‘ലേഖനങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താല്പര്യങ്ങളുണ്ടാകാം’; അന്തിമ റിപ്പോര്‍ട്ടിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്; വിമാനദുരന്തത്തില്‍ യു.എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിലെ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയുള്ള യു.എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹന് നായിഡു. ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുന്നതില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടാകാമെന്നും കേന്ദ്ര ഏജന്‍സിയായ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യിലാണ് താന്‍ വിശ്വാസമര്‍പ്പിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
മാത്രമല്ല അന്തിമ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയും മന്ത്രി വിമര്‍ശിച്ചു. എഎഐബി എല്ലാവരോടും പ്രത്യേകിച്ച് പാശ്ചാത്യ മാധ്യമങ്ങളോടും അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ എന്തെങ്കിലും അഭിപ്രായം പറയുന്നത് നല്ലതല്ല. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവര്‍ക്ക് സമയം ആവശ്യമാണ്. നിരവധി ഡാറ്റകള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. നേരത്തെ ഡാറ്റകള്‍ക്കായി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ഇന്ത്യയില്‍വച്ച് തന്നെ ഡാറ്റ ഡീകോഡ് ചെയ്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റന്‍ ഇന്ധനനിയന്ത്രണസ്വിച്ച് ഓഫാക്കിയതാണെന്ന് യുഎസ് മാധ്യമമായ വോള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍നിന്ന് ലഭിച്ച ശബ്ദരേഖപ്രകാരം എന്‍ജിനിലേക്ക് ഇന്ധനമെത്തുന്ന സ്വിച്ചുകള്‍ ഓഫാക്കിയത് ക്യാപ്റ്റനാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അപകടത്തില്‍പ്പെട്ട ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം പറത്തിയ ഫസ്റ്റ് ഓഫീസര്‍ ടേക്ക് ഓഫിനുപിന്നാലെ സ്വിച്ചുകള്‍ എന്തിനാണ് ഓഫാക്കിയതെന്ന് ക്യാപ്റ്റനോട് ചോദിക്കുന്നതിന്റെ റെക്കോര്‍ഡുകളാണ് പുറത്തുവന്നതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഫസ്റ്റ് ഓഫീസര്‍ ആദ്യം ആശ്ചര്യവും പിന്നീട് ഭയവും പ്രകടിപ്പിക്കുമ്പോള്‍ ക്യാപ്റ്റന്‍ ശാന്തനായി തുടര്‍ന്നെന്നാണ് ശബ്ദരേഖയില്‍നിന്ന് വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു
എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. ഇത് ആര് ആരോട് പറഞ്ഞു എന്നതുസംബന്ധിച്ച് നേരത്തേ പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല.
എന്നാല്‍, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സഭര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വോള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.






