അറിയാവുന്നതിലും ആയിരം ഇരട്ടിയാണ് അറിയാത്ത കാര്യങ്ങൾ, ആ തിരിച്ചറിവാണ് ജ്ഞാനത്തിലേക്കുളള വഴി
വെളിച്ചം
പ്രസിദ്ധനായ ഒരു എഴുത്തുകാരനായിരുന്നു അയാൾ. ഒരു ദിവസം അയാൾ യോഗവര്യനോട് പറഞ്ഞു:
“എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്. അങ്ങേക്കതിന് ഉത്തരം കണ്ടെത്താന്‍ സാധിക്കുമോ…?”
യോഗവര്യന്‍ കുറച്ച് കടലാസ്സും പേനയും കൊടുത്തിട്ടു പറഞ്ഞു:
“നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ആദ്യം ഇതില്‍ എഴുതൂ.. എന്നിട്ട് നമുക്ക് സംശയങ്ങള്‍ തീര്‍ക്കാം.”
അയാള്‍ എഴുതിതുടങ്ങി. എത്രയെഴുതിയിട്ടും അറിയാത്ത കാര്യങ്ങള്‍ തീരുന്നില്ല. അവസാനം അയാള്‍ യോഗവര്യനോട് പറഞ്ഞു:
“ഇനിയുമുണ്ട് എനിക്കെഴുതാന്‍. പക്ഷേ, സ്ഥലം തികയില്ല…”
”ഇത്രയധികം കാര്യങ്ങളില്‍ അറിവില്ലാതിരുന്നിട്ടും എങ്ങനെ ഇത്രയധികം പുസ്തകങ്ങള്‍ എഴുതി…?”
യോഗിവര്യൻ ചോദിച്ചപ്പോൾ എഴുത്തുകാരന്‍ പറഞ്ഞു:
“അതെല്ലാം എനിക്കറിയാവുന്ന വളരെകുറച്ച് കാര്യങ്ങള്‍ മാത്രമായിരുന്നു. അറിവിന്റെ കാര്യത്തില്‍ ഞാന്‍ വെറും പൂജ്യമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു…”
യോഗവര്യന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഇനി താങ്കൾക്ക് സംശയങ്ങള്‍ ചോദിക്കുവാനുളള യോഗ്യതയായി.. ചോദിക്കൂ…”
അയാള്‍ തന്റെ സംശയങ്ങളിലേക്ക് കടന്നു.
പരീക്ഷയിലെ ചോദ്യങ്ങള്‍, നമുക്ക് എന്തെല്ലാം അറിയും എന്നളക്കാനാണ്. എന്നാല്‍ ജീവിതത്തിലെ പരീക്ഷണങ്ങള്‍ നമുക്ക് എന്തൊക്കെ അറിയില്ല എന്ന് തെളിയിക്കാനാണ്.
എന്തെല്ലാം തനിക്കറിയാം എന്നതിന്റെയും എന്തൊക്കെ തനിക്ക് അറിയില്ല എന്നതിന്റെയും മിശ്രിതമാണ് സ്വയാവബോധം. എന്തെല്ലാം അറിയില്ല എന്നതിരിച്ചറിവാണ് എന്തൊക്കെ അറിയണം എന്ന വിജ്ഞാനപ്രക്രിയയിലേക്കുള്ള ആദ്യ കാല്‍വെയ്പ്.
ഒഴിഞ്ഞയിടങ്ങളേ നമുക്ക് നിറയ്ക്കാനാകൂ. അറിഞ്ഞതിനപ്പുറവും വസ്തുതകളുണ്ടെന്ന തിരിച്ചറിവാണ് ജ്ഞാനത്തിലേക്കുളള വഴി.
ആ വഴി നമുക്കും സഞ്ചരിക്കാനാകട്ടെ.
ശുഭരാത്രി നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ