Breaking NewsIndiaLead NewsNEWS

‘നാലു വീതം പേരുകള്‍ തരൂ, സെര്‍ച്ച് കമ്മിറ്റിയെ ഞങ്ങള്‍ നിയമിക്കാം’; സര്‍വകലാശാലകളില്‍ സ്ഥിരം വിസി നിയമനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനം വൈകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം തങ്ങള്‍ നടത്താമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സെര്‍ച്ച് കമ്മിറ്റിയിലേക്കായി നാല് വീതം പേരുകള്‍ നിര്‍ദേശിക്കാനും കോടതി കേരള സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നിര്‍ദേശം നല്‍കി.

സാങ്കേതിക സര്‍വകാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലേക്ക് ചാന്‍സലറായ ഗവര്‍ണര്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Signature-ad

വി.സി നിയമനം തര്‍ക്ക വിഷയമാക്കി മുന്നോട്ട് കൊണ്ടുപോകരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും ചര്‍ച്ച നടത്തണം. തര്‍ക്കം പരിധി കടന്നുപോകരുതെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യുജിസി പ്രതിനിധിയെ തങ്ങള്‍ അഭിപ്രായം തേടി നിയമിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നിര്‍ദേശങ്ങള്‍ ഉച്ചയ്ക്ക് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നിര്‍ദേശത്തോട് എതിര്‍പ്പില്ലെന്നും എന്നാല്‍ അഭിപ്രായം അറിയിക്കാന്‍ സാവകാശം വേണമെന്നും കേരള സര്‍ക്കാര്‍ അറയിച്ചു. തുടര്‍ന്ന് നാളെ നിര്‍ദേശം അറിയിക്കാന്‍ സുപ്രീം കോടതി കേരള സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നിര്‍ദേശം നല്‍കി. കേസ് നാളെ പരിഗണിക്കാനായി മാറ്റി.

Back to top button
error: