NEWS

മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ‘ഡമോക്ലീസിന്റെ വാൾ’

 

15വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചു കളയാൻ പറയുന്ന രാജ്യത്ത് 125വർഷം പഴക്കമുള്ള ഡാമിന്റെ നിലനിൽപ്പിനെ പറ്റി പറയാത്തത് എന്ത് കൊണ്ട്?

Signature-ad

കേരളത്തിലെ ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന ഈ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത് 1895 ഒക്ടോബർ 10 നാണ്. കേരളത്തിലാണെങ്കിലും ‘തമിഴ്‌നാടിന് പാട്ടത്തിന്’ കൊടുത്തിരിക്കുന്ന ഒരു അണക്കെട്ടാണിത്. 999 വർഷത്തേക്കാണ് പാട്ടം .1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറി കെ.കെ.വി. രാമഅയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറിലൊപ്പുവച്ചത്.

അണക്കെട്ടുമായി ബന്ധപ്പെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. 1961ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട ഈ കാലപ്പഴക്കം ചെന്ന അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻ കഴിയില്ല, അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണ്.ഒരു അണക്കെട്ടിന്റെ പരമാവധി കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്‌നാടും വാദിക്കുന്നു.

ആകെ 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി. ഇപ്പോൾ തുടർച്ചയായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

ഇതും പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്നു മാത്രമല്ല,അണക്കെട്ടുമായി ബന്ധപ്പെട്ട നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയവും. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണെന്നായിരുന്നു പറഞ്ഞത്. ഇതിനെതിരേ നിയമസഭയിൽ കേരളം പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.

15വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചു കളയാൻ പറയുന്ന രാജ്യത്ത് 125വർഷം പഴക്കമുള്ള ഡാമിന്റെ നിലനിൽപ്പിനെ പറ്റി പറയാത്തത് എന്ത് കൊണ്ട് എന്ന് ചോദ്യം മാത്രം ബാക്കി.ഒരു അണക്കെട്ടിന്റെ പരമാവധി കാലാവധി അറുപതു വർഷമാണെന്നിരിക്കേ പ്രത്യേകിച്ചും!

Back to top button
error: