Breaking NewsIndiaLead NewsNEWSWorld

സിറിയയില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രായേല്‍; തെക്കന്‍ സിറിയയില്‍നിന്ന് സൈന്യം പിന്‍വാങ്ങുംവരെ ആക്രമണമെന്ന് പ്രഖ്യാപനം; പ്രസിഡന്റിന്റെ കൊട്ടാരത്തിലും സൈനിക കേന്ദ്രത്തിലും ബോംബ് വീണു; ഡ്രൂസ് വിഭാഗത്തെ സംരക്ഷിക്കുമെന്ന് നെതന്യാഹു

ദമാസ്‌കസ്: ഡ്രൂസ് വിഭാഗക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിറിയയില്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍. സിറിയന്‍ സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു സമീപത്തെ സൈനിക കേന്ദ്രങ്ങളടക്കംതകര്‍ത്തെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച സാഹചര്യത്തിലാണ് നടപടിയെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. സിറിയയിലെ ഡ്രൂസ് വിഭാഗക്കാര്‍ക്കെതിരേ സിറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടിക്കു മറുപടിയാണെന്നും ഐഡിഎഫ് എക്‌സില്‍ വ്യക്തമാക്കി.

സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനു പിന്നാലെ ഇടക്കാല ഭരണകൂടം പ്രസിഡന്റ് അഹമ്മദ് അല്‍ ഷരയുടെ നേതൃത്വത്തില്‍ അധികാരമേറ്റിരുന്നു. ഇസ്രയേല്‍, അമേരിക്ക എന്നിവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനിടെയാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം. തെക്കന്‍ സിറിയയിലേക്കു നീങ്ങാന്‍ ഇവരെ അനുവദിക്കില്ലെന്നും ഡ്രൂസ് വിഭാഗക്കാരെ സംരക്ഷിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിലെ ഡ്രൂസ് ന്യൂനപക്ഷ വിഭാഗത്തിന്റെ അഭ്യര്‍ഥനയേറ്റെടുത്താണു നടപടിയെന്നാണു സൂചന. സ്വീഡ മേഖലയില്‍ ഡ്രൂസ് വിഭാഗത്തിനെതിരേ സിറിയയിലെ ബെദോയിന്‍ ഗോത്രക്കാരും സര്‍ക്കാരിന്റെ സുരക്ഷാ സേനയുമാണ് ഒരാഴ്ചയായി അക്രമം അഴിച്ചുവിടുന്നത്.

Signature-ad

ഇസ്രായേല്‍ സൈന്യം സിറിയയുടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും സിറിയന്‍ സ്‌റ്റേറ്റ് ടിവിയുടെ ആസ്ഥാനവും ആക്രമിച്ചെന്നു സൂചനയുണ്ട്. കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷാ കോമ്പൗണ്ടാണിത്. ഇവിടെനിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ സിറിയയിലെ സ്വീഡയില്‍ സര്‍ക്കാര്‍ സൈന്യവും ഡ്രൂസ് പോരാളികളും തമ്മില്‍ വെടിനിര്‍ത്തലില്‍ എത്തിയിരുന്നു. എന്നാല്‍, ഇതു ലംഘിക്കപ്പെട്ടതോടെ രൂക്ഷമായ തെരുവു യുദ്ധങ്ങള്‍ക്കും ഷെല്ലാക്രമണങ്ങള്‍ക്കും ഇടയാക്കി. സായുധ വിഭാഗക്കാരാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നാണു സിറിയന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.

കഴിഞ്ഞ ഡിസംബറില്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനെ അപ്രതീക്ഷിത വിമത ആക്രമണത്തിലൂടെ പുറത്താക്കിയതിനു പിന്നാലെ സിറിയയില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാണ്. നിലവില്‍ സുന്നി ഭൂരിപക്ഷ നേതൃത്വമാണു സിറിയ ഭരിക്കുന്നത്. എന്നാല്‍, മുന്‍ ഭരണകൂടത്തില്‍നിന്നും ന്യൂനപക്ഷ ഗ്രൂപ്പുകളില്‍നിന്ന് ഇവര്‍ക്കു രൂക്ഷമായ എതിര്‍പ്പും ഇവര്‍ നേരിടുന്നു. തെക്കന്‍ സിറിയയില്‍ ആഴത്തില്‍ വേരുകളുള്ള ഒരു മതന്യൂനപക്ഷമായ ഡ്രൂസ് സമൂഹവും നിലവിലെ സാഹചര്യത്തില്‍ ശക്തിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. സൈന്യവും ഡ്രൂസ് വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്നാണു വിവരം. സിറിയന്‍ സൈന്യം പിന്‍വാങ്ങിയില്ലെങ്കില്‍ രൂക്ഷമായ ആക്രമണമുണ്ടാകുമെന്നു ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: