NEWSWorld

ഇറാനുള്ള ‘വടേം ചായേം’ റെഡി; തിരിച്ചടി കട്ടായമെന്ന് ഇസ്രയേല്‍

ജറുസലേം: മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി മുന്നറിയിപ്പ് നല്‍കി.

‘ആക്രമണത്തിന് അനന്തരഫലം നേരിടേണ്ടി വരും. ഞങ്ങളുടെ പക്കല്‍ പദ്ധതികളുണ്ട്. ഞങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും’ – ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

Signature-ad

അതേസമയം, ഇറാനെതിരേയുള്ള പ്രതിരോധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കാന്‍ യു.എസ്. സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള മിസൈലുകള്‍ വെടിവെച്ചിടാനും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇവ ഇസ്രയേല്‍ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു.

നിലവില്‍ അത്യാഹിതങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ചെറുപരിക്കുകള്‍ മാത്രമാണ് രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രയേല്‍ എമര്‍ജന്‍സി വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.

Back to top button
error: