KeralaNEWS

നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പിഎസ്‍സി പരീക്ഷകൾക്കും മാറ്റം

   സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു നാളെ അവധി. ഇവിടങ്ങളിൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.

പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോട്ടയം ജില്ലയിൽ അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി സ്‌കൂള്‍ അധികാരികള്‍ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകള്‍ക്കും മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.

Signature-ad

ജൂലൈ 31 മുതൽ  ഓഗസ്റ്റ് 2 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് മാറ്റമില്ല. എന്നാൽ ദുരന്തബാധിത പ്രദേശത്തു നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകും.

  ഇതിനിടെ 8 ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.  കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചുവപ്പ് ജാഗ്രത തുടരുന്നു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്.

Back to top button
error: