അമ്മയുടെ പ്രസിഡന്റാകാനൊരുങ്ങുന്ന ശ്വേതാമേനോന് എതിരേ കേസ് ; പണമുണ്ടാക്കാന്‍ നടി അശ്ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം

അശ്ലീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചു എന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ കേസ്. അശ്ലീലം തടയല്‍ , ഐടി നിയമം എന്നിവ പ്രകാരം കൊച്ചിയിലെ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. മാര്ട്ടിന് മേനാച്ചേരി എന്ന പൊതുപ്രവര്ത്തകന് പരാതി നല്‍കിയതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ലാഭം നേടുക എന്ന ലക്ഷ്യത്തോടെ നഗ്നതാപ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്നാണ് ആക്ഷേപം. രതിനിര്‍വ്വേദം, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളിലെ ശ്വേത മേനോന്റെ വേഷങ്ങളും ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലെ ഭാവം എന്നിവ പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റാകാന്‍ നടി ഒരുങ്ങുന്നതിനിടയിലാണ് പരാതിയും കേസും വരുന്നത്.
അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിച്ച ആറ് പേരില്‍ മുതിര്‍ന്ന നടന് ജഗദീഷ് ഉള്‍പ്പെടെ നാല് പേര് പത്രിക പിന്‍വലിച്ച സാചര്യത്തില്‍ ശ്വേതാമേനോന് സാധ്യത കൂടുതലാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ മലയാള ത്രില്ലര്‍ ഡ്രാമയായ ജങ്കറിലാണ് ശ്വേത മേനോന് ഒടുവില്‍ അഭിനയിച്ചത്. സെപ്റ്റംബറില്‍ റിലീസ് ചെയ്യാന്‍ പോകുന്ന മലയാളം ആക്ഷന്‍ ത്രില്ലര്‍ ചിത്രം കരമാണ് അവരുടെ അടുത്ത ചിത്രം.






