Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ട്രംപ് തീരുമാനിച്ചു; മറ്റു വഴികളില്ലാതെ ഹമാസ് അംഗീകരിച്ചു; ഗാസ സമാധാന കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍; വന്‍ വിജയമെന്ന് ഇസ്രയേല്‍; 90 ശതമാനം സൈനിക ശേഷിയും ഇല്ലാതായെന്നു ഹമാസ് വക്താവ്; പലസ്തീനികള്‍ ഗാസയില്‍ ആഘോഷം തുടങ്ങി

ടെല്‍അവീവ്: ഗാസ സമാധാന പദ്ധതി പ്രാബല്യത്തില്‍. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ആദ്യഘട്ട ധാരണയുടെ ഭാഗമായി വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ഉടന്‍ നടപ്പിലാകും. ബന്ദികളെ അടുത്ത ദിവസങ്ങളില്‍ കൈമാറുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ സേന ഗാസയില്‍ നിന്ന് ഭാഗികമായി പിന്‍മാറിത്തുടങ്ങി.

പദ്ധതിയുടെ ആദ്യഘട്ടമെന്ന ബന്ദി കൈമാറ്റം വളരെ നിര്‍ണായകമാണ്. ഇസ്രയേലിന്റെ ആവശ്യവും അതുതന്നെയാണ്. മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഹമാസിനു കാര്യമായ പങ്കില്ല. തങ്ങളുടെ ശേഷിയുടെ 90 ശതമാനവും ഇസ്രയേല്‍ നശിപ്പിച്ചെന്നു ഹമാസ് വക്താവുതന്നെ അല്‍ജസീറ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള കാര്യങ്ങള്‍ അമേരിക്കയുടെ പങ്കാളിയായ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിക്കും.

Signature-ad

ഇസ്രയേല്‍ സൈന്യം എവിടെവരെ പിന്‍മാറണമെന്നത് തീരുമാനിക്കുന്നതും ട്രംപ് ആണ്. ഇതിനായി രൂപരേഖയും തയാറാക്കിയിട്ടുണ്ട്. ഈ മാപ്പ് അനുസരിച്ച് 75 ശതമാനം കൈവശം വച്ചിരിക്കുന്നതില്‍നിന്ന് 50 ശതമാനം പ്രദേശത്തേക്ക് ഇസ്രയേല്‍ സൈന്യം പിന്‍മാറും. തുടര്‍ന്നുള്ള ഏതു നീക്കവും ഇസ്രയേലിനെ സംബന്ധിച്ച് അത്ര പ്രധാന്യമില്ല.

ജനുവരിയില്‍ അധികാരമേറ്റാല്‍ മണിക്കൂറുകള്‍ക്കകം ഗാസ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണകാലത്തു പറഞ്ഞത്. എട്ടു മാസം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പശ്ചിമേഷ്യയിലെ സമാധാനശില്‍പിയായി അവതരിപ്പിക്കാന്‍ ട്രംപിന് അവസരം കിട്ടിയത് ഇപ്പോഴാണ്.

പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുമ്പോഴും മേഖലയിലെ അറബ് രാജ്യങ്ങള്‍ക്കുകൂടി താല്‍പര്യവും പങ്കാളിത്തവുമുള്ള ഒരു സമാധാന പദ്ധതിയാണ് ഒടുവില്‍ ട്രംപ് മുന്നോട്ടുവച്ചത്. അതിലേക്ക് ഹമാസിനെ മാത്രമല്ല ഇസ്രയേലിനെയും കൊണ്ടുവന്ന്, കാര്യങ്ങള്‍ സമ്മതിപ്പിക്കുന്നതില്‍ അദ്ദേഹം തല്‍ക്കാലം വിജയിച്ചുവെന്നു കരുതാം.

പലസ്തീന്‍ വിഷയത്തില്‍ ട്രംപിന് എന്തെങ്കിലും അനുഭാവപൂര്‍ണമായ നയം ഒരുകാലത്തുമില്ല. ജോ ബൈഡന്‍ ഭരണകൂടം തടഞ്ഞുവച്ച ആയുധങ്ങളും സഹായങ്ങളും കൂടി ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഇസ്രയേലിനു നല്‍കുകയുണ്ടായി.

അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് ഗാസയെ കടലോര റിസോര്‍ട്ടാക്കി മാറ്റാനാണുള്ള പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത്. ഗാസയിലെ മുഴുവന്‍ പലസ്തീന്‍കാരെയും അയല്‍ അറബ് രാജ്യങ്ങളായ ജോര്‍ദാനിലും ഈജിപ്തിലും പുനരധിവസിപ്പിക്കുക എന്നതാണ് ട്രംപ് ആദ്യം മുന്നോട്ടുവച്ച പദ്ധതി.

ഇസ്രയേലിനു മാത്രം താല്‍പര്യമുള്ള ഈ പദ്ധതിയെ അറബ് രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തതോടെ ട്രംപിനു പിന്മാറേണ്ടിവന്നു. എന്നാല്‍, പദ്ധതി അദ്ദേഹം ഉപേക്ഷിച്ചുവെന്നു കരുതേണ്ടതില്ല. യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മാണം ഒരു വലിയ പദ്ധതിയാണ്. അതു നിയന്ത്രിക്കുന്നത് ടോണി ബ്ലെയര്‍ നയിക്കുന്ന രാജ്യാന്തര കൗണ്‍സില്‍ എന്ന ഭരണസംവിധാനം ആയിരിക്കുമെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

പലസ്തീന്‍ രാഷ്ട്രം ഒരിക്കലും യാഥാര്‍ഥ്യമാവാന്‍ അനുവദിക്കില്ലെന്ന ഇസ്രയേല്‍ നിലപാടു തന്നെയാണ് യുഎന്‍ പൊതുസഭയുടെ വാര്‍ഷികസമ്മേളനത്തില്‍ ട്രംപും സ്വീകരിച്ചത്. പലസ്തീന്‍ രാഷ്ട്രപദവിക്ക് ബ്രിട്ടന്‍ പിന്തുണച്ചതിനെ യുഎസ് പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.

പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അടക്കം ഡസന്‍കണക്കിനു പലസ്തീന്‍ പ്രതിനിധികള്‍ക്ക് യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വീസയും യുഎസ് നിഷേധിച്ചു. യുഎസ് സര്‍വകലാശാലകളിലെ പലസ്തീന്‍പക്ഷ സമരങ്ങളെ കര്‍ശനമായി അടിച്ചമര്‍ത്താന്‍ ട്രംപ് സ്വീകരിച്ച നടപടികളും ഇസ്രയേല്‍ താല്‍പര്യങ്ങള്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നതായിരുന്നു.

ഇതിനിടെയാണ് തീരില്ലെന്ന കരുതിയ ഗാസയിലെ യുദ്ധം ട്രംപിന്റെ ഇടപെടലിലൂടെ സമാധാനക്കരാറിലേക്ക് എത്തുന്നത്. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നയതന്ത്ര വിജയമാണ്. അറബ് ലോകത്ത് യുഎസിനുള്ള മേധാവിത്വം തുടരാന്‍ മാത്രമല്ല ഇസ്രയേല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനാണു താനെന്ന പ്രതിഛായ സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിച്ചു.

വൈറ്റ്ഹൗസില്‍നിന്ന് ഖത്തര്‍ പ്രധാനമന്ത്രിയെ നേരിട്ടു ഫോണില്‍ വിളിച്ച് ദോഹ ആക്രമണത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ക്ഷമാപണം നടത്തിയത് ട്രംപിന്റെ പശ്ചിമേഷ്യന്‍ നയതന്ത്രത്തിന്റെ ഭാഗമായിരുന്നു. ആ ക്ഷമാപണത്തിനു പിന്നാലെയാണ് ഗാസയിലെ കരാറിനായി പദ്ധതി പ്രഖ്യാപിച്ചതും ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയതും. തുടര്‍ന്നാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഈജിപ്തിലെ ഷാമെല്‍ഷെയ്ഖില്‍ ചര്‍ച്ച നടന്നത്.

gaza-peace-plan-approved

Back to top button
error: