
വൈദ്യുതി ബോർഡിനെക്കുറിച്ച് പ്രതിദിനം പുറത്തു വന്നു കൊണ്ടിരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ആരെയും ഞെട്ടിക്കും. തെരുവുവിളക്കുകളിലെ ബൾബുമാറ്റി എൽ.ഇ.ഡി ആക്കാൻ തുടങ്ങിയ ‘നിലാവ്’ പദ്ധതി അട്ടിമറിക്കപ്പെട്ട സംഭവമാണ് പുതിയതായി വെളിച്ചത്തു വന്നത്. അതിലൂടെ സംസ്ഥാനസർക്കാരിനു നഷ്ടം 243 കോടി രൂപ. പത്തരലക്ഷം പഴയ ബൾബുകൾ മാറ്റാനാണു ലക്ഷ്യമിട്ടത്. എന്നാൽ, മാറ്റിയത് 3,60,976 എണ്ണം മാത്രം. ലക്ഷ്യമിട്ടതിന്റെ നാലിലൊന്നേ യാഥാർഥ്യമായുള്ളൂ. പക്ഷേ പദ്ധതിക്കായി നീക്കിവെച്ച തുകയുടെ 84 ശതമാനവും ചെലവായി. കിഫ്ബി വഴി അനുവദിച്ച തുകയാണ് ഇങ്ങനെ പാഴായത്.
കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലെ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) എന്ന സ്ഥാപനത്തിനായിരുന്നു പദ്ധതിയുടെ നിർവഹണച്ചുമതല. ഇവർ ആവശ്യപ്പെട്ടപ്രകാരം നീക്കിവെച്ച 289.82 കോടി രൂപയുടെ 84 ശതമാനം (243 കോടി) സംസ്ഥാനസർക്കാർ മുൻകൂറായി നൽകി. എന്നിട്ടും പദ്ധതി പൂർത്തിയാക്കിയില്ല.

വൈദ്യുതി ബോർഡിന്റെ സർവേയുടെ അടിസ്ഥാനത്തിലാണ് എൽ.ഇ.ഡി ബൾബുകളിടാൻ തീരുമാനിച്ചത്. 60 ലക്ഷം വൈദ്യുതിത്തൂണുകളാണ് ബോർഡിനുള്ളത്. 16.24 ലക്ഷത്തിൽ തെരുവുവിളക്കു സ്ഥാപിച്ചിരുന്നു. അതിൽ 10.5 ലക്ഷം തൂണുകളിലെ പഴയ ബൾബുകൾ മാറ്റി എൽ.ഇ.ഡി ഇടാനായിരുന്നു പ്ലാൻ. മുഖ്യമന്ത്രി 2021 ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്ത പദ്ധതി 2മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അറിയിച്ചു.
ഇ.ഇ.എസ്.എൽ, വൈദ്യുതി ബോർഡ്, തദ്ദേശവകുപ്പ് എന്നിവയെ യോജിപ്പിച്ച് ത്രികക്ഷി കരാറുണ്ടാക്കിയാണ് തീരുമാനമെടുത്തത്. എൽ.ഇ.ഡി ബൾബുകളുടെ പരിപാലനച്ചുമതല ബോർഡിനായിരുന്നു. വിളക്കുകൾ കേടാകുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ വിവരം ബോർഡിനെ അറിയിക്കണമെന്നും നിശ്ചയിച്ചു.
പദ്ധതിക്കായി അഞ്ചുലക്ഷത്തോളം എൽ.ഇ.ഡി ബൾബുകളാണ് എത്തിച്ചത്. 3,60,976 എണ്ണം മാത്രമാണ് മാറ്റിയിട്ടത്. അതിൽ 73,922 എണ്ണം കേടായി. വിവരം നിരന്തരം അറിയിച്ചിട്ടും ബോർഡ് നന്നാക്കിയത് 13,694 എണ്ണവും.
പദ്ധതി പാളാൻ കാരണം വൈദ്യുതി ബോർഡും ഇ.ഇ.എസ്.എലും വരുത്തിയ വീഴ്ചയാണ് തദ്ദേശവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.