CrimeNEWS

15കാരിയെ താലിചാര്‍ത്തി, മൂന്നാറിലെത്തിച്ച് പീഡനം; പെണ്‍കുട്ടിയുടെ അമ്മയും യുവാവും അറസ്റ്റില്‍

പത്തനംതിട്ട: അമ്മയുടെ ഒത്താശയോടെ പതിനഞ്ചുവയസ്സുകാരിയെ താലി ചാര്‍ത്തുകയും മൂന്നാറിലെത്തിച്ച് പീഡിപ്പിക്കുകയുംചെയ്ത കേസില്‍ യുവാവ് പിടിയില്‍. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശി (25)നെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.

പെണ്‍കുട്ടിയുടെ അമ്മയായ 35 വയസ്സുകാരിയും പിടിയിലായി. ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചുമാണ് അമല്‍ പെണ്‍കുട്ടിയോട് അടുത്തത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്.

Signature-ad

അമ്മയുടെ അറിവോടും സമ്മതത്തോടുംകൂടി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും ചുട്ടിപ്പാറയിലെത്തിച്ചു. അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിക്ക് താലിചാര്‍ത്തി. വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ചശേഷം വൈകിട്ട് അഞ്ചോടെ മൂന്നുപേരും കൂടി മൂന്നാറിലേക്ക് പോയി.

ഞായറാഴ്ച രാവിലെ മൂന്നാര്‍ ടൗണിനുസമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ അമ്മ ശൗചാലയത്തില്‍ പോയ സമയത്ത് അമല്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

മലയാലപ്പുഴ പോലീസ്, കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. കുട്ടിയെ കാണാതായതിനായിരുന്നു കേസ്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴോടെ അവിടെയെത്തി മൂവരെയും കണ്ടെത്തി.

പെണ്‍കുട്ടിയെ കോന്നി നിര്‍ഭയ ഹെന്റി ഹോമിലെത്തിച്ചു. സംരക്ഷണചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്ത്വം നിര്‍വഹിക്കാത്തതിനാണ്, മാതാവിനെ ബാലനീതി നിയമത്തിലെ വകുപ്പുപ്രകാരം അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: