പി.എം. ശ്രീയില്‍ അനുനയ നീക്കവുമായി ശിവന്‍കുട്ടി; വഴങ്ങാതെ സിപിഐ; എംഎന്‍ സ്മാരകത്തില്‍ നേരിട്ടെത്തി ബിനോയ് വിശ്വത്തെ കണ്ടു; നിലപാട് ആവര്‍ത്തിച്ച് ഇരുവിഭാഗവും

തിരുവനന്തപുരം: പി.എം.ശ്രീയെ ചൊല്ലി എല്‍ഡിഎഫില്‍ ഉണ്ടായ അസാധാരണ പൊട്ടിത്തെറിക്കിടെ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും മന്ത്രി ജി.ആര്‍. അനിലുമായും നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പിഎം ശ്രീയില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം ഉന്നയിച്ചു.
മന്ത്രിസഭ അറിയാതെ കരാര്‍ ഒപ്പിട്ടതിനെ പറ്റി അറിയണമെന്ന് ചര്‍ച്ചയില്‍ സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറില്‍ ഒപ്പിട്ടതെന്ന നിലപാടാണ് ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. സിപിഐയുമായി നടത്തിയ ചര്‍ച്ചയിലെ എല്ലാകാര്യങ്ങളും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് ശിവന്‍കുട്ടി പറഞ്ഞു.
പിഎംശ്രീയില്‍ ഒപ്പിട്ടത് എം.എ.ബേബി അറിഞ്ഞെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞതിന് അടിസ്ഥാനമില്ലെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എ.കെ.ബാലന്‍ പറഞ്ഞു.
പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എന്തിനെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ആവശ്യപ്പെട്ടു. വിഷയം മന്ത്രിസഭയോട് ഒളിച്ചുവച്ചതെന്തിനെന്നും മന്ത്രി ചോദിച്ചു. പദ്ധതിയില്‍നിന്ന് സര്‍ക്കാരിന് ഇനിയും പിന്‍മാറാനാകുമെന്ന് കെ.പ്രകാശ്ബാബു പറഞ്ഞു. സി.പി.ഐയെ മാത്രമല്ല കേരളത്തെയാകെ മുഖ്യമന്ത്രി ഇരുട്ടില്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.






