KeralaNEWS

വിജിലന്‍സ് അന്വേഷണം തടസ്സമല്ല; അജിത്കുമാറിന് ഡിജിപിയാകാം

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയാകാന്‍ തടസ്സമില്ല. തിങ്കളാഴ്ച ചേര്‍ന്ന ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കി. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റി. വരുന്ന ജൂലൈയിലുണ്ടാകുന്ന ഒഴിവില്‍ അജിത്കുമാര്‍ ഡിജിപി റാങ്കിലെത്തും.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. കഴിഞ്ഞയാഴ്ച വിജിലന്‍സ് വിശദമായി മൊഴിയെടുക്കുകയും ചെയ്തു. വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും പറഞ്ഞു.

Signature-ad

വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയില്‍ വിശദീകരിച്ചു. അനധികൃത സ്വത്ത് ആരോപണത്തില്‍ വിജിലന്‍സ് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം. അതേസമയം, ആര്‍എസ്എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളിയും സര്‍വീസ് ചട്ടലംഘനമെന്ന സൂചന നല്‍കിയും ഡിജിപി എസ്.ദര്‍വേഷ് സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ചിരുന്നു.

വിജിലന്‍സിന് നാലുതരം അന്വേഷണമാണുള്ളത്. കോണ്‍ഫിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ (15 ദിവസം), ക്വിക് വെരിഫിക്കേഷന്‍ (ഒരു മാസം), പ്രിലിമിനറി എന്‍ക്വയറി (2 മാസം) എന്നിവയ്ക്കു പകരം 6 മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട വിജിലന്‍സ് അന്വേഷണത്തിനാണ് അജിത്കുമാറിനെതിരെ ഉത്തരവിട്ടത്. പ്രത്യേക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഈ അന്വേഷണം നീണ്ടാല്‍ സ്‌ക്രീനിങ് കമ്മിറ്റി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രമോഷന്‍ നീട്ടിവച്ചേക്കാമെന്നു വാദമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അജിത്തിനെ കൈവിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: