ഇന്ന് കൂടുതൽ അറസ്റ്റ്: പെൺകുട്ടി എഴുതിവച്ചത് 34 പേരുകൾ, ഒപ്പം 30 നമ്പറുകളും; 13-ാം വയസ് മുതൽ കായികതാരമായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത് 64 പേർ
പത്തനംതിട്ട: കായിക താരമായ 18 കാരിയെ 5 വർഷത്തിനിടെ 64 പേർ പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റു ചെയ്തു. 13-ാം വയസ് മുതൽ ലൈംഗിക പീഡനത്തിനിരയായി എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഈ പരാതിയിൽ ഇലവുംതിട്ട പൊലീസാണ് ഇപ്പോൾ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
കായികതാരമായ ദലിത് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണ്. പീഡനദൃശ്യങ്ങള്‍ അയാൾ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇതുകാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു അയാളുടെ കൂട്ടുകാർ പെൺകുട്ടിയെ പീഡിപ്പിച്ചത്. മദ്യപാനിയായ പിതാവിന്റെ ഫോണ്‍ രാത്രികളില്‍ പെണ്‍കുട്ടി ഉപയോഗിച്ചിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.
മൂന്നുപേര്‍ ഒന്നിച്ചുവിളിച്ചു കൊണ്ടു പോയി കൂട്ടമായി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി. കുട്ടിക്കറിയാത്ത പല സ്ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറില്‍വച്ചും സ്കൂളില്‍വച്ചും മാത്രമല്ല വീട്ടിലെത്തി പീഡിപ്പിച്ചവരുമുണ്ട്. സ്കൂള്‍തല കായിക താരം കൂടിയായ പെണ്‍കുട്ടി ക്യാംപിൽ വച്ചും പീഡനത്തിന് ഇരയായി. പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസിൽ 5 പേർ അറസ്റ്റിലായിട്ടുണ്ട്. പ്രക്കാനം പുതുവല്‍തുണ്ടിയില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), ചെമ്പില്ലാത്തറ വീട്ടില്‍ സുധി (ശ്രീനി-24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡുചെയ്തു. ഇതില്‍ സുധി പോക്‌സോകേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. അച്ചു ആനന്ദ് എന്നയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതായും പൊലീസ് പറയുന്നു. എല്ലാവരുടെയും പേരില്‍ പോക്‌സോ ചുമത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന വകുപ്പും ചുമത്തും.
പ്രതികളില്‍ മിക്കവരും 20നും 30നും ഇടയ്ക്കു പ്രായമുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട് എന്നാണ് സൂചന. പീഡനം തുടങ്ങിയത് 2019 മുതലാണ്. ആണ്‍സുഹൃത്ത് വിവാഹ വാഗ്ദാനം നല്‍കിയാണ് അന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തിലും പിന്നീട് വാഹനത്തില്‍ കൊണ്ടുപോയി പലയിടത്തും വെച്ച് പീഡിപ്പിച്ചു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ നഗ്‌നചിത്രവും വീഡിയോയും എടുത്തത്. പ്രതി അത് സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ പങ്കുവച്ചു. വീഡിയോയും നഗ്നചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിച്ചു.
പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലാണ് പീഡനവിവരം കുട്ടി ആദ്യം പറയുന്നത്. അവര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് വിവരം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിയ്ക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കാത്ത രീതിയിലാണ് മൊഴിയെടുക്കുന്നത്. ആവശ്യമായ കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്.