
കണ്ണൂരിലെ താഴെ ചൊവ്വയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ റിമാൻഡിൽ. പ്രണയം നടിച്ച് 15 വയസ്സുകാരിയായ പെൺകുട്ടിയെ വലയിൽ വീഴ്ത്തി 20 കാരായ ഈ യുവാക്കൾ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
വി.വി സംഗീത്, കെ. അഭിഷേക്, പി. ആകാശ് എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
15 വയസ്സുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ആറു മാസം മുൻപാണ് സംഭവം. ഉത്സവപ്പറമ്പിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി സാമൂഹിക മാധ്യമങ്ങളിലൂടെ അടുപ്പം സ്ഥാപിച്ച പ്രതികൾ പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച ശേഷം ബലം പ്രയോഗിച്ച് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
കേസിൽ പത്തോളം പ്രതികളുണ്ട് എന്നാണ് പൊലീസ് പറയുന്നത്. താൻ പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണം ആരംഭിച്ചത്. മറ്റ് പ്രതികൾ സംഭവത്തിനുശേഷം ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പീഡനത്തിനുശേഷം അവശയായ പെൺകുട്ടിയെ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. പീഡനത്തിന്റെ ആഘാതത്തിൽ മനോനില തകർന്ന പെൺകുട്ടിയുടെ സ്വഭാവവ്യത്യാസം കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.






