KeralaNEWS

പിണക്കം തുടര്‍ന്ന് ഇ.പി; ചടയന്‍ അനുസ്മരണത്തില്‍ പങ്കെടുത്തില്ല

കണ്ണൂര്‍: പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ പങ്കെടുത്തില്ല. പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പത്രകുറിപ്പുണ്ടായിരുന്നതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്നു. എന്നാല്‍, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ.പി പാര്‍ട്ടിയെ അറിയിച്ചിരുന്നു.

ആരോഗ്യപ്രശ്‌നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് ഇ.പിയുടെ വിശദീകരണം. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്. അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ ഇ പി, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയിക്കാമെന്നും പറഞ്ഞിരുന്നു.

Signature-ad

ഇപി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം പാര്‍ട്ടി നേതൃത്വത്തെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ ആരോപണം ഉയര്‍ന്നത്. രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലെന്നായിരുന്നു ഇ പി ഇതിനോട് പ്രതികരിച്ചത്.

ഇ ുപിയെ കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. ഇതിനിടെ രാജീവിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റിന്റെ ജീവനക്കാരും ഇ പിയുടെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നു. ഇതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി. ഇതിനിടയിലായിരുന്നു ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത വന്നത്. ഇ പി ഇത് സമ്മതിക്കുക കൂടി ചെയ്തതോടെ പാര്‍ട്ടി കടുത്ത നടപടിയിലേക്ക് എത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് ഇ പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല.

Back to top button
error: