കടലിൽ മത്സ്യങ്ങൾ കൂട്ടങ്ങൾ എവിടെയുണ്ടെന്ന് കണ്ടെത്തുകയും അതിലൂടെ മത്സ്യബന്ധനം കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയുമായി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു കേരളം. സമുദ്രമത്സ്യ ബന്ധന മേഖലയിൽ ഒരു പുത്തൻ അധ്യായം രചിക്കാൻ സഹായകരമാകുന്നത് ഡ്രോണുകളാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയവും സിഎംഎഫ്ആർഐയും ചേർന്ന് നടത്തുന്ന സംയുക്ത ദൗത്യത്തിന്റെ ഭാഗമായി, ഡ്രോൺ സാങ്കേതികവിദ്യയെ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും കൈകളിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
നവംബർ 8ന്, കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്ന ബോധവൽകരണ ശിൽപശാലയിലൂടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കടലിലെ കൂടുമത്സ്യകൃഷി, കടൽ സസ്തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, ജലാശയ മാപ്പിംഗ് തുടങ്ങിയ മേഖലകളിൽ എങ്ങനെ ഡ്രോണുകൾ ഉപയോഗിക്കാം എന്നതിനെക്കുറിച്ചൊക്കെ മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകും.
ഡ്രോൺ സാങ്കേതികവിദ്യ സമയവും ചിലവും ലാഭിക്കുന്നതിനൊപ്പം കൂടുതൽ കൃത്യമായ ഫലങ്ങളും നൽകും. കടലിലെ കൂടുകളിൽ വളരുന്ന മീനുകളുടെ ആരോഗ്യം നിരീക്ഷിക്കുന്നത് മുതൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് വരെ എല്ലാ കാര്യങ്ങളിലും ഡ്രോണുകൾ സഹായകമാകും. കൂടാതെ, ആൽഗകളുടെ വളർച്ചയും വ്യാപനവും നേരത്തെ കണ്ടെത്തുന്നതിലൂടെ കടൽ കൂടുകൃഷിക്ക് ഉണ്ടാകുന്ന നാശം തടയാനും ഡ്രോണുകൾ ഉപകരിക്കും.
ഈ പുതിയ സാങ്കേതികവിദ്യ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രോണുകളുടെ ഉപയോഗം മത്സ്യബന്ധനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കും. സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും ഡ്രോണുകൾ സഹായിക്കും. മത്സ്യത്തൊഴിലാളികളും മത്സ്യകർഷകരും ഈ പുതിയ സാങ്കേതികവിദ്യയെ സ്വീകരിക്കുകയും അതിന്റെ പരമാവധി പ്രയോജനം ഉപയോഗിക്കുകയും ചെയ്യുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.