തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യം വേണമെന്ന് എൽഡിഎഫും യുഡിഎഫും, മേയിൽ മതിയെന്ന് ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 14 ന് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വിഷുവും റംസാനും പരിഗണിച്ചാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് മെയിൽ നടത്തിയാൽ മതിയെന്നാണ് ബിജെപി അംഗങ്ങൾ നിലപാട് സ്വീകരിച്ചത്. 2016ൽ തെരഞ്ഞെടുപ്പ് മെയ് 16 നായിരുന്നു എന്നാണ് ബിജെപി ചൂണ്ടിക്കാട്ടിയത്.
നിയന്ത്രണങ്ങളോടെ കലാശക്കൊട്ട് നടത്താൻ അനുമതി വേണമെന്നും രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പോസ്റ്റൽ വോട്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ബിജെപി നിലപാട് സ്വീകരിച്ചു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 12നാണ് കേരളത്തിലെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർ മാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ആണ് സംഘത്തിലുള്ളത്. 15 വരെയാണ് സംഘം കേരളത്തിൽ ഉണ്ടാവുക.