പശ്ചിമേഷ്യയുടെ സൈനിക സമവാക്യം അടിമുടി മാറും; സൗദിക്ക് അത്യാധുനിക എഫ് 35 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കാന്‍ അമേരിക്ക; 48 എണ്ണം കൈമാറാന്‍ പെന്റഗണിന്റെ പ്രാഥമിക അംഗീകാരം; സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തോടെ തീരുമാനം; ഇസ്രയേലിനോടുള്ള നയം മാറുന്നോ?

വാഷിംഗ്ടണ്‍: അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള യുദ്ധവിമാനക്കരാറിനു പെന്റഗണിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചെന്നു റിപ്പോര്‍ട്ട്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായിട്ടാണ് 48 എഫ് 35 ഫൈറ്റര്‍ ജെറ്റുകളുടെ കരാറുമായി ബന്ധപ്പെട്ട ധാരണയിലെത്തിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ബില്യണ്‍ ഡോളറിന്റെ കരാര്‍ സൗദിയുടെ ഏറ്റവും വലിയ ആയുധക്കരാറുകളില്‍ ഒന്നാണ്.
അമേരിക്കയുടെ പോളിസിയിലെ നിര്‍ണായക മാറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിലെ സൈനിക ശക്തിയെ കാര്യമായി സ്വാധീനിക്കുമെന്നും ഇസ്രയേലിന്റെ സൈനിക ശക്തിക്കു മുന്‍ഗണന നല്‍കുമെന്നുമുള്ള ഇതുവരെയുള്ള നയത്തിന്റെ വ്യതിയാനമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം ആദ്യം സൗദി നേരിട്ട് യുദ്ധവിമാനങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലമായി ലോക്ഹീഡ് മാര്‍ട്ടിന്റെ യുദ്ധവിമാനങ്ങളില്‍ വര്‍ഷങ്ങളായി സൗദിക്കു കണ്ണുണ്ട്. 48 എണ്ണം വില്‍ക്കുന്നതിനെക്കുറിച്ചാണു പെന്റഗണിന്റെ പരിഗണനയിലുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, പ്രാഥമിക അംഗീകാരം മാത്രമാണു ലഭിച്ചതെന്നും ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ തലത്തിലുള്ള അനുമതിക്കു പുറമേ, കോണ്‍ഗ്രസിന്റെയും അംഗീകാരം ആവശ്യമാണ്. നിലവില്‍ പ്രതിരോധ വകുപ്പിലെ സെക്രട്ടറി തലത്തിലാണ് ഫയലുള്ളത്. പെന്റഗണിന്റെ പോളിസി ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യം മാസങ്ങളായി പരിഗണിക്കുന്നുണ്ട്.
എന്നാല്‍, ഇക്കാര്യത്തോടു വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാരുകള്‍ക്കിടയിലാണ് പ്രതിരോധ കരാറുകള്‍ നടപ്പാക്കുകയെന്നും വാഷിംഗ്ടണില്‍നിന്നാകും തീരുമാനമെന്നും വിമാനക്കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇതുവരെ ഇസ്രയേലിനു പശ്ചിമേഷ്യന്‍ രാജ്യങ്ങളെക്കാള്‍ ഒരുപടി മുന്നില്‍നില്‍ക്കാനുള്ള സാഹചര്യം അമേരിക്ക ഒരുക്കിയിരുന്നു. മേഖലയിലെ അറബ് രാജ്യങ്ങളെക്കാള്‍ കൂടുതല്‍ മികച്ച അമേരിക്കന്‍ ആയുധങ്ങള്‍ ഇസ്രയേലിനു ലഭ്യമാക്കിയിരുന്നു.
എഫ് 35 ഫൈറ്റര്‍ വിമാനങ്ങള്‍ റഡാറുകളെ കബളിപ്പിക്കാനുള്ള സ്‌റ്റെല്‍ത്ത് ടെക്‌നോളജിയില്‍ നിര്‍മിച്ചതാണ്. ലോകത്തെ ഏറ്റവും ആധുനിക ഫൈറ്റര്‍ ജെറ്റുകളിലൊന്നാണ്. ഇസ്രയേല്‍ കഴിഞ്ഞ ഒരു ദശാബ്ദമായി ഇതേ എയര്‍ക്രാഫ്റ്റ് ഉപയോഗിക്കുന്നുണ്ട്. ഇസ്രയേല്‍ മാത്രമാണ് പശ്ചിമേഷ്യയില്‍ എഫ് 35 സ്‌ക്വാഡ്രണുള്ള രാജ്യം.
അമേരിക്കന്‍ ആയുധങ്ങളുടെ ഏറ്റവും വലിയ ഇടപാടുകാരാണ് സൗദി. എയര്‍ഫോഴ്‌സിനെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങളായി അവര്‍ എഫ് 35 നു വേണ്ടി അഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ട്. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൗദി ആവശ്യമുന്നയിച്ചത്. നിലവില്‍ സൗദിയുടെ വ്യോമസേന ബോയിംഗ്, എഫ് 15, യൂറോപ്പിന്റെ ടൊര്‍ണാഡോ, ടൈഫൂണ്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.
മുമ്പും എഫ് 35 വിമാനവുമായി ബന്ധപ്പെട്ടു സൗദി ചര്‍ച്ച നടത്തിയിരുന്നു. ബൈഡന്‍ ഗവണ്‍മെന്റ് അധികാരത്തിലുണ്ടായിരുന്നപ്പോഴും വിമാനം നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഇതു പിന്നീടു മരവിപ്പിക്കപ്പെട്ടു.
ട്രംപ് അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മേയില്‍ 142 ബില്യണ്‍ ഡോളറിന്റെ ആയുധക്കരാറില്‍ ഏര്‍പ്പെട്ടിരുന്നു. വാഷിംഗ്ടണ്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ കരാര്‍ എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയാണ് എഫ് 35 വിമാനത്തിന്റെ വില്‍പനയിലെ ഏറ്റവും വലിയ കടമ്പ. സൗദി ജേണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ മരണത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ് സൗദിയുമായുള്ള കരാര്‍ ചോദ്യം ചെയ്തത്. സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 അജന്‍ഡയുടെ ഭാഗമാണ് സൈന്യത്തെ ആധുനികവത്കരിക്കുക എന്നത്.






