ഈ ടീമിനെ വച്ച് ടി20 ലോകകപ്പ് ജയിക്കാമെന്ന് കരുതുന്നുണ്ടോ? ആറുമാസം മാത്രം സമയമുള്ളപ്പോള്‍ ഇങ്ങനെയാണോ ഒരുക്കം? ഏഷ്യകപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ സെലക്ടര്‍മാരെ വിമര്‍ശിച്ച് ക്രിസ് ശ്രീകാന്ത്

ന്യൂഡല്‍ഹി: 2026ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ സംശയമുന്നയിച്ച് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ ക്രിസ് ശ്രീകാന്ത്. ഏഷ്യ കപ്പിനു മുന്നോടിയായുള്ള തയാറെടുപ്പുകളും ടീം പ്രഖ്യാപനവും വന്നതിനു പിന്നാലെയാണ് അന്തര്‍ദേശീയ തലത്തില്‍ മത്സരത്തിന് ഈ തയാറെടുപ്പുകള്‍ മതിയാകുമോ എന്ന സംശയം ഉന്നയിച്ചിട്ടുള്ളത്. ടീമിന്റെ ബാലന്‍സിംഗും തെരഞ്ഞെടുപ്പു രീതിയുമാണ് ശ്രീകാന്ത് വിമര്‍ശിച്ചത്.
‘നമുക്ക് ഒരുപക്ഷേ, ഏഷ്യ കപ്പ് ഈ ടീമിനെ ഉപയോഗിച്ചു ജയിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ലോകകപ്പ് പോലുള്ള വമ്പന്‍ രാജ്യങ്ങള്‍ ഇറങ്ങുന്ന മത്സരത്തിന് അനുയോജ്യമാണോ എന്നു പരിശോധിക്കണം. ലോകകപ്പ് എടുക്കണമെന്ന് ഉദ്ദേശിച്ച് ഇതേ ടീമിനെത്തന്നെയാണോ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്? ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനുവേണ്ടിയുള്ള തയാറെടുപ്പ് ഇങ്ങനെയാണോ വേണ്ടത്? എന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു.
ടീമിന്റെ വൈസ് ക്യാപ്റ്റനായിട്ടു ശുഭ്മാന്‍ ഗില്ലിന്റെ നിയമനമാണ് ശ്രീകാന്ത് പ്രധാനമായും ചോദ്യം ചെയ്യുന്നത്. 2024 ജൂലൈയില്‍ ശ്രീലങ്കയുമായുള്ള ടി20 മത്സരത്തില്‍ കളിച്ചു. അക്‌സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍നിന്നു നീക്കി. ഇംഗ്ലണ്ടിനെതിരായ സീരീസില്‍ പോലും അക്‌സര്‍ ആ പദവിയിലുണ്ടായിരുന്നു. റിങ്കു സിംഗ്, ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തിയതും ശ്രീകാന്ത് വിമര്‍ശിക്കുന്നു. 2025 ഐപിഎല്ലില്‍ റിങ്കു നിരാശപ്പെടുത്തി. 13 മത്സരങ്ങൡനിന്ന് 206 റണ്‍സാണ് ആകെ എടുത്തത്. 14 കളികളില്‍നിന്ന് 357 റണ്‍സാണ് ദുബെ എടുത്തത്. അദ്ദേഹത്തിന്റെ നില ഇപ്പോഴും വെല്ലുവളിയുള്ളതാണ്. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരമാണ് ഹര്‍ഷിത് റാണയെ എടുത്തത്. പ്രസിദ്ധിന് കഴിഞ്ഞ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ലഭിച്ചിരുന്നു. ഏറ്റവും അടുത്തു നടന്ന മത്സരങ്ങളിലെ ഫോം ആയിരിക്കണം തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടത്. അവര്‍ കുറച്ചു നാള്‍ മുമ്പ് കളിച്ചിരുന്നു എന്നതിനു പ്രധാന്യമില്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു.
‘സെലക്ടര്‍മാര്‍ ഒരു ചുവടു പിന്നോട്ടു വച്ചോ എന്നതാണ് എന്റെ സംശയം. റിങ്കു, ദുബെ, ഹര്‍ഷിത് എന്നിവരെ ടീമിലെടുത്തു. ഐപിഎല്ലിന്റെ ജയപരാജയം നിര്‍ണയിക്കുന്നതുതന്നെ ടീം സെലക്ഷനിലാണ്. പണ്ടു കളിച്ചു എന്നതാണ് ഇക്കുറി തെരഞ്ഞെടുപ്പിനു മാനദണ്ഡമാക്കിയതെന്നാണു സംശയം’- ശ്രീകാന്ത് പറഞ്ഞു.
ഇന്ത്യയുടെ മധ്യനിരയെക്കുറിച്ചും ശ്രീകാന്ത് സംശയിക്കുന്നു. അഞ്ചാം നമ്പരില്‍ ആരു കളിക്കുമെന്നതില്‍ അവ്യക്തതയുണ്ട്. ജെയ്‌സ്വാളിനെയാണ് ദുബെയെക്കാള്‍ ഈ നമ്പരിലേക്ക് ഇറക്കേണ്ടത്. അദ്ദേഹത്തിന്റെ പ്രകടനവും കഴിവും അത്രത്തോളമുണ്ട്. സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരെയാണ് അഞ്ചാം നമ്പരില്‍ പരിഗണിക്കുന്നത്. അക്‌സറിന് ആറാം നമ്പര്‍ നല്‍കുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ദുബെ എങ്ങനെയാണു തെരഞ്ഞെടുക്കപ്പെട്ടത് എന്നത് ആശ്ചര്യപ്പെടുത്തുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലും ഐപിഎല്ലിലും ജെയ്‌സ്വാള്‍ ആണ് മികച്ച പ്രകടനം പുറത്തെടുത്തത്- ശ്രീകാന്ത് പറഞ്ഞു.
No chance of winning ICC T20 World Cup 2026”: Former selector questions India’s readiness the global tournament






