ട്രംപില്‍മാത്രം വിശ്വാസം: തിരിച്ചടി ഉണ്ടായേക്കുമെന്ന ഭീതിയിലും ഹമാസ് ബന്ദികളെ വിട്ടുനല്‍കുകയെന്ന ചൂതാട്ടത്തിന് ഇറങ്ങിയത് ഒറ്റക്കാരണം കൊണ്ട്; ഇറാനിലും ഖത്തറിലും ട്രംപിന്റെ ഇടപെടല്‍ വിശ്വാസ്യതയുണ്ടാക്കി; ഒരുവര്‍ഷം മുമ്പ് വംശീയവാദിയായ യുഎസ് പ്രസിഡന്റ് ഹാമാസിനിപ്പോള്‍ മാലാഖ; ഈജിപ്റ്റിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഭവിച്ചത്

ദുബായ്: ഹമാസ് ഒരിക്കല്‍ ട്രംപിന്റെ വിളിച്ചത് വംശീയവാദി എന്നാണ്. മറ്റൊരിക്കല്‍ കുഴമറിച്ചിലുകളുടെ കുശിനിക്കാരന്‍ എന്നും വിളിച്ചു. പിന്നീടൊരിക്കല്‍ പറഞ്ഞത് ഗാസയെക്കുറിച്ചു ഭ്രാന്തന്‍ ആശയങ്ങള്‍ കൊണ്ടു നടക്കുന്നയാളെന്നും. പക്ഷേ, അടുത്തിടെ നടത്തിയ ഒറ്റ ഫോണ്‍ കോളില്‍ ഈ അഭിപ്രായങ്ങളെല്ലാം തകിടം മറിയുന്ന കാഴ്ചയാണു കണ്ടത്.
ഇപ്പോള്‍ ഗാസയില്‍ നടപ്പായ സമാധാനത്തിന്റെ പ്രതീക്ഷകളുടെ തുടക്കം ആ ഫോണ്‍കോളില്‍നിന്നായിരുന്നു. ബന്ദികളെ വിട്ടു നല്‍കിയാല്‍ ഇസ്രയേല്‍ അവസാന ആക്രമണത്തിലൂടെ തങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്ക അവസാനിച്ചതും ഗാസയില്‍ സമാധാനം കൊണ്ടുവരുമെന്നും വ്യക്തമായതും ആ ഫോണ്‍ കോളില്‍നിന്നാണെന്നു രണ്ട് പലസ്തീനിയന്‍ ഉദ്യോഗസ്ഥറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെ ആക്രമിച്ചതില്‍ നെതന്യാഹു ക്ഷമ ചോദിച്ചതുപോലും ഫോണ്‍കോളിനു ശേഷമായിരുന്നു.
ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തിനുശേഷം ട്രംപ് ആ വിഷയം കൈകാര്യം ചെയ്ത രീതിയും ഹമാസില്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കി. ഗാസയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനെ ട്രംപ് ഗൗരവത്തോടെയാണു സമീപിക്കുന്നതെന്നു ബോധ്യപ്പെട്ടു.
ബുധനാഴ്ച ട്രംപിന്റെ മധ്യസ്ഥതയില്‍ പിറന്ന കരാറിന്റെ ആദ്യഘട്ടത്തില്‍ ഒപ്പിട്ടപ്പോഴും അമേരിക്കന്‍ പ്രസിഡന്റിനെ വിശ്വാസത്തിലെടുക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം പലസ്തീനികളെ ഗാസയില്‍നിന്നു പുറത്താക്കി അവിടെ ബീച്ച് റിസോര്‍ട്ട് പണിയുമെന്ന പ്രസ്താവനപോലും ഹമാസ് മറന്നു.
ഇസ്രയേല്‍ സൈന്യത്തിന്റെ പൂര്‍ണ പിന്‍മാറ്റം വേണമെന്ന ആവശ്യം പോലും ഉന്നയിക്കാതെയാണ് ഹമാസ് നിലവിലെ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. വെള്ളിയാഴ്ച കരാര്‍ നിലവില്‍വന്നു. ഇത്തരമൊരു അപകടരമായ കളിക്ക് ഹമാസ് തയാറായത് ട്രംപിനെ അന്ധമായി വിശ്വസിച്ചുകൊണ്ടാണെന്നു പലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇത് പരാജയപ്പെടാതിരിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വവും യുഎസ് പ്രസിഡന്റിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ ജനുവരിയില്‍ ആദ്യഘട്ടം ബന്ദികളെ കൈമാറിയതിനുശേഷം ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയാണുണ്ടായത്. ഇതിനു സമാനമായ രീതിയില്‍ വീണ്ടും സൈനിക നീക്കമുണ്ടായേക്കുമെന്നത് ഹമാസിന്റെ ഭീതിയാണ്. ഷരാം അല്‍ ഷേഖ് റെഡ് സീ റിസോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപിന്റെ ഏറ്റവും അടുപ്പക്കാരില്‍നിന്ന് ലഭിച്ച ഉറപ്പാണ് ഇതെല്ലാം മറികടക്കാന്‍ സഹായിച്ചത്. അപ്പോഴും ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തിന് അംഗീകരം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കരാര്‍ വേഗത്തില്‍ നടപ്പാക്കണമെന്ന ട്രംപിന്റെ അത്യുത്സാഹം ചര്‍ച്ചകളില്‍ സജീവമായിരുന്നു. മൂന്നുവട്ടമാണ് ട്രംപ് ഇതിനിടയില്‍ വിളിച്ചത്. ട്രംപിന്റെ മരുമകനും സ്റ്റീവ് വിറ്റ്‌കോഫുമാണ് ഇസ്രയേലും ഖത്തറിനുമിടയില്‍ പ്രവര്‍ത്തിച്ചത്. ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ചോരക്കളിക്കുശേഷം ഇത്രയും ഉറപ്പുള്ള കരാറിലേക്ക് എത്തിയിരുന്നില്ല.
എന്നാല്‍, ഖത്തര്‍ ആക്രമണവും അതിനുമുമ്പ് ഇറാനില്‍ നടത്തിയ 12 ദിവസത്തെ ആക്രമണവും ട്രംപ് മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തെന്നാണ് ഹമാസ് കരുതുന്നത്. ട്രംപ് ആവശ്യപ്പെട്ടതിനുശേഷം ഇറാനിലെ ആക്രമണം ഇസ്രയേല്‍ പൊടുന്നനെ നിര്‍ത്തി. ഇത് ഹമാസിന്റെ കാര്യത്തിലുമുണ്ടാകുമെന്നാണ് പലസ്തീന്‍ അധികൃതരുടെ പ്രതീക്ഷ. നിലവില്‍ മൂന്ന് ഹമാസ് നേതാക്കള്‍ അടക്കം അഞ്ചുപേരാണ് പലസ്തീനിന്റെ ഭാഗത്തുനിന്ന് ചര്‍ച്ചയ്ക്കു പങ്കെടുക്കുന്നത്. രണ്ട് സീനിയര്‍ യുഎസ് ഉദ്യോഗസ്ഥരും അഞ്ച് മറ്റ് ആളുകളുമാണ് കൂട്ടത്തിലുള്ളത്.
ട്രംപിനെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം നിര്‍ണായകമാണ്. സാമ്പത്തിക, നയതന്ത്ര കാര്യങ്ങളില്‍ അമേരിക്കയുടെ പങ്കാളികളാണ് പല രാജ്യങ്ങളും. ഖത്തറിന്റെ കാര്യത്തില്‍ ഇസ്രയേല്‍ ഇനിയൊരു നീക്കം നടത്തില്ലെന്ന ഉറപ്പാണ് ഹമാസ് മുഖവിലയ്‌ക്കെടുത്തത്.
സെപ്റ്റംബര്‍ 29ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ട്രംപ് കരാര്‍ പുറത്തുവിട്ടത്. രണ്ടു ദിവസങ്ങള്‍ക്കുശേഷം ഹമാസും മറുപടി അറിയിച്ചു. ഹമാസിനു വെടിനിര്‍ത്തലിനുശേഷം ബന്ദികളെ കൈമാറുന്ന സാഹചര്യമൊരുക്കാന്‍ ട്രംപ് തന്നെ ഇസ്രയേല്‍ സൈന്യം പിന്‍മാറേണ്ട പരിധി നിശ്ചയിച്ചു. ഇതിനുശേഷമാണ് ഖത്തര്‍ അമീര്‍ ചൊവ്വാഴ്ച ഈജിപ്റ്റിലെത്തിയത്. ബുധനാഴ്ച രാവിലെ അമേരികകന്‍ ഉദ്യോഗസ്ഥരുമെത്തി. ഉച്ചയോടെ ചര്‍ച്ചകളും തുടങ്ങി. തുര്‍ക്കിയുടെ ഇന്റലിജന്‍സ് മേധാവി ഇബ്രാഹിം കാലിനും ഇടപെട്ടു. ഇതും ട്രംപിന്റെ ആവശ്യപ്രകാരമായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഹമാസ് ആവര്‍ത്തിച്ചിരുന്നത് ഇസ്രയേലിന്റെ പൂര്‍ണ പിന്‍മാറ്റമായിരുന്നു. എന്നാല്‍, ബന്ദികളെ വിട്ടു നല്‍കാമെന്നും അറിയിച്ചു. പക്ഷേ, യുദ്ധമെങ്കില്‍ യുദ്ധമെന്ന നിലപാടില്‍ ഇസ്രയേലും ഉറച്ചുനിന്നു. നിലവിലെ കരാറില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടിയുണ്ടായേക്കാമെന്നതില്‍ ഹമാസ് ബോധവാന്‍മാരാണ്. പക്ഷേ, ബന്ദികളെ വിട്ടു നല്‍കാതെ ചര്‍ച്ചയ്ക്കു സാധ്യമല്ലെന്ന് ട്രംപ് അടിവരയിട്ടു. നിങ്ങള്‍ നരകത്തിലേക്കു മടങ്ങിക്കോളൂ എന്നും ട്രംപ് വ്യക്തമാക്കി. കരാര്‍ പ്രഖ്യാപിച്ചശേഷം 16,000 ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് ട്രംപിന്റെ വാക്കുകളെ അടിവരയിടുന്നതായിരുന്നു.






