വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സോണിയ ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പിയുമായ രാഹുൽ ഗാന്ധിയും പത്രിക സമർപ്പണത്തിന് പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടാകും.
ഇവർ പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ബുധനാഴ്ച രാവിലെ 11ന് ആരംഭിക്കും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ഉൾപ്പടെ റോഡ് ഷോയിൽ പങ്കെടുക്കും.
വയനാട് ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തില്‍ മുസ്ലിംലീഗിൻ്റെ പതാക ഉപയോഗിക്കുമോ എന്ന ആകാംഷയിലാണ് അണികള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് പാർട്ടി കൊടികള്‍ക്ക് പകരം സ്ഥാനാർത്ഥിയുടെ ഫോട്ടോ മാത്രമായിരുന്നു ഉപയോഗിച്ചത്. മുസ്ലിം ലീഗിൻ്റെ പതാക ഒഴിവാക്കാൻ ഉള്ള തന്ത്രമെന്നായിരുന്നു എതിർ സ്ഥനാർത്ഥി ആനിരാജയും ഇടതുപക്ഷവും ഇതിനെ വിമർശിച്ചത്. ഉത്തരേന്ത്യയിലെ ബിജെപി പ്രചാരണം തടയാനുള്ള അടവെന്ന നിലയ്ക്കായിരുന്നു രാഷ്ട്രീയ കേരളം അതിനെ വിലയിരുത്തിയത്.
യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ എത്തുന്നത് ഇന്ന് വൈകീട്ടാണ്. നാളെയാണ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. ഇതില്‍ ലീഗിൻ്റെ പതാക ഉപയോഗിക്കുമോ എന്നതാണ് ചർച്ച. എന്നാല്‍ ഇത്തവണ എല്ലാ പാർട്ടികളുടേയും പതാക ഉപയോഗിക്കാമെന്ന് ധാരണയെന്നാണ് വിവരം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലും പൊതു തെരഞ്ഞെടുപ്പും നടക്കുന്ന സാഹചര്യമായിരുന്നു. ലീഗിൻ്റെ പതാക ഉപയോഗിക്കുന്നതോടെ അത് മറ്റു തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വഴിയാകുമോ എന്നായിരുന്നു ആശങ്ക. അതുകൊണ്ടാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗിൻ്റെ പച്ചപ്പതാക പാക്കിസ്താൻ പതാകയുമായി താരതമ്യപ്പെടുത്തിയുള്ള പ്രചാരണങ്ങളായിരുന്നു പ്രതിസന്ധി. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിൻ്റേയോ ലീഗിൻ്റേയോ മുന്നില്‍ അത്തരത്തിലുള്ള പ്രതിസന്ധിയില്ലെന്നും പതാക ഉപയോഗിക്കാമെന്നുമാണ് തീരുമാനം.
പതാക ഒഴിവാക്കുന്നതില്‍ എല്ലാ കാലത്തും അണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുസ്ലിം ലീഗിൻ്റെ ഭാഗത്തുനിന്നും വിമർശനമുണ്ട്. കഴിഞ്ഞ ദിവസം ബത്തേരിയില്‍ നടന്ന യുഡിഎഫ് കണ്‍വെൻഷനില്‍ മുസ്ലിം ലീഗ് നേതാവ് പികെ ബഷീർ പതാക ഉപയോഗിക്കാൻ കഴിയാത്തതിൻ്റെ നീരസം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയിരുന്നു. പ്രിയങ്കയുടെ റോഡ് റാലിയില്‍ പതാക ഉപയോഗിച്ചില്ലെങ്കില്‍ മറ്റു രാഷ്ട്രീയ കക്ഷികള്‍ അത് വിമർശനമായി ഉയർത്തുമെന്ന് ഉറപ്പാണ്.