രാഹുല്‍ മാങ്കൂട്ടത്തിനെ ഗര്‍ഭം കലക്കിയാക്കി വിക്കി പീഡിയ പേജ്; മലയാളം പ്രൊഫൈല്‍ പേജ് എഡിറ്റ് ചെയ്ത് അജ്ഞാതര്‍; പദവിയുടെ മുന്‍ഗാമി എന്ന വിഭാഗത്തില്‍ ഷാഫി പറമ്പിലിനും അധിക്ഷേപം

തിരുവനന്തപുരം: ഒന്നിലേറെ ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കഠിനമായി അധിക്ഷേപിച്ച് വിക്കിപീഡിയ പേജ് അജ്ഞാതര്‍ എഡിറ്റ് ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈല്‍ പേജിലാണ് എഡിറ്റ് നടന്നിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേരിനൊപ്പം ‘ഗര്‍ഭം കലക്കി’ എന്നുകൂടി ചേര്‍ത്തിരിക്കുന്നു. നിയമസഭാംഗം എന്നാണ് പദവി.
പദവിയുടെ താഴെ മുന്‍ഗാമി എന്ന സ്ഥാനത്ത് ഷാഫി പറമ്പിലിന്റെ പേരുണ്ട്. അതിനൊപ്പം ‘വലിയ കോഴി’ എന്നും ചേര്‍ത്തു. മറ്റ് വിവരങ്ങളെല്ലാം മുന്‍പുള്ളതുപോലെ തന്നെയാണ്. രാഹുലിനോട് കടുത്ത വിരോധമുള്ളവരാണ് എഡിറ്റിന് പിന്നിലെന്ന് വ്യക്തം.
ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ കഴിയുന്ന പ്ലാറ്റ്ഫോം ആണ് വിക്കിപീഡിയ. റജിസ്ട്രേഡ് യൂസര്‍മാര്‍ക്കും റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും കണ്ടന്റ് എഡിറ്റ് ചെയ്യാന്‍ കഴിയുമെന്ന വിക്കിപീഡിയ തന്നെ പറയുന്നു. ഇവരെ വിക്കിപീഡിയന് എന്നോ എഡിറ്റര്‍ എന്നോ ആണ് വിളിക്കാറ്. ചിലയിനം കണ്ടന്റ് എഡിറ്റ് ചെയ്യാന്‍ പ്രത്യേക പെര്മിഷന് ആവശ്യമുണ്ട്. രാഹുലിനെക്കുറിച്ചുള്ള പേജില്‍ രണ്ടോമൂന്നോ വാക്കുകള്‍ മാത്രമാണ് മാറ്റിയിട്ടുള്ളത്.
യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം, നിര്‍ബന്ധിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചുവെന്ന ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേജില്‍ വരുത്തിയ മാറ്റത്തിന് ആധാരമെന്ന് വ്യക്തം. ഇക്കാര്യത്തില്‍ എം.എൽ.എയ്ക്കെതിരെ വന്ന നടപടികളിൽ എ ഗ്രൂപ്പിന് രോഷമുണ്ടെന്നാണ് വിവരം. കടുത്ത അച്ചടക്കനടപടി കുറ്റം ശരിവയ്ക്കും പോലെ മാറിയെന്നും മുന്നണിയില്‍ വിമർശനമുണ്ട്.
സമാന ആരോപണങ്ങൾ നേരിടുന്ന സി.പി.എം നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകുന്നത് തുടരാനും രാഹുൽ ക്യാംപ് തീരുമാനിച്ചു. അന്വേഷണം നടക്കും മുൻപ് വിധി കൽപ്പിക്കേണ്ടെന്ന് പ്രസ്താവനയുമായി കെ. മുരളീധരനും മുൻ നിലപാട് മയപ്പെടുത്തി. കാളപെറ്റെന്ന് കേട്ടപ്പോൾ തന്നെ കയറെടുത്തു എന്നാണ് രാഹുൽ വിഷയത്തിൽ എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നത്. രാഹുലിനെതിരായ ആരോപണങ്ങളിൽ അതിജീവിതകളില്‍ ആരും പരസ്യമായി രംഗത്തുവരികയോ പരാതി നൽകുകയോ ചെയ്തില്ല.
പൊലീസ് കേസെടുത്തത് മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനക്ക് ശേഷമാണ്. ഈ സാഹചര്യത്തിൽ കടുത്ത നടപടികൾ ഒഴിവാക്കാമായിരുന്നു എന്നാണ് എ ഗ്രൂപ്പിന്റെ വാദം. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ശബ്ദരേഖ വിവാദത്തിലും സ്വാഭാവിക നീതി നടപ്പായില്ലെന്ന് എ ഗ്രൂപ്പ് വിമർശിക്കുന്നു. രാഹുലിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട കെ. മുരളീധരനും നിലപാട് മയപ്പെടുത്തിയതും അടൂർ പ്രകാശ് പിന്തുണച്ചതും പാർട്ടിക്കുള്ളിലെ മറുചർച്ചകളുടെ പ്രതിഫലനമായി. നിയമസഭ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണമെന്ന അഭിപ്രായമാണ് എ ഗ്രൂപ്പിന്.
അതേസമയം കടകംപള്ളി മോഡൽ പരാതികൾ തുടരാനാണ് കോൺഗ്രസ് കാംപുകളുടെ തീരുമാനം. കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ പരാതി നൽകിയത് കോൺഗ്രസ് പ്രാദേശിക നേതാവാണ്. പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് പഴയ ആരോപണങ്ങൾ കോൺഗ്രസ് കുത്തിപ്പൊക്കുന്നത്.






