കൊച്ചി: വനിതാ സിനിമാ നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. അസോസിയേഷന്‍ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനിതാ നിര്‍മ്മാതാവ് നിര്‍മ്മിച്ച ചിത്രങ്ങളുമായി ബന്ധപ്പെട്ട് അസോസിയേഷനുമായി ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ ഭാരവാഹികള്‍ ഈ നിര്‍മ്മാതാവിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഈ സമയത്ത് വനിതാ നിര്‍മ്മാതാവ് ചില പരാതികള്‍ മുന്നോട്ടു വെച്ചു.
അടുത്ത യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അടുത്ത യോഗത്തിലേക്ക് വനിതാ നിര്‍മ്മാതാവിനെ വിളിക്കുന്നതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. തുടര്‍ന്ന് വനിതാ നിര്‍മ്മാതാവ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണവുമായി രംഗത്തു വന്നത്. ഇതേത്തുടര്‍ന്ന് പരസ്യപ്രതികരണത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു അസോസിയേഷന്‍ കത്തു നല്‍കി.
ഇതില്‍ വിശദീകരണം നല്‍കാനായി എത്തിയ യോഗത്തില്‍ വെച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ മോശമായി പെരുമാറിയെന്നാണ് വനിതാ നിര്‍മ്മാതാവിന്റെ പരാതി. മാനസികമായി സമ്മര്‍ദ്ദം ചെലുത്തിയെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറ്റമുണ്ടായെന്നും പരാതിയില്‍ പറയുന്നു.