Breaking NewsIndiaNEWSNewsthen Specialpolitics

ഇന്ന് വോട്ടർ പട്ടികയിൽ നിന്നാണ് പേരുവെട്ടിയതെങ്കിൽ നാളെ റേഷൻ കാർഡുകളിൽ നിന്നാകാം!! ഫാസിസ്റ്റ് ഭരണകൂടം എല്ലാ അട്ടിമറിക്കാമെന്ന് കരുതുമ്പോൾ ആ ചിന്തകൾക്ക് മുകളിലൂടെ പ്രതിരോധത്തിന്റെ ജനസാഗരവുമായി നിൽക്കുന്ന രാഹുൽ ഗാന്ധി…

ബീഹാറിന്റെ തെരുവോരങ്ങളിൽ രാഹുലിനെ കാത്തു നിന്നിരുന്നത് ഹൃദയം തൊടുന്ന കാഴ്ചകൾ ആയിരുന്നു. പ്രായമായ സ്ത്രീകൾ മുതൽ കുട്ടികൾ വരെ രാഹുൽ ഗാന്ധിയെ കാണാനായി റോഡിന്റെ ഇരുഭാഗത്തും തിങ്ങി നിൽക്കുന്നു. അകാരണമായി വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കപ്പെട്ട മനുഷ്യർ, ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടും തൊഴിലില്ലായ്മ കാരണം വീട്ടിലിരിക്കേണ്ടിവരുന്ന യുവാക്കൾ, വിലക്കയറ്റത്തിൽ പൊറുതിമുട്ടിനിൽക്കുന്ന വീട്ടമ്മമാർ ഇങ്ങനെ തടിച്ചുകൂടിയ എല്ലാ മനുഷ്യരുടെയും ഉള്ളിലെ പ്രതീക്ഷയുടെ പേരായിരുന്നു രാഹുൽ ഗാന്ധി എന്നത്. രാഹുലിനോട് സംസാരിക്കാൻ അവർക്ക് ആർക്കും യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല, കാരണം നമ്മുടെ വീട്ടിലെ ഒരാൾ എന്ന തോന്നലാണ് അവർക്കെല്ലാം രാഹുൽ സമ്മാനിച്ചത്. തന്റെ അടുത്തേക്ക് ഓടിയെത്തുന്ന ചെറിയ കുട്ടികളോടും തനിക്കുനേരെ മുർദാബാദ് വിളിച്ചു പ്രതിഷേധിക്കുന്ന ബിജെപി പ്രവർത്തകരോടും രാഹുലിന് ഒരേ സമീപനമാണ്. ഇരു കൂട്ടർക്കും രാഹുൽ വാഗ്ദാനം ചെയ്യുന്നത് മിഠായികളാണ്, അയാൾ അടിമുടി ഒരു സ്നേഹത്തിന്റെ കടയായി മാറുന്ന കാഴ്ച. പ്രഹസനങ്ങളോ നേതാവെന്ന ഭാവമോ രാഹുലിൽ കാണാൻ കഴിയുന്നില്ല എന്നത് തന്നെയാണ് അയാളുടെ ഏറ്റവും വലിയ വിജയവും.

നവമാധ്യമങ്ങൾ തുറന്നാൽ അവിടെയെല്ലാം ഇപ്പോൾ രാഹുൽ ഗാന്ധിയാണ്. സത്യത്തെ ഒരുപാട് കാലം മൂടി വയ്ക്കാൻ ആകില്ല എന്ന വാചകത്തെ ശരിവെക്കുന്നതാണ് നിലവിൽ രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുവാക്കളായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസസ് ഒന്നില്ലാതെ രാഹുൽ ഉയർത്തിയ വോട്ട് മോഷണം ആരോപണമാണ് സംസാരിക്കുന്നത്. വർഷങ്ങൾക്കു മുന്നേ രാഹുൽ നടത്തിയ പല പ്രസംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആവുകയാണ്. ഇന്ത്യയിലെ യുവാക്കൾക്ക് അവരുടെ ഭാഷയിൽ സംസാരിക്കുന്ന അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്ന ഒരു നേതാവിനെ ആവശ്യമുണ്ടായിരുന്നു, അവിടേക്കാണ് ഭാരത് ജോഡോയുമായി രാഹുൽ കടന്നുവന്നത്. ചുരുക്കം പറഞ്ഞാൽ ഒരു പുതിയ രാഹുലിനെ ആണ് രാജ്യം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

Signature-ad

രാഹുലിന്റെ പോരാട്ടങ്ങൾ കോൺഗ്രസിന് വേണ്ടിയോ ഇന്ത്യ മുന്നണിക്ക് വേണ്ടിയുള്ളതോ അല്ല. ഇന്നാട്ടിലെ ഏറ്റവും സാധാരണക്കാരന് വേണ്ടിയാണ് രാഹുൽ പോരാടുന്നത്. രാഹുൽ തന്നെ വാക്കുകളിൽ പറഞ്ഞാൽ വോട്ടർ പട്ടികയിൽ നിന്നും സാധാരണക്കാരുടെ പേര് വെട്ടിമാറ്റുന്നവർ നാളെ റേഷൻ കാർഡുകളിൽ നിന്നും നമ്മുടെയൊക്കെ പേരു വെട്ടിമാറ്റും. അതിനെതിരെയാണ്, ഇന്നാട്ടിലെ ഓരോ മനുഷ്യന്റെയും അവകാശങ്ങൾക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധി പോരാട്ടം നയിക്കുന്നത്. ഇന്ത്യയെന്ന മഹത്തായ ആശയം നശിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് അയാൾ ഈ രാജ്യത്തിന്റെ തെരുവിൽ കൂടി നിരന്തരം നടക്കുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ രാജീവിന്റെ മകന്, ഇന്ദിരയുടെ പേരമകന് ഈ രാജ്യം തകരുന്നത് കണ്ടു നിൽക്കാൻ ഒരിക്കലും കഴിയില്ലല്ലോ.

രാഹുലിന്റെ പോരാട്ടത്തിന്റെ പ്രാധാന്യം ഈ രാജ്യത്തിന് മനസ്സിലായത് കൊണ്ടാണ് ഈ രാജ്യം ഒന്നടങ്കം അയാൾക്കൊപ്പം പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്നലെ രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോട് തർക്കസ്വരത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രതികരിച്ചത് ശരിയായില്ലെന്ന് ഈ രാജ്യത്തോട് വിളിച്ചു പറഞ്ഞത് ഈ രാജ്യത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻമാരായിരുന്നു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച തെക്കൻ കോൺകേവിലായിരുന്നു ഇവരുടെ പ്രതികരണം. നിലവിൽ രാഹുലിന്റെ ആരോപണത്തോടുള്ള കമ്മീഷന്റെ പ്രതികരണം വോട്ടർ പട്ടികയെക്കുറിച്ചും ജനങ്ങൾക്കിടയിൽ സംശയം ഉയർത്താൻ മാത്രമേ സഹായിക്കുകയുള്ളൂ എന്നായിരുന്നു രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായിരുന്ന എസ് വൈ ഖുറേഷി, ഓ പി റാവത്ത് മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവസ എന്നിവർ പറഞ്ഞത്. രാഹുൽ ഗാന്ധിയോട് തർക്കിക്കുന്നതിനു പകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു വേണ്ടതെന്നും ഇവർ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറക്കരുത്, അദ്ദേഹം ഒരു കാര്യം ഉന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം ആകുന്നില്ല മറിച്ച് രാജ്യത്തെ കോടിക്കണക്കിന് പേരുടെ ശബ്ദമാണ് എന്ന എസ് വൈ ഖുറേഷിയുടെ വാക്കുകൾ ഈ വിഷയത്തിന്റെ ഗുരുതര സ്വഭാവത്തെ അടിവരടുന്നു.

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ മുതൽ ഏറ്റവും സാധാരണക്കാരനായ മനുഷ്യൻ വരെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് വേണ്ടി സംസാരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം എല്ലാ അട്ടിമറിക്കാം എന്ന് കരുതുമ്പോൾ ആ ചിന്തകൾക്ക് മുകളിലൂടെ പ്രതിരോധത്തിന്റെ ജനസാഗരവുമായി നിൽക്കുകയാണ് രാഹുൽ ഗാന്ധി. ഭാരത് ജോടോ മുതൽ ഇങ്ങോട്ട് രാഹുലിന്റെ അടുത്തേക്ക് ചെല്ലുന്ന ഓരോ മനുഷ്യനിലും രാഹുൽ നമ്മുടെ വീട്ടിലെ ഒരാളാണെന്ന് തോന്നൽ ഉണ്ടാവുന്നുണ്ട്, ഒരു നേതാവ് എന്ന നിലയിൽ രാഹുൽ കൈവരിച്ച പകത്വയെയാണ് അത് സൂചിപ്പിക്കുന്നത്. ഡൽഹി കൂട്ട ബലാൽസംഗത്തിനിരയായ നിർഭയയുടെ അമ്മ ഏതാനും വർഷങ്ങൾക്കു മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത് നിങ്ങൾ ഓർക്കുന്നില്ലേ ? ”എന്റെ മകൻ ഇപ്പോൾ പൈലറ്റ് ആണ്, അവനെ പൈലറ്റ് ആക്കിയത് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം സാധ്യമായ എല്ലാ രീതിയിലും സഹായിച്ചു ” രാഹുൽ ഗാന്ധിയിലെ മനുഷ്യനെ ഈ രാജ്യത്തിന് എന്താണെന്ന് കാട്ടികൊടുക്കുന്നതായിരുന്നു അമ്മയുടെ ഈ വെളിപ്പെടുത്തൽ. പി ആർ വർക്കുകളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയങ്ങളുടെയും കാലത്ത് ഒരു രാഹുൽ ഗാന്ധി ഉണ്ടാകുക എന്നത് ഒരു വലിയ പ്രതീക്ഷ തന്നെയാണ്.

വോട്ടു മോഷണം എന്ന മഞ്ഞു മലയുടെ ഒരറ്റം മാത്രമേ നമ്മൾ ഈ നിമിഷം വരെയും കണ്ടിട്ടുള്ളൂ, ബാക്കിയുള്ള ഭാഗങ്ങൾ ഉടൻ തന്നെ രാഹുൽ ഈ രാജ്യത്തിന് മുന്നിൽ അനാവൃതം ചെയ്യും. അതായത് വരും ദിവസങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നിനാണ്. കേവലം കോൺഗ്രസുകാരോ ഇന്ത്യ മുന്നണിക്കാരോ മാത്രമല്ല രാഹുലിന് പിന്നിലുള്ളത്, ഈ രാജ്യത്തെ ഇങ്ങനെ തന്നെ കാണാൻ ആഗ്രഹിക്കുന്ന കോടിക്കണക്കിന് വരുന്ന ജനാധിപത്യ സ്നേഹികൾ കൂടിയാണ്. നമ്മുടെ രാജ്യത്തിന് വേണ്ടി, രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടി, എന്റെയും നിങ്ങളുടെയും വോട്ട് അവകാശം മുതൽ റേഷൻ കാർഡ് വരെ സംരക്ഷിക്കാനായി ഒരാൾ പോരാടുമ്പോൾ നമ്മൾക്ക് എങ്ങനെയാണ് അതിൽ നിന്നും മാറി നിൽക്കാനാവുക എന്ന സോഷ്യൽ മീഡിയയിലെ യുവജനങ്ങളുടെ ചോദ്യം തന്നെയാണ് ഈ രാജ്യം മുഴുവൻ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്.

രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആവുമോ എന്നതിനേക്കാളും നമ്മൾ സംസാരിക്കേണ്ടത് ഭരണകൂടം ഈ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെ മുഴുവൻ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ പോരാടാൻ നമുക്ക് മുന്നിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയെ പറ്റിയാണ്. സാധാരണക്കാരന്റെ ഭാഷ സംസാരിച്ച്, അവരെ ചേർത്തുപിടിച്ച്, അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി, നമ്മുടെ വീട്ടിൽ ഒരാളായി രാഹുൽ മുന്നോട്ടു തന്നെ പോകട്ടെ….. നീതിക്കുവേണ്ടി തെരുവോരങ്ങളിൽ അയാൾ കാൽനടയായി നീങ്ങുമ്പോൾ, ബീഹാറിൽ കണ്ടതുപോലെ വീടുകളിൽ നിന്ന് ഈ രാജ്യം ഒന്നടങ്കം അയാളെയും കാത്ത് റോഡിന്റെ ഇരുവശങ്ങളിലും ഉണ്ടാകും…..

Back to top button
error: