Breaking NewsLead NewsLIFENEWSNewsthen SpecialTravelWorld

തീര്‍ന്നില്ല: കുടിയേറ്റക്കാരുടെ ‘മാസ്റ്റര്‍ ഡാറ്റാബേസ്’ തയറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഡോജ്; സകല വകുപ്പുകളില്‍നിന്നും വിവര ശേഖരണം; രേഖകളില്ലെങ്കില്‍ ‘ഒറ്റ ക്ലിക്കില്‍’ പുറത്താക്കും; ചവറുകളെയും തട്ടിപ്പുകാരെയും പറഞ്ഞുവിടുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു നാട്ടിലെത്തിച്ച വിവാദമടങ്ങുംമുമ്പേ കുടിയേറ്റക്കാരെ കണ്ടെത്താനും നടപടികള്‍ വേഗത്തിലാക്കാനും വന്‍ ഡാറ്റാ ബേസ് തയാറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്). സര്‍ക്കാരിലും വിവിധ വകുപ്പുകളിലുമുള്ള കുടിയേറ്റക്കാരായ ആളുകളുടെയും വിദ്യാര്‍ഥികളുടെയുമടക്കം ‘മാസ്റ്റര്‍ ഡാറ്റാബേസ്’ ആണു തയാറാക്കുന്നതെന്നു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രോജക്ടിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണു പേരുവെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയില്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ഡോജിന്റെ ചുമതലയൊഴിയുമെന്ന വാര്‍ത്തകള്‍ക്കിടയിലാണു പൂര്‍വാധികം ശക്തമായി കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാനുള്ള നയങ്ങളുമായി മുന്നോട്ടു പോകുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ വകുപ്പുകളിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ക്കു ഡോജിന്റെ ഇടപെടലിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. റവന്യൂ സര്‍വീസ്, സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യവകുപ്പ്, ഹ്യൂമന്‍ സര്‍വീസ് എന്നിവിയടക്കം നിരവധി മേഖലകളില്‍നിന്ന് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു കുടിയേറ്റക്കാരായ ആളുകളുടെ വിവരങ്ങളും വിവിധ വകുപ്പുകളില്‍നിന്നു ശേഖരിക്കുന്നത്.

Signature-ad

ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കുവേണ്ടി ട്രംപിന്റെ അടുപ്പക്കാരന്റെ പലാന്റീര്‍ എന്ന സിലിക്കോണ്‍ വാലി കമ്പനിയുടെ സേവനങ്ങള്‍ ഇമിഗ്രേഷന്‍ വകുപ്പ് ഉപയോഗിച്ചിരുന്നു. ഇതേ കമ്പനിതന്നെയാണു ഡാറ്റാബേസ് തയാറാക്കാനും പിന്നണിയിലുള്ളത്. എല്ലാ വകുപ്പുകളില്‍നിന്നും കുടിയേറ്റക്കാരായ ആളുകളുടെ വിവരങ്ങളും കമ്പനി ശേഖരിച്ചുതുടങ്ങി. എന്നാല്‍, സിവില്‍ നിയമങ്ങള്‍ ലംഘിച്ചെന്നു കണ്ടെത്തുന്നവരിലേക്കു മാത്രമേ നടപടികള്‍ എത്തൂ എന്നാണു പ്രാഥമിക വിവരം.

‘പുറത്താക്കലിന് ഒരു മെഷീന്‍ അവര്‍ നിര്‍മിക്കുകയാണെങ്കില്‍ അത് അവര്‍ക്കത് ഉപയോഗിക്കാനും കഴിയും’ എന്നാണു മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി അതീവ സുരക്ഷിതമായി സൂക്ഷിക്കുന്ന വിവരങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നത് നിയമപരമായ വെല്ലുവിളികളിലേക്കും നയിക്കും. അമേരിക്കക്കാരുടെ വ്യക്തിവിവരങ്ങളില്‍ കടന്നു കയറാനുള്ള നീക്കമാണിതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക് എംപിയും പ്രതികരിച്ചു.

‘ലക്ഷ്യമിടുന്നവരിലേക്കു വളരെ വേഗത്തില്‍ എത്താനാണു ഡാറ്റാബേസ് എന്നും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ഇവരെ തിരിച്ചയയ്ക്കാന്‍ കഴിയുമമെന്നും വൈറ്റ് ഹൗസില്‍നിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമായാണ് ധൃതിപ്പെട്ടുള്ള നീക്കമെന്നും’ ട്രംപിന്റെതന്ന അടുപ്പക്കാരായ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്, പാലന്റീര്‍, ഡോജ് എന്നിവയുമായി ബന്ധപ്പെട്ടെങ്കിലും ഡാറ്റാബേസ് അനുസരിച്ചുള്ള പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്നു വ്യക്തമല്ലെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലന്റീര്‍ സ്ഥാപകനായ പീറ്റര്‍ തിയേല്‍ മസ്‌കിന്റെയും ട്രംപിന്റെയും അടുപ്പക്കാരനും തെരഞ്ഞെടുപ്പില്‍ പിന്തുണച്ചയാളുമാണ്. വന്‍ തുക തെരഞ്ഞെടുപ്പു ചെലവിലേക്കും നല്‍കിയിരുന്നു. എന്നാല്‍, കമ്പനിയുടെ സിഇഒ അലക്‌സ് കാര്‍പ് ഡെമോക്രാറ്റുകളെയാണു പിന്തുണയ്ക്കുന്നത്. കമലാ ഹാരിസിനുവേണ്ടി പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.

ഐആര്‍എസുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ പാലന്റീറിനുണ്ട്. ഡോജിന് ഏറ്റവും അധികം ഉപയോഗിക്കാന്‍ കഴിയുന്ന ‘ലോക്കല്‍ സര്‍വീസ്’ എന്ന നിലയിലാണു കമ്പനിയെ പരിഗണിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിനും കമ്പനിയുമായി കരാറുണ്ട്. അനധികൃതമായി എത്തുന്നവരെയും സ്വയം തിരിച്ചുപോകാനുള്ള സൗകര്യമൊരുക്കാനുമാണ് സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി അന്വേഷണങ്ങള്‍ക്ക് ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്)യും പാലന്റീറുമായി കരാറുണ്ട്.

വന്‍ ഡാറ്റാബേസ്‌കൂടി തയാറാകുന്നതോടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു മതിയായ രേഖകളില്ലാത്തവരെ കണ്ടെത്താനും തിരിച്ചയയ്ക്കാനും കഴിയും. ‘ടാര്‍ഗറ്റ് ലിസ്റ്റ്’ കണ്ടെത്തുകയാണ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. വിവിധ വകുപ്പുകളുടെ വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്നതോടെ ഇത് എളുപ്പമാകും. നിലവിലെ പട്ടികയില്‍ പലതിലും അവ്യക്തതകളുണ്ട്. ഇതിലെ തെറ്റുകള്‍ കണ്ടെത്താനും അവധികൃതമെന്നു നിശ്ചയിക്കാനും ഏറെ താമസവും അനുഭവപ്പെടുന്നുണ്ട്.

എന്നാല്‍, ഇത് ഭയപ്പെടേണ്ട ഒന്നല്ലെന്നു വിലയിരുത്തുന്നവരുമുണ്ട്. മതിയായ രേഖകളില്ലാതെ ആരൊക്കെയാണ് യുഎസില്‍ കഴിയുന്നതെന്നു കണ്ടെത്തുന്നതിനൊപ്പം പിഴവ് എവിടെയെന്നു കണ്ടെത്താനും ഡാറ്റാബേസ് സഹായിക്കുമെന്നാണ് മുന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇതു ചിലപ്പോള്‍ കുടിയേറ്റക്കാരുടെ പ്രശ്‌നം ആകണമെന്നില്ല. അതുകൊണ്ടുതന്നെ രേഖകളില്ലെന്ന പ്രശ്‌നത്താല്‍ ആരെയും ഉടനടി തിരിച്ചയയ്ക്കില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.

വെള്ളിയാഴ്ച ടൈം മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയിലുള്ളവരുടെ വ്യക്തിവിവരങ്ങള്‍ അടങ്ങിയ പട്ടിക തയാറാക്കുന്നുണ്ടെന്നും ‘ചവറുകളെയും തട്ടിപ്പുകാരെയും ക്രിമിനലുകളെയും മുറിച്ചുമാറ്റുക’ അത്യാവശ്യമാണെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിത് കുടിയേറ്റക്കാരെ മാത്രം ലക്ഷ്യമിട്ടാണോ എന്ന ചോദ്യത്തോട് ‘അല്ല’ എന്നായിരുന്നു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: