Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld
Trending

എവിടെനിന്നാണ് റഷ്യക്കു യുദ്ധത്തിനുള്ള പണം? ട്രംപും യൂറോപ്യന്‍ യൂണിയനും മനസില്‍ കണ്ടപ്പോള്‍ മാനത്തു കാണുന്ന പുടിന്‍; എണ്ണ വില്‍പനയിലൂടെയുള്ള പണം കേവലം ‘ബോണസ്’; യുക്രൈനിന്റെ വിഭവങ്ങള്‍ ശോഷിക്കുമ്പോള്‍ റഷ്യ ‘ഫുള്‍ഫോമില്‍’ തന്നെ

ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാര്‍ യുക്രൈനാണ്. എന്നാല്‍, റഷ്യ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന നാല്‍പതു രാജ്യങ്ങളുടെ പട്ടികയില്‍പോലുമില്ല. ആയുധങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വന്‍ ശേഖരമാണ് റഷ്യക്കുള്ളത്.

മോസ്‌കോ: അമേരിക്കയുടെ പോളിസി സര്‍ക്കിളുകളില്‍നിന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്ന വാചകമാണ് ‘യുക്രൈനുമായുള്ള യുദ്ധത്തിനു റഷ്യക്കു പണം നല്‍കുന്നത് ഇന്ത്യ’യാണ് എന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യമെന്ന നിലയില്‍ ഇക്കാര്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാനും അമേരിക്കയ്ക്കു കഴിയുന്നുണ്ട്. 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ നയം വരുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍, അമേരിക്കയും യുറോപ്യന്‍ യൂണിയന്‍ അടക്കമുള്ള രാജ്യങ്ങള്‍ അപൂര്‍വ മൂലകങ്ങളും ഗ്യാസും എണ്ണയും റഷ്യയില്‍നിന്നു വാങ്ങുന്നു എന്നതു മറച്ചുവച്ചുകൊണ്ടാണ് ഈ പ്രചാരണമെന്നതും ശ്രദ്ധേയമാണ്.

യഥാര്‍ഥത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിനുള്ള പണം റഷ്യക്കു ലഭിക്കുന്നത് എവിടെനിന്നാണ്? പടിപടിയായി യുക്രൈനെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന റഷ്യക്ക് എണ്ണ മാത്രമല്ല അതിനുള്ള മൂലധനം. റഷ്യയുമായി എണ്ണക്കച്ചവടം നടത്തുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ എന്തൊക്കെ വിലക്കു കൊണ്ടുവന്നാലും അതൊന്നും റഷ്യയുടെ യുദ്ധത്തെ ബാധിക്കില്ലെന്നതാണ് സത്യം. കാരണം എണ്ണ മുന്നില്‍ കണ്ടല്ല റഷ്യ യുദ്ധമാരംഭിച്ചത്. യുക്രൈനെതിരേ എത്രനാള്‍ യുദ്ധം നീണ്ടാലും അതിനുള്ള പണം ആഭ്യന്തര വിപണിയില്‍ ഉറപ്പാക്കിയിട്ടാണ് റഷ്യ ആ പണിക്കിറങ്ങിയത്.

Signature-ad

പെട്രോളിയം ഉത്പന്നങ്ങള്‍ ഖനനം ചെയ്യുന്ന, കയറ്റുമതി ചെയ്യുന്ന ലോകത്തെ മുന്‍നിര രാഷ്ട്രമല്ല റഷ്യ. 2022 മുതല്‍ റഷ്യ സുഹൃദ് രാജ്യങ്ങളുമായി ഡിസ്‌കൗണ്ട് വിലയില്‍ എണ്ണ നല്‍കുന്നുണ്ട്. 2024ല്‍ റഷ്യക്ക് എണ്ണ, ഗ്യാസ് വില്‍പനയിലൂടെ ലഭിച്ചത് 235 ബില്യണ്‍ ഡോളറാണ്. ഇതില്‍ ഇന്ത്യയുടെ വിഹിതം 52.73 ബില്യണും. ഇന്ത്യയുടെ പണമാണ് യുക്രൈന്‍ യുദ്ധത്തിന്റെ മൂലധനമെന്നു പറയുമ്പോള്‍ യഥാര്‍ഥത്തില്‍ നല്‍കിയിരിക്കുന്നത് അഞ്ചിലൊന്നു വിഹിതം മാത്രമാണ്. റഷ്യയുടെ ബജറ്റ് ചെലവുകളില്‍ എണ്ണ വില്‍പനയെന്നത് കേവലം 30 ശതമാനം മാത്രമാണ്. യുദ്ധത്തിനടക്കം റഷ്യക്ക് മറ്റു വരുമാനങ്ങളിലൂടെ പണം കണ്ടെത്താന്‍ കഴിയുന്നുണ്ട് എന്നതാണിതു വ്യക്തമാക്കുന്നത്.

നിരവധി മാര്‍ഗങ്ങളിലൂടെയാണ് റഷ്യ യുദ്ധമടക്കമുള്ള കാര്യങ്ങള്‍ക്കു പണം കണ്ടെത്തുന്നത്.

ഒന്ന്.

യുക്രൈനെതിരായ യുദ്ധത്തിന്റെ പദ്ധതികള്‍ ആരംഭിച്ചത് നാം അതേക്കുറിച്ച് അറിയുന്നതിനു വളരെ മുമ്പുതന്നെയാണ്. യുദ്ധച്ചെലവിനാവശ്യമായ മുന്‍കരുതലുകളും പുടിന്‍ എടുത്തിരുന്നു. ബജറ്റ്, അവശ്യസാമഗ്രികളുടെ പോക്കുവരവുകള്‍ എന്നിവയെല്ലാം യുദ്ധ നയതന്ത്രത്തിന്റെ ഭാഗമായി ഉറപ്പാക്കി. യുദ്ധത്തില്‍ റഷ്യന്‍ സമ്പദ്‌രംഗം മന്ദീഭവിച്ചെങ്കിലും സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. സുദീര്‍ഘമായ യുദ്ധം റഷ്യയുടെ ഏതെങ്കിലുമൊരു മേഖലയെ ഇതുവരെ ബാധിച്ചിട്ടില്ല. എന്നാല്‍, സാമൂഹികപ്രതിബദ്ധതയ്ക്കായി മാറ്റിവച്ച തുകയില്‍ കാര്യമായ കുറവുണ്ടായിട്ടുമുണ്ട്. തുടര്‍ച്ചയായ യുദ്ധത്തില്‍ സൈനികര്‍ ക്ഷീണീതരും മാനസികമായി തകര്‍ന്നവരുമായിട്ടുണ്ടെങ്കിലും അതെല്ലാം പൊതുജനങ്ങള്‍ക്കു മുന്നില്‍നിന്നു മറച്ചുവയ്ക്കാനും റഷ്യക്കു കഴിയുന്നുണ്ട്.

രണ്ട്

റഷ്യ യഥാര്‍ഥത്തില്‍ ചെലവുചുരുക്കിയുള്ള യുദ്ധനയതന്ത്രമുള്ള കലഹപ്രിയരായ രാജ്യമാണ്. പുറത്തുനിന്നുള്ള സഹായത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ അതെപ്പോഴും കരുതലെടുത്തിട്ടുണ്ട്. അവര്‍ എപ്പോഴും നാറ്റോയുടെയും അമേരിക്കയുടെയും ആന്റി-റഷ്യ കാമ്പെയ്‌നിന്റെ നിഴലില്‍തന്നെയാണ് കാര്യങ്ങള്‍ കണക്കുകൂട്ടുന്നത്. യുദ്ധ നികുതിയോ യുദ്ധത്തിനായി പ്രത്യേകം മൂലധന സമാഹരണമോ നടത്തിയിട്ടില്ല. എണ്ണ, ഗ്യാസ്, ആയുധങ്ങള്‍ എന്നിവയുടെ കച്ചവടം ഒഴിച്ചാല്‍ റഷ്യയൊരു വലിയ കച്ചവട രാജ്യവുമല്ല. യുദ്ധത്തിനുള്ള ചെലവുകള്‍ ആഭ്യന്തര വിപണിയില്‍നിന്നാണ് റഷ്യ കണ്ടെത്തുന്നത്. മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സി (എംഐസി) നടക്കം വലിയ സബ്‌സിഡികള്‍ നല്‍കിക്കൊണ്ടാണ് അവര്‍ കുറഞ്ഞ ചെലവില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവിലാണ് റഷ്യയിലെ ആയുധ നിര്‍മാണം. അതുകൊണ്ടുതന്നെ സുഹൃദ് രാജ്യങ്ങള്‍ക്ക് വിലക്കുറവില്‍ അവ വില്‍ക്കാനും റഷ്യക്കു കഴിയുന്നു.

മൂന്ന്.

യുദ്ധോപകരണ നിര്‍മാണ വ്യവസായത്തില്‍ റഷ്യക്ക് സ്വയംപര്യാപതതയുണ്ട്. ഏറ്റവും മുന്‍നിര, ഹൈ-ടെക് ആയുധങ്ങളുടെ പ്രധാന കയറ്റുമതിക്കാരും റഷ്യയാണ്. മൂന്നുവര്‍ഷമായി യുദ്ധം തുടരുമ്പോഴും ലോകത്തെ ആയുധക്കയറ്റുമതിയുടെ 7.8 ശതമാനം റഷ്യയില്‍നിന്നാണെന്നു സ്‌റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പറയുന്നു. 2025 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്.

ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാര്‍ യുക്രൈനാണ്. എന്നാല്‍, റഷ്യ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന നാല്‍പതു രാജ്യങ്ങളുടെ പട്ടികയില്‍പോലുമില്ല. ആയുധങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വന്‍ ശേഖരമാണ് റഷ്യക്കുള്ളത്. അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയെ ആശ്രയിക്കേണ്ട സാഹചര്യമേയില്ല. റഷ്യയുടെ യുദ്ധോപകരണ നിര്‍മാണ വ്യവസായം ഇപ്പോഴും മികച്ച നിലയിലാണ്. ആയുധങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതു ചെറിയ കാര്യമല്ല.

149 ബില്യണ്‍ ഡോളറാണ് റഷ്യയുടെ 2024ലെ സൈനിക ചെലവ്. ജിഡിപിയുടെ 7.1 ശതമാനം. 2023ല്‍ ജിഡിപിയുടെ 38 ശതമാനമായിരുന്നു. അതായത് ഇപ്പോഴും 15 ശതമാനംവരെ ജിഡിപിയുടെ വിഹിതം വര്‍ധിപ്പിക്കാന്‍ റഷ്യക്കു കഴിയും. യുക്രൈനിന്റെ യുദ്ധ ബജറ്റ് 64 ബില്യണ്‍ ഡോളറാണ്. ജിഡിപിയുടെ 38 ശതമാനം വരുമിത്. അമേരിക്കയുടേയോ നാറ്റോയുടേയോ സഹായമില്ലാതെ യുക്രൈന് ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. യുദ്ധസാഹചര്യത്തിലെ സാമ്പത്തിക സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ റഷ്യയുമായി യുക്രൈനെ തുലനം ചെയ്യാന്‍ പോലും സാധിക്കില്ല.

ALSO READ ആണവായുധമോ സമാധാനമോ? അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയില്‍; രാജ്യത്തെ വരിഞ്ഞു മുറുക്കി സാമ്പത്തിക നിയന്ത്രണങ്ങള്‍; ജലക്ഷാമം രൂക്ഷം; പവര്‍കട്ടില്‍ വ്യവസായങ്ങള്‍ പൂട്ടിക്കെട്ടുന്നു; വാവിട്ട വാക്കിലൂടെ യുദ്ധത്തിലേക്ക് നയിക്കരുതെന്ന് റവല്യൂഷനറി ഗാര്‍ഡിന്റെ പരസ്യ മുന്നറിയിപ്പ്; ഇറാനില്‍ സംഭവിക്കുന്നത്

ഠ ചത്ത സമ്പദ്‌രംഗമോ?

ഇന്ത്യയെപ്പോലെ മരിച്ച സമ്പദ് രംഗമാണ് റഷ്യയെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാലു ശതമാനത്തിന്റെ സ്ഥിരമായ വളര്‍ച്ച റഷ്യക്കുണ്ട്. നിരോധനങ്ങളും യുദ്ധങ്ങളുമുള്ളപ്പോഴാണിത്. ഭാവിയില്‍ ഇതില്‍ ഇടിവുണ്ടായാല്‍ പോയും യുദ്ധത്തെ ബാധിക്കില്ല. സൈനിക സമ്പത്തിന്റെ വലുപ്പം, യുദ്ധോപകരണ വ്യവസായങ്ങള്‍, കയറ്റുമതി, ലോകത്തിലെ മുന്‍നിര ആയുധനിര്‍മാണ സംവിധാനങ്ങള്‍, യുദ്ധോപകരണ നിര്‍മിതിയില്‍ മുന്‍നിര സാങ്കേതിക വിദ്യ എന്നിവ പരിഗണിച്ചാല്‍ റഷ്യതന്നെയാണ് ലോകത്തെ രണ്ടാമത്തെ സൈനികശക്തിയെന്നു പറയേണ്ടിവരും. അതേസമയം, യുക്രൈനിന്റെ വിഭവങ്ങള്‍ അനുദിനം ചുരുങ്ങുകയുമാണ്.

യുക്രൈനെതിരായ അധിനിവേശമെന്നതു മറ്റൊരു രാജ്യത്തിന്റെ അവകാശങ്ങളെ ഹരനിക്കുന്നതാണ് എന്നതു വസ്തുതയാണ്. പക്ഷേ, അതില്‍ കൃത്യമായ മുന്നൊരുക്കങ്ങളും ഉള്‍പ്പെടുന്നുണ്ട്. എണ്ണയെന്നത് അവര്‍ക്ക് ‘ബോണസ്’ മാത്രമാണ്. അമേരിക്കയും യൂറോപ്യന്‍ യൂണയനുമൊക്കെ റഷ്യയുടെ എണ്ണ വിപണിയെ കേന്ദ്രീകരിച്ചു നടപടിയെടുക്കുകയാണെങ്കില്‍ അതു റഷ്യന്‍ സമ്പദ് രംഗത്തെക്കുറിച്ചുള്ള അജ്ഞതയെത്തുടര്‍ന്നാണ്. അത് രാജ്യാന്തര വിലക്കുണ്ടായാലൊന്നും ഇല്ലാതാകുന്നതല്ല. ഉപരോധങ്ങളിലൂടെ റഷ്യയെ പ്രകോപിപ്പിക്കാന്‍ നില്‍ക്കാതെ ചര്‍ച്ചയിലൂടെ യുക്രൈനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതാകും അഭികാമ്യമെന്ന് ഇന്ത്യയുടെ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസിലെ ഭാരതേന്ദു കുമാര്‍ സിംഗ് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ ഇരട്ടത്താപ്പ്

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചു ട്രംപിന്റെ ആരോപണങ്ങള്‍ ശരിയാകുമ്പോള്‍തന്നെ നിലപാടുകളിലെ ഇരട്ടത്താപ്പും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും മാത്രമല്ല യുക്രൈന്‍ യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സമയത്ത് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും രാസവളത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. എണ്ണ വാങ്ങുന്നെന്നു പറഞ്ഞു ചില രാജ്യങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു.

‘യുക്രൈനിലെ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു’ എന്നു പറയുന്ന അമേരിക്ക, ഗാസയില്‍ കൂട്ടക്കുരുതി നടത്താന്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന രാജ്യമാണ്. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന ആരോപണം ഉയര്‍ത്തിയത് ഐക്യരാഷ്ട്ര സഭയുടെ തലവന്‍തന്നെയാണ്.

ദശകങ്ങളായി ഇന്ത്യക്ക് റഷ്യയുമായി വ്യാപാര ബന്ധങ്ങളുണ്ട്. യുക്രൈന്‍ യുദ്ധമാരംഭിച്ചശേഷമാണ് ഇന്ത്യ കൂടുതലായി എണ്ണ ഇറക്കുമതി ചെയ്തു തുടങ്ങിയത്. യുഎസിന്റെ നേതൃത്വത്തിലുള്ള ജി7 രാജ്യങ്ങള്‍ റഷ്യയില്‍നിന്നുള്ള ഇറക്കുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നല്ലാതെ നിരോധിച്ചിച്ചിട്ടില്ല. ഇക്കാരണം കൊണ്ടുകൂടിയാണ് ഇന്ത്യക്കു വിലക്കുറവില്‍ എണ്ണ നല്‍കാന്‍ റഷ്യ തയാറായതുതന്നെ.

2022-23 കാലത്താണ് റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയര്‍ന്നത്. അതേ സമയം, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കുറയുകയും ചെയ്തു. ആഗോള ഇന്ധന വിപണിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ അമേരിക്ക റഷ്യയില്‍നിന്നുള്ള ഇറക്കുമതിയെ പ്രോത്സാഹിപ്പിച്ചിരുന്നെന്ന വിവരവും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യക്ക് ഇന്ത്യയില്‍നിന്ന് എണ്ണയിലൂടെ കാര്യമായ പണം ലഭിച്ചെന്നു പറയുമ്പോഴും ചൈനയും യൂറോപ്യന്‍ യൂണിയനും ഇതില്‍നിന്നു വിട്ടുനിന്നില്ല. 2022 ഫെബ്രുവരിക്കും 2025 ഓഗസ്റ്റിനും ഇടയില്‍ 922 ബില്യണ്‍ യൂറോയുടെ വരുമാനം റഷ്യക്കുണ്ടായി. ഇതില്‍ 22 ശതമാനം അഥവാ 212 ബില്യണ്‍ യൂറോയും നല്‍കിയത് യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളാണ്.

കഴിഞ്ഞ 14 ദിവസത്തിനിടെ യൂറോപ്യന്‍ യൂണിയന്‍ 43 ദശലക്ഷം യൂറോയുടെ എണ്ണയും റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തു! സെന്റര്‍ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ ആണ് ഈ കണക്കു പുറത്തുവിട്ടത്. ചില ഇയു (യൂറോപ്യന്‍ യൂണിയന്‍) രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നും എണ്ണയുത്പന്നങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ നെതര്‍ലാന്‍ഡ് (19%) ആണ് മുന്നില്‍.

ഠ റഷ്യയില്‍നിന്നുള്ള ആയുധങ്ങള്‍

ആയുധങ്ങള്‍ക്കായി റഷ്യയെ കൂടുതല്‍ സമീപിക്കുന്നു എന്നതാണ് ട്രംപിന്റെ മറ്റൊരു ആരോപണം. എന്നാല്‍, 1990കള്‍ക്കു ശേഷം റഷ്യയില്‍നിന്നുള്ള ആയുധം വാങ്ങല്‍ കാര്യമായി കുറഞ്ഞിട്ടുണ്ട്. പകരം ഫ്രാന്‍സ്, യുകെ എന്നിവയെയാണ് കൂടുതല്‍ ആശ്രയിച്ചത്. വളരെക്കുറച്ച് അളവില്‍ യുഎസില്‍നിന്നും വാങ്ങി. യുക്രൈനില്‍ എത്ര ആളുകള്‍ കൊല്ലപ്പെടുന്നു എന്നതിനെക്കുറിച്ചു ന്യൂഡല്‍ഹി ആലോചിക്കുന്നേയില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍, ഗാസയിലും ഇടയ്ക്ക് ഇറാനിലും യുദ്ധത്തിന് ഇറങ്ങിയ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നത് ആരാണ്? ഓഗസ്റ്റ് അഞ്ചുവരെ 60,933 ആളുകള്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്. ഇതിലേറെയും സാധാരണക്കാര്‍. 1949 മുതല്‍ ഇസ്രയേലിന് 80 ശതമാനം ആയുധങ്ങള്‍ നല്‍കുന്നതും അമേരിക്കയാണ്. 2022 നുശേഷം മുഴുവന്‍ ആയുധങ്ങളും അമേരിക്കയില്‍നിന്നാണു വാങ്ങുന്നത്. അവര്‍ ചെയ്യുമ്പോള്‍ ‘ആഹാ’ എന്നും ഇന്ത്യ ചെയ്യുമ്പോള്‍ ‘ഓഹോ’ എന്ന നിലപാടിനെയാണ് എതിക്കേണ്ടതെന്നാണ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

How Russia finances its war against Ukraine. Oil and gas revenues account only for 30 per cent of Russia’s budget expenditure. Russia has other significant sources for funding its expenditure, including war expenditure. Russia’s war finance is ‘an independent variable’ and largely immune from international sanctions

Back to top button
error: