ഇന്ത്യന്‍ ഏകദിന ടീം: രോഹിതും കോലിയും ടീമില്‍; ക്യാപ്റ്റന്‍ ആരാകും? നേരിട്ടു ചര്‍ച്ചകള്‍ ആരംഭിച്ച് സെലക്ടര്‍മാര്‍; പ്രായത്തില്‍ തട്ടി തൊപ്പി തെറിക്കുമോ എന്ന ആശങ്കയില്‍ ആരാധകര്‍

ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്. ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇരുവരും ഇന്ത്യയുടെ കുപ്പായത്തില്‍ കളിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കിവീസിനെതിരേയാണ് അവസാനമായി ഇരുവരും ഇന്ത്യക്കായി കളിച്ചത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരങ്ങളുടെ മടങ്ങിവരവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
അതേസമയം ഏകദിനപരമ്പരയില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമോയെന്ന് ഉറപ്പില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ സെലക്ടര്‍മാര്‍ രോഹിത് ശര്‍മയുമായി യോഗം ചേരാന്‍ ഒരുങ്ങുന്നതായാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെലക്ടര്‍മാര്‍ക്കിടയില്‍ ക്യാപ്റ്റന്‍സി ഒരു ചര്‍ച്ചാവിഷയമായി തുടരുകയാണ്. ഇക്കാര്യം രോഹിത്തുമായി നേരിട്ട് ചര്‍ച്ച ചെയ്യാനാണ് സെലക്ടര്‍മാരുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ രോഹിത് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
ടീമുകളെ തിരഞ്ഞെടുക്കുന്നതിനായി ശനിയാഴ്ച സെലക്ടര്‍മാര്‍ യോഗം ചേര്‍ന്നേക്കും. അഹമ്മദാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് പുരോഗമിക്കുന്നതിനിടെയാണ് ഏകദിനടീമിനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ യോഗം ചേരുന്നത്. എന്നാല്‍ ടീം പ്രഖ്യാപനത്തെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
രോഹിത്തിനും കോലിക്കും പുറമേ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണിനെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്. ഋഷഭ് പന്തിന് പരിക്കേറ്റതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു എത്തിയേക്കും. കെ.എല്‍. രാഹുല്‍ തന്നെയാകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. 2023 ന് ശേഷം സഞ്ജു ഏകദിനം കളിച്ചിട്ടില്ല. ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് അവസാനമായി കളിച്ചത്. അന്ന് സെഞ്ചുറി നേടി മലയാളി താരം തിളങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെയാണ് രോഹിത്തും കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇരുവരും ടെസ്റ്റില്‍ നിന്നും വിരമിച്ചു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെച്ചാണ് ഏകദിനത്തില്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ്. അപ്പോള്‍ രോഹിത് ശര്‍മയ്ക്ക് 40 വയസും കോലിക്ക് 38 വയസും പൂര്‍ത്തിയാകും. ഏകദിനത്തിനുമാത്രമായി രണ്ടുവര്‍ഷത്തിലേറെക്കാലം ഇരുവരെയും നിലനിര്‍ത്തുന്നത് പ്രായോഗികമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മാസങ്ങളുടെ ഇടവേളയിലെത്തുന്ന മത്സരങ്ങള്‍ക്കായി ഫിറ്റ്നസും മത്സരശേഷിയും നിലനിര്‍ത്താന്‍ ഇവര്‍ക്കു കഴിയുമോയെന്നതാണ് മറ്റൊരു ചോദ്യം.
ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, ഏകദിനത്തില്‍ മാത്രമാണു മത്സരരംഗത്തുള്ളത്. ലോകകപ്പില്‍ കൂടി കളിച്ചു കപ്പുമായി രാജകീയ മടക്കമാണ് ഇരുവരുടെയും സ്വപ്‌നം. യുവതാരങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇരുവരുടെയും പ്രായം തന്നെയാണ് പ്രധാന തടസമായി കാണുന്നത്. ഇരുവരും 36 വയസ് പിന്നിട്ടു. ക്രിക്കറ്റര്‍മാരെ സംബന്ധിച്ച് കളി മതിയാക്കാനുള്ള മികച്ച സമയം. കോലിക്കു 36, രോഹിത്തിന് 38 എന്നിങ്ങനെയാണു പ്രായം. ലോകകപ്പ് സമയത്ത് കോലിക്കു 38 വയസും രോഹിത്തിനു നാല്‍പതുമാകും. നിര്‍ണായക ടൂര്‍ണമെന്റില്‍ ഈ പ്രായത്തില്‍ ഇരുവരെയും കളിക്കിറക്കുന്നത് ‘റിസ്‌ക്’ തന്നെയാണെന്നാണു വിലയിരുത്തല്‍.
അടുത്ത ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ഏകദിന മത്സരങ്ങള്‍ കുറവാണ്. 27 ഏക ദിനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മുമ്പിലുള്ളത്. ഇരുവര്‍ക്കും തങ്ങളുടെ ഫോം നിലനിര്‍ത്തി പോകാനുള്ള സമയം കുറവാണ്. താളവും സ്ഥിരതയും നിലനിര്‍ത്തുകയെന്നത് ഇരുവര്‍ക്കും കടുപ്പമാകും. കഴിഞ്ഞ ട്വന്റി 20യില്‍ രോഹിത്തിന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. ട്വന്റി 20 അടക്കമുള്ള ഫോര്‍മാറ്റുകളില്‍ ഇവര്‍ കളി തുടര്‍ന്നിരുന്നെങ്കില്‍ ‘ടച്ച്’ നഷ്ടപ്പെടാതിരിക്കുമായിരുന്നു.
ശുഭ്മാന്‍ ഗില്ലിനു കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടില്‍ കാഴ്ചവച്ചത്. പരിക്കും പരിചയമില്ലാത്ത പിച്ചുമായിട്ടും സമനില പിടിച്ചത് ചില്ലറക്കാര്യമല്ല. തോല്‍ക്കുമെന്നു കരുതിയ അവസാന മത്സരത്തില്‍ അഭിമാനകരമായ തിരിച്ചുവരവാണു നടത്തിയത്. ഏകദിനത്തിലും സമാനമായ യുവനിരയാണ് ഇനി ആവശ്യം. പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ ആവശ്യത്തിനു സമയവു മുന്നിലുണ്ട്.
ഏകദിനത്തില്‍ കോലിയും രോഹിത്തും മോശം പ്രകടനമായിരുന്നില്ല കാഴ്ചവച്ചത്. കോലി 14,000 റണ്‍സും രോഹിത്ത് 11,000 റണ്‍സും നേടി. ഒരു പതിറ്റാണ്ടായി ഇന്ത്യന്‍ ബാറ്റിംഗിന്റെ മൂലക്കല്ലാണ് ഇരുവരും. പരിചയവും വലിയ ടൂര്‍ണമെന്റിലെ സമ്മര്‍ദം അതിജീവിക്കല്‍ എന്നിവയുടെ കാര്യത്തിലും മാറ്റി നിര്‍ത്താനാകില്ല.
പക്ഷേ, ഭാവിയുടെ കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പോര, കൃത്യമായ റോഡ് മാപ്പ് ആവശ്യമാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. രോഹിത്തും കോലിയുമായുള്ള ചര്‍ച്ചകള്‍ അത്യാവശ്യമാണ്. എന്നാല്‍, അതൊരിക്കലും ഇരുവരുടെയും ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.
rohit-captaincy-odi-team-selection-bcci






