ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം കുടുങ്ങിയ രോഗിക്ക് രക്ഷകരായി എസ്‌ഐയും പൊതുപ്രവര്‍ത്തകനും; ഒടുവില്‍ ബൈക്കില്‍ ഇരുത്തി വീട്ടിലെത്തിച്ചു; ഒരു കിലോമീറ്റര്‍ പോകാന്‍ എടുത്തത് നാലു മണിക്കൂര്‍

പുതുക്കാട് : ദേശീയപാതയിലെ ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം ആശുപത്രിയില്‍ കുടുങ്ങിയ രോഗിക്ക് രക്ഷകരായി ചാലക്കുടി സ്റ്റേഷനിലെ എസ്‌ഐ വിശ്വനാഥനും പൊതുപ്രവര്‍ത്തകനായ സിന്റോ പയ്യപ്പിള്ളിയും. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് എതിര്‍വശത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിക്കായി എത്തിയ പുതുക്കാട് സ്വദേശി വെളിയത്ത് അഗസ്റ്റിനാണ് മണിക്കൂറുകളോളം ദുരിതത്തില്‍ അകപ്പെട്ടത്.
രാവിലെ ഒമ്പതിന് ചികിത്സക്കായി ഭാര്യയാേടൊപ്പം എത്തിയ അഗസ്റ്റിന്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകനാകാതെ നാല് മണിക്കൂറുകളോളമാണ് ആശുപത്രിക്ക് മുന്‍പിലെ ഗതാഗതകുരുക്കില്‍ കാത്തു നില്‍ക്കേണ്ടി വന്നത്. സര്‍വ്വീസ് റോഡില്‍ മണിക്കൂറുകളോളം കുരുങ്ങി കിടക്കുന്ന വാഹനങ്ങള്‍ മൂലം ഇവര്‍ വിളിച്ച വാഹനങ്ങള്‍ക്ക് അടുത്തേക്ക് എത്താനായില്ല.
ഈ സമയം ബാങ്കിലേക്ക് എത്തിയ വിശ്വനാഥനും ബാങ്കിലെ ജീവനക്കാരനായ സിന്റോയും ടാക്‌സികള്‍ വിളിച്ചു നോക്കിയെങ്കിലും തിരക്കിലൂടെ കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് വിശ്വനാഥനും സിന്റോയും ചേര്‍ന്ന് ബാങ്കിലേക്ക് വന്നയാളുടെ ബൈക്കില്‍ കയറ്റി ഇരുത്തി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേയ്ക്ക് പോകാനാകാതെ നാല് മണിക്കൂറാണ് ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കേണ്ടി വന്നത്.






