IndiaNEWS

നേടിയ അറിവുകളൊന്നും പൂര്‍ണ്ണമല്ല, അറിഞ്ഞതിനും അപ്പുറത്തേക്ക് അറിയാനുളള അന്വേഷണമാണ് ഓരോ വ്യക്തിക്കും വിവേകവും വിജ്ഞാനവും സമ്മാനിക്കുന്നത്

വെളിച്ചം

   അയാള്‍ കടല്‍തീരത്തുകൂടി നടക്കുമ്പോഴാണ് ഒരു കുട്ടി കരയുന്നത് കണ്ടത്. കാരണമന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞു:

Signature-ad

“ഈ കടല്‍ എന്റെ കയ്യിലെ കപ്പിനുള്ളില്‍ കയറുന്നില്ല…”
ഇത് കേട്ട് അയാളും കരയാന്‍ തുടങ്ങി. കുട്ടി കാരണമന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:

“ഈ കടല്‍ എന്റെ കപ്പിനുളളിലും കയറുന്നില്ല.”

“അതിന് അങ്ങയുടെ കയ്യില്‍ കപ്പില്ലല്ലോ…?” കുട്ടി ചോദിച്ചു.

അയാള്‍ പറഞ്ഞു:

“എന്റെയുള്ളില്‍ ഞാനും ഒരു കപ്പ് കൊണ്ടുനടക്കുന്നുണ്ട്. അതില്‍ ഈ ലോകത്തിലെ അറിവു മുഴുവന്‍ നിറയ്ക്കാനായിരുന്നു എന്റെ ശ്രമം. ഇപ്പോഴാണ് അത് അസാധ്യമാണെന്ന് ഞാനും തിരിച്ചറിഞ്ഞത്.”

കുട്ടി ആ കപ്പ് കടലിലേക്ക് വലിച്ചെറിഞ്ഞിട്ടു പറഞ്ഞു:

“കടല്‍ എന്റെ കപ്പിനുള്ളില്‍ കയറിയില്ലെങ്കിലും കപ്പിനെ കടലിന് ഉള്ളിലേക്കെടുക്കാന്‍ കഴിയും…”

ചിരിച്ചുകൊണ്ട് കുട്ടി ഓടിപ്പോയി.

എല്ലാം തികയുന്നവരും എല്ലാം നേടുന്നവരും ആരുമില്ല. എല്ലാവരും ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് കണ്ടും കേട്ടും അനുഭവിച്ചു പോകുന്നുവെന്ന് മാത്രം. എല്ലാ അറിവും നേടിയിട്ടല്ല ആരും വലിയവരാകുന്നത്. നേടിയ അറിവുകളുടെ ആഴവും ആധികാരികതയും പ്രായോഗികതയുമാണ് അറിവിന്റെ വലിപ്പം തീരുമാനിക്കുന്നത്. ഒരറിവും പൂര്‍ണ്ണമല്ല, അറിഞ്ഞതിനും അപ്പുറത്തേക്ക് അറിയാനുളള അന്വേഷണങ്ങളാണ് നമുക്ക് വിവേകവും വിജ്ഞാനവും സമ്മാനിക്കുന്നത്… ആ അറിവിലേക്കുളള യാത്ര തുടരട്ടെ .

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: