എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ബോളിവുഡ്, ഹോളിവുഡ് വീഡിയോകളുടെ അധനികൃത ഉപയോഗം; നിയമ നിര്‍മാണത്തിനുള്ള പാനലിനു മുന്നില്‍ പരാതി പ്രളയം; പകര്‍പ്പവകാശ നിയമം കര്‍ശനമാക്കണമെന്ന് ആവശ്യം; പരാതിക്കാരില്‍ ഐശ്വര്യ റായിയും; വരുന്നത് വന്‍ നിയമ പോരാട്ടം
പകര്‍പ്പവകാശമുള്ള കണ്ടെന്റുകള്‍ എടുക്കുന്നതില്‍നിന്ന് എഐ കമ്പനികള്‍ക്കു ജപ്പാന്‍ വ്യാപകമായ ഇളവു നല്‍കിയിട്ടുണ്ട്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി- എഐ) കമ്പനികള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ തങ്ങളുടെ വീഡിയോകള്‍ ഉപയോഗിക്കുന്നതിനിനെതിരേ കര്‍ശന നിബന്ധനകള്‍ ആവശ്യപ്പെട്ടു ഹോളിവുഡിലെയും ബോളിവുഡിലെയും ഗ്രൂപ്പുകള്‍. പകര്‍പ്പവകാശ നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക പാനലിനെ സമീപിച്ചത്.
ലോകമെമ്പാടുമുള്ള കണ്ടെന്റ് നിര്‍മാതാക്കളുമായി എഐ കമ്പനികള്‍ പ്രത്യക്ഷത്തില്‍ ഉരസലില്‍ തന്നെയാണു നിലവില്‍ നീങ്ങുന്നത്. എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ പകര്‍പ്പവകാശവും സ്വകാര്യതയും സംരഷിക്കാന്‍ കര്‍ശന നിയമങ്ങള്‍ നിര്‍മിക്കുന്ന തിരക്കിലുമാണ്. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികതയ്ക്ക് അനുസരിച്ചു നിയമം നിര്‍മിക്കുകയെന്നത് ഏറെ വെല്ലുവിളിയാണ്.
പകര്‍പ്പവകാശമുള്ള കണ്ടെന്റുകള്‍ എടുക്കുന്നതില്‍നിന്ന് എഐ കമ്പനികള്‍ക്കു ജപ്പാന്‍ വ്യാപകമായ ഇളവു നല്‍കിയിട്ടുണ്ട്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനിലുള്ള ക്ലിപ്പുകളും എഐ കമ്പനികള്‍ ചുരണ്ടിയെടുക്കുന്നെന്നാണ് സിനിമാ മേഖലകളിലുള്ളവരുടെ പ്രധാന പരാതി. ട്രെയിലറുകള്‍, പ്രൊമോഷനുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ അടിച്ചുമാറ്റുന്നത്. ഇന്ത്യയിലെ നിലവിലുള്ള പകര്‍പ്പവകാശ നിയമത്തില്‍ എഐ ഉള്‍പ്പെടുന്നില്ല.
ഈ സാഹചര്യത്തിലാണ് അഭിഭാഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിനിമ മേഖലയിലെ എക്‌സിക്യുട്ടീവുകളും ഉള്‍പ്പെടുന്ന പാനല്‍ ഈ വര്‍ഷം ആദ്യം രൂപീകരിച്ചത്. നിലവിലുള്ള പകര്‍പ്പവകാശ നിയമം പരിശോധിക്കുക, അതില്‍ എഐ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ കൂട്ടച്ചേര്‍ക്കുക എന്നിവയാണ് ആവശ്യം.
വാര്‍ണര്‍ ബ്രോസ്, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെ പ്രതിനിധീകരിക്കുന്ന മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്‍ (എംപിഎ), പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ എന്നിവ ഇന്ത്യ അതിന്റെ പകര്‍പ്പവകാശ നിയമത്തില്‍ കൈകടത്തരുതെന്നും പകരം ഒരു ലൈസന്‍സിംഗ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കണമെന്നും പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വാദിച്ചു.
പകര്‍പ്പവകാശമുള്ള കണ്ടെന്റുകള്‍ക്കു ലൈസന്‍സ് നല്‍കുന്നത് വരുമാനത്തിന്റെ കാര്യത്തില്‍ പ്രധാനമാണെന്നാണു ഇന്ത്യ ഗില്‍ഡ് സിഇഒ നിതിന്‍ തേജ് അഹുജ പറഞ്ഞത്. ഇന്ത്യയുടെ വാണിജ്യകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഹിമാനി പാണ്ഡെയാണ് പാനലിന്റെ ചെയര്‍മാന്‍. വരും ആഴ്ചകളില്‍ പുതിയ നിയമം സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുമെന്നാണു വിവരം.
ലോകത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന സിനിമാ മാര്‍ക്കറ്റാണ് ഇന്ത്യ. സിനിമ, ടിവി, ഓണ്‍ലൈന്‍ രംഗത്തും ഇന്ത്യയിലെമ്പാടും വൈവിധ്യങ്ങളുണ്ട്. കഴിഞ്ഞവര്‍ഷംമാത്രം 13.1 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഈ രംഗത്തുനിന്ന് ഉയര്‍ന്നത്. 2019 നെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണിത്.
തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എഐ കമ്പനികള്‍ ഉപയോഗിക്കുന്നെന്നു ചൂണ്ടിക്കാട്ടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും രംഗത്തുവന്നിരുന്നു. ഇവര്‍ യുട്യൂബിന്റെ എഐ പോളിസിക്കെതിരേയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, നിയമപരമായ എഐ ഉപയോഗങ്ങള്‍ക്ക് നിയമത്തില്‍ ഇളവുകളുണ്ടാകണമെന്നാണ് ചാറ്റ് ജിപിടിയുടെ നിര്‍മതാക്കളായ ഓപ്പണ്‍ എഐ അടക്കം കോടതിയില്‍ വാദിച്ചത്.
വാര്‍ണര്‍ ബ്രോസും മിഡ്‌ജേര്‍ണിയെന്ന എഐ സ്ഥാപനത്തിനെതിരേയും കേസ് കൊടുത്തിരുന്നു. ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, ബഗ്‌സ് ബണ്ണി എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും എഐ ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. എന്തായാലും വരും ദിവസങ്ങളില്‍ വീഡിയോ കണ്ടന്റ് ക്രിയേറ്റര്‍മാരും എഐ കമ്പനികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂര്‍ഛിക്കുമെന്നു വ്യക്തം.






