പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനാ സന്ദര്‍ശനത്തിനൊരുങ്ങുന്നു ; എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: അമേരിക്കയുടെ ചായ്വ് പാകിസ്താനിലേക്ക് വീണ്ടും നീളുന്ന സാഹചര്യം നിലനില്ക്കുമ്പോള് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനാ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ടിയാന്‍ജിന്‍ നഗരത്തില്‍ നടക്കുന്ന എസ്സിഒ (ഷാങ്ഹായ് സഹകരണ സംഘടന) മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും.
2020 ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനീസ് സഹകരണത്തിനൊരുങ്ങുന്നത്. വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. 2019 ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദര്‍ശനം. എന്നാല്‍ 2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനം. ഈ സാഹചര്യത്തില്‍, ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം പുനഃക്രമീകരിക്കുന്നത് യുഎസിന് ഒരു സന്തുലിത ഘടകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈനയുടെയും പഹല്‍ഗാം ആക്രമണത്തിന്റെ നിഴലിന്റെയും പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്താനുള്ള സാധ്യതയുണ്ട്. 2024 ഒക്ടോബറില്‍, ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു.
2001 ല്‍ സ്ഥാപിതമായ എസ്സിഒയില് ബെലാറസ്, ചൈന, ഇന്ത്യ, ഇറാന്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിങ്ങനെ 10 അംഗരാജ്യങ്ങളുണ്ട്.






