Sports

പുതിയ സീസണില്‍…പുതിയ താരങ്ങളെ കരാര്‍ ചെയ്ത് ബ്‌ളാസ്‌റ്റേഴ്‌സ് : മുന്നേറ്റത്തില്‍ പോര്‍ച്ചുഗല്‍ താരം ടിയാഗോ അലക്‌സാണ്ടര്‍ ; പ്രതിരോധം ഉറപ്പിക്കാന്‍ സ്പാനിഷ് സാന്നിദ്ധ്യം ജുവാന്‍

കൊച്ചി: പുതിയ സീസണില്‍ പുതുമയോടെ ഇറങ്ങാന്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സ്. മുന്നിലും പിന്നിലും പുതിയ താരങ്ങളുമായി ടീം സൂപ്പര്‍കപ്പിനിറങ്ങുന്നു. മുന്നേറ്റത്തില്‍ലേക്ക് പോര്‍ച്ചുഗീസ് താരം ടിയാഗോയെ സ്വന്തമാക്കിയ കേരളബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ കോട്ടതീര്‍ക്കാന്‍ സ്പാനിഷ് താരം ജുവാനുമായി കരാറിലെത്തി. ഇരു താരങ്ങളുമായിട്ടാകും ഈ സീസണില്‍ മഞ്ഞപ്പട കളിക്കാനിറങ്ങുക.

നേരത്തേ മുന്നേറ്റനിരയില്‍ പോര്‍ച്ചുഗീസ് മുന്നേറ്റ താരമായ ടിയാഗോ അലക്‌സാണ്ടര്‍ മെന്‍ഡസ് ആല്‍വെസുമായി ടീം കരാര്‍ ഒപ്പുവെച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജെ1 ലീഗില്‍ നിന്നാണ് 29 വയസ്സുകാരന്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

Signature-ad

പോര്‍ച്ചുഗലിലെ കൊയിമ്പ്രയില്‍ ജനിച്ച ഈ 29 കാരന്‍ മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാന്‍ കഴിവുള്ളയാളാണ്. സെന്റര്‍ ഫോര്‍വേഡായും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ടീമിന് താരത്തെ ഉപയോഗിക്കാനാകും. പോര്‍ച്ചുഗലിന്റെ പ്രശസ്തമായ സ്‌പോര്‍ട്ടിംഗ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെന്‍സസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആല്‍വെസ് കളി പഠിച്ചത്. വാര്‍സിം എസ്.സിയില്‍ സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച ശേഷം, പോര്‍ച്ചുഗീസ് ലീഗുകളില്‍ ശ്രദ്ധേയനായി. 2019 ല്‍ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്‌സിയാന്‍ഡെസുമായി കരാര്‍ ഒപ്പിട്ടിരുന്നു.

പിന്നീട് പോളണ്ടിലെ ടോപ് ഡിവിഷന്‍ ക്ലബ്ബായ പിയാസ്റ്റ് ഗ്ലിവൈസിലേക്ക് പോയി. ജെ2 ലീഗില്‍ മോണ്ടെഡിയോ യമഗതക്ക് വേണ്ടി രണ്ട് സീസണുകളിലായി 67 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളാണ് അടിച്ചുകൂട്ടിയത്. പിന്നീട് ബ്രസീലിലെ ബോട്ടഫോഗോ-എസ്.പി, ജപ്പാനിലെ ടോക്കിയോ വെര്‍ഡി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും തിയാഗോ ബൂട്ട് കെട്ടി. സൂപ്പര്‍കപ്പിലാണ് ബ്‌ളാസ്‌റ്റേഴ്‌സ് ഉടന്‍ കളിക്കാനിറങ്ങാന്‍ പോകുന്നത്. ഐഎസ്എല്‍ അനിശ്ചിതത്വത്തിലാണെങ്കിലും പ്രീസീസണ്‍ ക്യാംപ് തുടങ്ങിയിരിക്കുകയാണ് ബ്‌ളാസ്‌റ്റേഴ്‌സ്.

സ്‌പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സിഡി ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ജുവാനെ 2025-26 സീസണിന് മുന്നോടിയായി ടീമില്‍ എത്തിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്‌പെയിനിലെ സെഡെയ്‌റ സ്വദേശിയായ ജുവാന്‍ റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരമാണ്. സ്‌പോര്‍ട്ടിങ് ഗിജോണ്‍, ജിംനാസ്റ്റിക് ഡി ടരാഗോണ, സാന്‍ ഫെര്‍ണാണ്ടോ സിഡി, എസ്ഡി അമോറെബിയേറ്റ, അല്‍ജെസിറാസ് സിഎഫ്, ഏറ്റവും ഒടുവില്‍ സിഡി ലുഗോ എന്നിവയുള്‍പ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകള്‍ക്കായി കളിച്ചു. തന്റെ പ്രൊഫഷണല്‍ കരിയറില്‍ 200ല്‍ അധികം മത്സരങ്ങള്‍ കളിച്ച ജുവാന്‍ സ്‌പെയിനിലെ ലീഗുകളിലുടനീളം സ്ഥിരത പുലര്‍ത്തുന്ന താരമാണ്.

കഴിഞ്ഞ സീസണില്‍ സിഡി ലുഗോയ്ക്ക് വേണ്ടി 36 മത്സരങ്ങളില്‍ കളിച്ചു. പ്രതിരോധ മികവിന് പുറമേ സെറ്റ്-പീസുകളില്‍ നിന്ന് ഗോള്‍ നേടാനും കഴിവുണ്ട്. പതറിപ്പോകുന്ന കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധനിരയ്ക്ക് ജുവാന്‍ മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. പ്രതിരോധത്തിലെ തന്റെ ആധിപത്യം കൊണ്ടും പന്തിലുള്ള മികച്ച നിയന്ത്രണം കൊണ്ടും ശ്രദ്ധേയനാണ് ജുവാന്‍.

Back to top button
error: