Breaking NewsKeralaLead NewsLIFENEWSReligion

സമസ്തയ്ക്കു മുന്നില്‍ സാഷ്ടാംഗം? സ്‌കൂള്‍ സമയ മാറ്റത്തില്‍ മുസ്ലിം സംഘടനകളുമായി ചര്‍ച്ചയ്ക്ക്; തള്ളാനും കൊള്ളാനുമാകാതെ സര്‍ക്കാര്‍; മുസ്ലിംകള്‍ക്കു വഴങ്ങുന്നതില്‍ മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് എതിര്‍പ്പ്; ബുധനാഴ്ച നിര്‍ണായകം

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ബുധനാഴ്ച തിരുവനന്തപുരത്താണു ചര്‍ച്ച. ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം കൂട്ടിയത് ഹൈക്കോടതി നിര്‍ദേശപ്രകാരം ആയതിനാല്‍ തീരുമാനം തിരുത്താനാകില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ ഇതുവരെയുള്ള നിലപാട്.

മദ്രസ പഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസ് സമയം കൂട്ടിയതിനെ മുസ്‌ളീം സംഘടനകള്‍ എതിര്‍ക്കുന്നത്. തീരുമാനം തിരുത്തിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന്റ മുമ്പിലടക്കം സമരമിരിക്കുമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനോട് അനുകൂല സമീപനം സ്വീകരിക്കുന്ന കാന്തപുരം കൂടി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയിരിക്കുന്നത്.

Signature-ad

ഹൈക്കോടതി നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണ് ഹൈസ്‌കൂള്‍ ക്‌സാസുകള്‍ രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയത്. അതുകൊണ്ടുതന്നെ തീരുമാനം തിരുത്തണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ചര്‍ച്ച നടത്തിയാലും തീരുമാനം മാറ്റാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതും അതുകൊണ്ടായിരുന്നു.

മുസ്ലീം സമുദായത്തെ അവഗണിച്ച് മുന്നോട്ടുപോയാല്‍ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവനയോട് ഇകെ വിഭാഗത്തിന്റ പ്രതികരണം. രാവിലെത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകിട്ട് അരമണിക്കൂറാക്കുക, അവധിസമയം കുറച്ച് ആ സമയത്ത് അധിക ക്ലാസെടുക്കുക തുടങ്ങിയ ബദല്‍ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഇകെ വിഭാഗം മുന്നോട്ടുവയ്ക്കും. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മുസ്ലീം സംഘടനകളെ പൂര്‍ണമായും തള്ളാന്‍ സര്‍ക്കാരിനാകില്ല.

എന്നാല്‍, മറ്റു ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങള്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ പരസ്യമായ പിന്തുണ നല്‍കിയിട്ടുണ്ട്. അവധി ദിനങ്ങള്‍ കണക്കാക്കിയാണു മതപഠനം വേണ്ടതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടു കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ കത്തോലിക്ക സഭ മുഖപത്രമായ ദീപികയും സമസ്തയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. ‘സീസറിനുള്ളതു ദൈവത്തിനു വേണ്ട’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയല്‍ ഈ രംഗത്തെ ഏറെക്കുറെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായിരുന്നു. മറുവശത്തു മതപണ്ഡിതന്‍മാര്‍ ഭരണത്തില്‍ ഇടപെടുന്നെന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തുവന്നിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ നിലപാടെടുക്കുമ്പോള്‍ കരുതലോടെ മാത്രമേ സാധിക്കൂ. കാന്തപുരം എന്തു കുന്തമെറിഞ്ഞാലും പിന്‍മാറില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ പറഞ്ഞത്.

ഹിന്ദു ഭൂരിപക്ഷ സംഘടനയെന്ന നിലയില്‍ സിപിഎമ്മിന് അടുത്തിടെയുണ്ടായ തിരിച്ചടികള്‍ ഇവരുടെ കൊഴിഞ്ഞുപോക്കാണെന്നു വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണു സൂംബ, ജമാഅത്തെ ഇസ്ലാമി വിഷയങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിലപാട് എടുത്തത്.

Back to top button
error: