ജീവിതം പൂര്‍ണ്ണമായും ഉപയോഗിക്കൂ, മടിയും നിഷ്ക്രീയത്വവും ‘കുടി കെടുത്തും’
വെളിച്ചം
അയാൾ വലിയ പിശുക്കനായിരുന്നു. ഒരു ദിവസം അയാളുടെ ഗുരു അയാളെ തേടി എത്തി. വാതില്‍ പല തവണ മുട്ടുന്നത് കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു:
“ഇവിടെ ഒന്നും കഴിക്കാനില്ല. കാത്തുനില്‍ക്കേണ്ട…”
‘എന്തെങ്കിലും തരാതെ താന്‍ പോകില്ലെ’ന്നായി ഗുരു. നേരം വെളുത്തപ്പോഴും മുററത്ത് നില്‍ക്കുന്ന ഗുരുവിനെ കണ്ടപ്പോള്‍ അയാള്‍ ഭയന്നു. വേഗം അകത്ത് വിളിച്ചുകൊണ്ടുപോയി ഭക്ഷണം വിളമ്പി.
ഗുരു പറഞ്ഞു:
“എനിക്ക് ഭക്ഷണം വേണ്ട. പകരം ഈ പറമ്പില്‍ നീ രണ്ടു കിണറുകള്‍ കുത്തണം.”
അയാള്‍ പാതി മനസ്സോടെ രണ്ടു കിണറുകള്‍ കുത്തി.
ഗുരു പറഞ്ഞു:
“ഞാന്‍ ഒരു യാത്ര പോവുകയാണ്. ഒരു വര്‍ഷം കഴിഞ്ഞേ വരൂ. നീ ഈ രണ്ടു കിണറുകളില്‍ ഒന്ന് മൂടിയിടണം. മറ്റൊന്നില്‍ നിന്നും നാട്ടുകാര്‍ക്ക് വെളളം നല്‍കണം.”
നാളുകള്‍ക്ക് ശേഷം ഗുരു തിരിച്ചെത്തി. തുറന്നിരുന്ന കിണറില്‍ നിന്നും എല്ലാവരും വെള്ളമെടുത്തെങ്കിലും അതില്‍ വെളളത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. എന്നാല്‍ മൂടി കിടന്നിരുന്ന കിണറ്റിലെ വെള്ളമാകട്ടെ ഉപയോഗശൂന്യമായിമാറി. ഗുരു തുടര്‍ന്നു:
“ഇതുപോലെയാണ് നമ്മുടെ ജീവിതവും… നമുക്ക് ഏത് കാര്യത്തേയും മൂന്ന് രീതിയില്‍ സമീപിക്കാം. ഉപയോഗിക്കാം, ദുരുപയോഗിക്കാം, ഇല്ലാതെയാക്കാം. കൈകാര്യം ചെയ്യുന്നവന്റെ കര്‍ത്തവ്യബോധവും കാര്യശേഷിയുമാണ് ഓരോ വസ്തുവിന്റെയും പ്രയോജനക്ഷമത തീരുമാനിക്കുന്നത്…”
പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തവന്റെയും താല്‍പര്യമില്ലാത്തവന്റെയും കയ്യില്‍ വിമാനം കിട്ടിയാലും കളിപ്പാട്ടം കിട്ടിയാലും പ്രവര്‍ത്തനരഹിതമാകും. പ്രവര്‍ത്തനശേഷി ഇല്ലാത്തതുകൊണ്ടല്ല പലതും പാഴായിപ്പോകുന്നത്. പ്രവര്‍ത്തിപ്പിക്കാന്‍ ഭയവും മടിയും ഉളളതുകൊണ്ടാണ്.
പ്രവര്‍ത്തിപ്പിച്ച് ഇല്ലാതാക്കുന്നവരേക്കാള്‍ അപകടകാരികളാണ് പ്രവര്‍ത്തിപ്പിക്കാതെ നശിപ്പിക്കുന്നവര്‍. ഓരോരുത്തരും സ്വന്തം ജീവിതം പൂര്‍ണ്ണമായും ഉപയോഗയോഗ്യമാക്കാന്‍ ശ്രമിക്കൂ.
ഏവർക്കും ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ