Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തദ്ദേശ തെരഞ്ഞെടുപ്പിന് നാന്ദി കുറിച്ച് തുടങ്ങിയ ലീഡേഴ്‌സ് മീറ്റിലും വിഭാഗീയത, ഇറങ്ങിപ്പോക്ക്; തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞിട്ട് എത്തിയത് 1943 വാര്‍ഡ് പ്രസിഡന്റുമാര്‍; അച്ചടിച്ചത് അമ്പതെണ്ണം; തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശാപം നേതാക്കളെന്ന് തുറന്നടിച്ച് കെ.സി. വേണുഗോപാല്‍

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ തര്‍ക്കം. മീറ്റില്‍ 1943 വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിതരണം ചെയ്യാനായില്ല. യോഗത്തിന് എത്തിയവര്‍ ബഹളം വച്ചു. ഇതോടെ യോഗത്തിനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി.

തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് പകരം കാര്‍ഡിന്റെ ഫ്‌ളക്‌സ് തയ്യാറാക്കി കെ.സി. വേണുഗോപാലിനെക്കൊണ്ട് ഉദ്ഘാടനം നടത്തിച്ചു. അമ്പതില്‍ താഴെ കാര്‍ഡ് മാത്രമാണ് തയാറാക്കിയത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ വീഴ്ചയാണെന്ന് പറഞ്ഞ് തൃശൂര്‍, ചാലക്കുടി, ഒല്ലൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ നിന്നെത്തിയവര്‍ ബഹളംവച്ചു. മീറ്റില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. വേദിയിലിരിക്കുന്ന നേതാക്കളാണ് തൃശൂര്‍ ജില്ലയുടെ ശാപമെന്ന് കെ.സി. വേണുഗോപാല്‍ തുറന്നടിച്ചു. ആരും ഒറ്റയ്ക്ക് ഒന്നും കൊണ്ടു നടക്കേണ്ട. മുതിര്‍ന്നവരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. ഗ്രൂപ്പ് യോഗങ്ങളും പരസ്പരം പഴിചാരുന്ന പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.

Signature-ad

രാജ്യം ഭരിക്കുന്നത് തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യുന്നവരെന്നു പറഞ്ഞു തുടങ്ങിയ പ്രസംഗത്തിലാണ് ജില്ല കോണ്‍ഗ്രസിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം നേതാക്കളാണെന്നു വേണുഗോപാല്‍ പറഞ്ഞത്. തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല കുഴപ്പക്കാര്‍. സ്റ്റേജിലുള്ള ഞാനുള്‍പ്പെടെയുള്ള നേതാക്കളാണു പ്രശ്‌നം. പാര്‍ട്ടി കാര്യങ്ങള്‍ എതിരാളികള്‍ക്കു ചര്‍ച്ച ചെയ്യാനുള്ള അവസരമാക്കി മാറ്റരുത്. പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ഡിസിസി പ്രസിഡന്റ് ഒരുക്കണം. ഇവിടെ വിമര്‍ശിക്കാതെ മാധ്യങ്ങള്‍ക്കു മുന്നില്‍ അലക്കാന്‍ പോകുന്ന നേതാക്കന്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടെന്നും വേണുപോല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതില്‍ ബിജെപിയുടെ നേരവകാശികളായ സിപിഎം കേരളത്തിലെ വോട്ടര്‍പട്ടികയില്‍ പല കള്ളത്തരങ്ങളും നടത്തുന്നു. ദേശീയതലത്തില്‍ വോട്ടര്‍പട്ടികയിലെ തട്ടിപ്പുകള്‍ക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ സിപിഎം പിന്തുണയ്ക്കുന്‌പോഴാണ് ഇതു ചെയ്യുന്നത് എന്നതാണു കഷ്ടം.

ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടപ്പട്ടിക്ക് ഒപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് ബിജെപിയുടേത്.ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡില്‍ കണ്ടത്. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച കേസ് എന്‍ഐഎക്ക് നല്‍കിയതിന്റെ കാരണമറിയുന്നത് അമിത്ഷായ്ക്കു മാത്രമാണ്. തങ്ങള്‍ ഇടപെട്ടാണു കന്യാസ്ത്രീകള്‍ക്ക് മോചനം ഒരുക്കിയതെന്ന ബിജെപി വാദത്തിന്റെ യുക്തിയും അദ്ദേഹത്തിനു മാത്രമേ അറിയൂ. ഇരട്ടത്താപ്പുകള്‍ക്കെതിരേ അന്തിമ പോരാട്ടം നടത്തേണ്ട സമയമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, നേതാക്കളായ എ.പി. അനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പില്‍, ടി. സിദ്ദിഖ്, റോജി എം. ജോണ്‍, തേറന്പില്‍ രാമകൃഷ്ണന്‍, ടി.എന്‍ പ്രതാപന്‍, ടി.യു. രാധാകൃഷ്ണന്‍, ഒ. അബ്ദു റഹ്‌മാന്‍കുട്ടി, എം.പി. വിന്‍സെന്റ്, ജോസ് വള്ളൂര്‍, അനില്‍ അക്കര, ടി.വി ചന്ദ്രമോഹന്‍, രമ്യ ഹരിദാസ്, കെ.കെ. കൊച്ചുമുഹമ്മദ്, എം.പി. ജാക്‌സണ്‍, ജോസഫ് ചാലിശേരി, കെ.കെ. ബാബു, അഡ്വ. വി. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

thrissur dcc congress leaders meet kc venugopal

Back to top button
error: