വീണ്ടുംവീണ്ടും കാണിച്ചു. ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചു കണ്ടന്റുകള്‍ കാട്ടുന്ന അതേ സംവിധാനംതന്നെയാണ് ഇവിടെ പ്രവര്‍ത്തിച്ചത്.

ന്യൂയോര്‍ക്ക്: നിരോധിത വസ്തുക്കളുടെയും തട്ടിപ്പുകാരുടെയും പരസ്യങ്ങളിലൂടെ കഴിഞ്ഞവര്‍ഷം മെറ്റ വന്‍ തോതില്‍ പണമുണ്ടാക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വരുമാനത്തിന്റെ 10 ശതമാനവും തട്ടിപ്പു പരസ്യങ്ങളിലൂടെയായിരുന്നു. ഇത് ഏതാണ്ട് 16 ബില്യണ്‍ ഡോളറിന് അടുത്തുവരുമെന്നും റോയിട്ടേഴ്സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിടാത്ത റിപ്പോര്‍ട്ടിലാണ് മെറ്റ ഏതാനും വര്‍ഷങ്ങളായി നടത്തിയിരുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തെത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷവും തട്ടിപ്പുകാരുടെ പരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവ തയാറായിട്ടില്ല. ദശലക്ഷക്കണക്കിനു കോടി ആളുകളാണ് ഈ മൂന്നു പ്ലാറ്റഫോമുകളും ഉപയോഗിക്കുന്നത്.
തട്ടിപ്പുകാരുടെ വില്പന സൈറ്റുകള്‍, നിക്ഷേപ പദ്ധതികള്‍, നിരോധിത ഓണ്‍ലൈന്‍ കാസിനോകള്‍, നിരോധിത മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പരസ്യങ്ങളായിരുന്നു കൂടുതലും. 2024 ഡിസംബറില്‍ പുറത്തുവന്ന രേഖകള്‍ അനുസരിച്ചു 15 ബില്യണ്‍ ‘ഹൈ റിസ്ക്’ പരസ്യങ്ങള്‍ നല്കി. പ്രതിദിനമെന്നോണം ഇവ പ്രത്യക്ഷപ്പെട്ടു. ഓരോ വര്‍ഷവും കുറഞ്ഞ് ഏഴു ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം സമ്പാദിച്ചു.
മെറ്റയുടെ ഇന്റേണല്‍ വാണിംഗ് സംവിധാനം തട്ടിപ്പെന്നു ഫ്ളാഗ് ചെയ്തിട്ടുപോലും ഇവയില്‍ പലതും പണം മാത്രം ലക്ഷ്യമിട്ടു നല്കി. വാണിംഗ് സംവിധാനത്തില്‍ 95 ശതമാനവും തട്ടിപ്പെന്നു വ്യക്തമായതു മാത്രമാണ് ഒഴിവാക്കിയത്. തട്ടിപ്പാണെന്നു തോന്നുന്ന പരസ്യങ്ങള്‍ക്കു മെറ്റ ഉയര്‍ന്ന പണം ഈടാക്കി.
07
മെറ്റയുടെ ആഭ്യന്തര സമിതിയുടെ 2021 മുതല്‍ ഈവര്‍ഷം വരെയുള്ള റിപ്പോര്‍ട്ടാണു പുറത്തുവന്നത്. ഇതില്‍ ഫിനാന്‍സ്, ലോബിയിംഗ്, എന്‍ജിനീയറിംഗ്, സേഫ്റ്റി ഡിവിഷനുകളിലെ സെല്‍ഫ് അപ്രൈസല്‍ റിപ്പോര്‍ട്ടും ഉള്‍പ്പെടും. ഈ രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള പരിമിതി ദുരുപയോഗം ചെയ്താണു മെറ്റ പ്രവര്‍ത്തിച്ചതെന്നു റിസ്കി ബിസിനസ് സൊല്യൂഷന്‍സ് എന്ന കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഫ്രോഡ് എക്സാമിനര്‍ കൂടിയായ സന്ദീപ് ഏബ്രഹാം പറഞ്ഞു. ‘ബാങ്കുകള്‍ തട്ടിപ്പു നടത്തുന്നതിനു നിയന്ത്രണം കൊണ്ടുവന്ന അധികൃതര്‍ ടെക് ലോകത്തെ തട്ടിപ്പുകള്‍ കാണാതെ പോകുകയാണെ’ന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, യഥാര്‍ഥത്തില്‍ ഇത്ര പരസ്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും നിയമപരമായി നല്കിയ പരസ്യങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് മെറ്റയുടെ വക്താവിന്റെ വിശദീകരണം. വഞ്ചനകളും തട്ടിപ്പുകളും ചെറുക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വിലയിരുത്തല്‍ നടത്തിയത്. ‘കഴിഞ്ഞ 18 മാസത്തിനിടെ, ആഗോളതലത്തില്‍ സ്കാം പരസ്യങ്ങള്‍ 58 ശതമാനം കുറച്ചിട്ടുണ്ട്, 2025 ല്‍ ഇതുവരെ, 134 ദശലക്ഷത്തിലധികം സ്കാം പരസ്യ ഉള്ളടക്കങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെ’ന്നും സ്റ്റോണ്‍ പറഞ്ഞു.
എന്നാല്‍, ആഗോളതലത്തില്‍ തട്ടിപ്പുകാരുടെ പ്രധാന പ്ലാറ്റ്ഫോമായി മെറ്റ മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ 2025ല്‍ വന്ന തട്ടിപ്പു പരസ്യങ്ങളുടെ മൂന്നിലൊന്നും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയായിരുന്നു. ഗൂഗിളിനെക്കാള്‍ പരസ്യങ്ങള്‍ നല്കാന് എളുപ്പമാണ് എന്നതാണിതിനു കാരണം.
ലോകമെമ്പാടുമുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കാനുള്ള പ്രവൃത്തികള്‍ നടത്തുന്നതിനിടെയാണ് റിപ്പോര്‍ട്ടും പുറത്തുവന്നത്. അമേരിക്കയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് മെറ്റയില്‍ വന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം മെറ്റ പ്ലാറ്റ്ഫോമുകള് 54 ശതമാനം തട്ടിപ്പുകള്‍ക്കും വേദിയായി. മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. ‘ഹയര്‍ ലീഗല്‍ റിസ്ക്’ എന്നു ഫ്ളാഗ് ചെയ്ത പരസ്യങ്ങളിലൂടെ മാത്രം 2024ല്‍ പ്രതിമാസം മെറ്റ സമ്പാദിച്ചത് 3.5 ബില്യണ്‍ ഡോളറാണ്.





