ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയും മതം മാറുകയുമൊക്കെ ചെയ്യുന്നതിന് പ്രതിവിധി ; മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് ബിജെപി എംഎല്‍എ

ചണ്ടീഗഡ്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയും മതം മാറുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തില്‍ അതിന് പരിഹാരം നിര്‍ദേശിച്ച് ഹരിയാനയില്‍ ബിജെപി എംഎല്‍എ. മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന പ്രസ്താവന നടത്തിയിരിക്കുന്നത് ഹരിയാനയിലെ ബിജെപി എംഎല്‍എ റാം കുമാര്‍ ഗൗതമാണ്.
നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമാണ് എന്നാണ് എംഎല്‍എ പറയുന്നത്. ”ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയാണ്. മക്കള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.” റാം കുമാര്‍ ഗൗതം നിയമസഭയില്‍ പറഞ്ഞു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് ആവശ്യമാണെന്ന് സഫിദോണ്‍ എംഎല്‍എ ചൊവ്വാഴ്ച ഹരിയാന നിയമസഭയില്‍ ശൂന്യവേളയില്‍ പറഞ്ഞു. 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജെജെപി വിട്ട് ബിജെപിയില്‍ ചേര്‍ന്ന അംഗമാണ് ഇദ്ദേഹം.
ശൂന്യവേളയില്‍ സംസാരിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍, സ്പീക്കര്‍ ഹര്‍വിന്ദര്‍ കല്യാണ്‍ അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും ഗൗതം തുടര്‍ന്ന് സംസാരിക്കാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ സ്പീക്കര്‍ അദ്ദേഹത്തെ തടഞ്ഞു. ”ഇതിനപ്പുറം എന്തെങ്കിലും പറയാനുണ്ടെങ്കില്‍, നിങ്ങള്‍ ഒരു നോട്ടീസ് നല്‍കുക, അതിനു വേണ്ടത് ഞാന്‍ ചെയ്യാം.” കല്യാണ്‍ പറഞ്ഞു.






