‘തങ്ങള്‍ തങ്ങളുടെ വഴിക്കാണ് ചര്‍ച്ചകള്‍ നടത്തുന്നത്, കേന്ദ്ര സര്‍ക്കാര്‍ ഈ ചര്‍ച്ചകളിലൊന്നും പങ്കാളിയായിട്ടില്ല’; വധശിക്ഷ റദ്ദാക്കാന്‍ തലാലിന്റെ കുടുംബം ധാരണയായെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍

കോട്ടയം: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ അറിയിച്ചു. യമന്‍ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു.
ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ദയാധനത്തെ സംബന്ധിച്ച് അടക്കം ചര്‍ച്ചകള്‍ തുടരുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. അബ്ദുല്‍ റഹീമിന്റെ കേസില്‍ 36 കോടി കൊടുത്തിട്ടും അദ്ദേഹത്തെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ രാജ്യത്തെ നിയമ സംവിധാനം അനുസരിച്ച് മറ്റ് കാര്യങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. വധശിക്ഷ വേണ്ടെന്ന് മാത്രമാണ് തത്വത്തില്‍ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തില്‍ നിന്നും പിന്മാറാന്‍ തലാലിന്റെ കുടുംബത്തില്‍ ധാരണയായിട്ടുണ്ട്.
തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ് തീരുമാനമെടുക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണ് തീരുമാനമെടുക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരന് തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ.
തങ്ങള്‍ തങ്ങളുടെ വഴിക്കാണു ചര്‍ച്ചകള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ ചര്‍ച്ചകളിലൊന്നും പങ്കാളിയായിട്ടില്ല. രണ്ടാഴ്ച ആയി ഞതങ്ങള്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്നലെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് പറയേണ്ട കാര്യങ്ങള്‍ തഞങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയാണ് യമന്‍ പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ബന്ധപ്പെട്ടത്. മധ്യസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ പുറത്തുപറയേണ്ടത് തങ്ങള്‍ അറിയിക്കുന്നുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. ആരുമായാണ് ചര്‍ച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വാര്‍ത്ത തെറ്റെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമുവല്‍ ജെറോമും പറഞ്ഞിരുന്നു. പ്രചാരണം നിര്‍ഭാഗ്യകരമാണെന്നും പരസ്യ സംവാദത്തിന് തയാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. ഇതിനിടെയാണ് തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കിയത്.
യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായതായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫിസ് ഇന്നലെ രാത്രിയാണ് അറിയിച്ചത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. കാന്തപുരത്തിന്റെ സുഹൃത്തും യമനിലെ തരീമില്‍ നിന്നുള്ള പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഫഫിള് നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിന് പുറമേ ഉത്തര യമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനമുണ്ടായതെന്ന് എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫിസ് അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക.






