ദുര്‍ഗാ പൂജയ്ക്കിടെ ഇസ്ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ നേതാവ്; കൈയടിച്ച് മമത; വിമര്‍ശനവുമായി ബിജെപി

കൊല്‍ക്കത്ത: ബംഗാളില്‍ ദുര്‍ഗാപൂജയ്ക്കിടെ ഇസ്‌ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി പാട്ടിന് കയ്യടിക്കുകയും ചെയ്തു. രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി.
ഹൃദയത്തില്‍ കാഅബ, കണ്‍കളില്‍ മദീന എന്നാണ് ഈ വരികളുടെ അര്‍ഥം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗാനം ആലപിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര. കഴിഞ്ഞ ബുധനാഴ്ച ഭൊവാനിപുരില്‍ ദുര്‍ഗ പൂജ പന്തല്‍ ഉദ്ഘാടനത്തിനിടെയാണ് സംഭവം. പാടിത്തീരുന്നതുവരെ മുഖ്യമന്ത്രി മമത ബാനര്‍ജി കയ്യടിക്കുന്നതും കാണാം. ബംഗാളില്‍ സനാതന ധര്‍മത്തെയും വിശ്വാസത്തെയും ഇല്ലാതാക്കുന്നത് ഇങ്ങനെയാണെന്ന് ബി.ജെ.പി. വക്താവ് അമിത് മാള്‍വ്യ ആരോപിച്ചു.
ഹിന്ദുത്വത്തിലെ ശക്തിക്കെതിരെ പോരാടണമെന്ന് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞു. നവരാത്രി സമയത്ത് അതിന് തുടക്കമിട്ടു എന്നുവേണം കരുതാനെന്ന് സുധാംശു ത്രിവേദിയും വിമര്‍ശിച്ചു. പ്രീണന രാഷ്ട്രീയത്തിന്‍റെ എല്ലാ പരിധികളും കടന്നുവെന്നും ഇന്ത്യ സഖ്യം മറുപടി പറയണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെടുന്നു.






