Fiction

കഥ: ബെന്നി സെബാസ്റ്റ്യൻ

Signature-ad

അവൾ ഒരു ദിവസം വീട്ടിൽ ഇല്ലാതായപ്പോഴാണ് അയാൾ
ആ ശൂന്യത അറിയുന്നത്. ഇന്നലെ അവൾ വീട്ടിൽ പോകും മുൻപേ ചോദിച്ചു:

“രണ്ട് ദിവസം കഴിഞ്ഞ് വന്നാൽപ്പോരേ..?”

ഫോണിൻ്റെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ അയാൾ പറഞ്ഞു:

“രണ്ടോ മൂന്നോ ഒരാഴ്ച്ചയോ കഴിഞ്ഞാലും കുഴപ്പമൊന്നുമില്ല.”

അവൾ ഭർത്താവിൻ്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി:

“അപ്പോൾ ഞാനെങ്ങനേലും പോയികിട്ടിയാൽ മതിയല്ലേ…”

“എടീ നിങ്ങൾ പെണ്ണുങ്ങൾക്കൊരു ധാരണയുണ്ട്, നിങ്ങളില്ലേൽ ഇവിടെ ഒന്നു നടക്കില്ലെന്ന്..”

”ഞങ്ങൾ പെണ്ണുങ്ങൾക്കങ്ങനെ ഒരു ധാരണയുമില്ല. എന്തായാലും ശരി മക്കൾക്ക് കൃത്യമായി ഭക്ഷണം ഉണ്ടാക്കി കാടുത്താൽ മതി…”

“നീയെൻെറ കൂടെ ജനിച്ച ആളൊന്നുമല്ലല്ലോ.?
എൻ്റെ ഇരുപത്തറാം വയസ്സിലല്ലേ നീ വന്നത്. അതിനുമുൻപ് ഞാനിതൊക്കെ തനിയെ ചെയ്തിട്ടുള്ള ആളാണ്. ”
അയാൾ വീറോടെ പറഞ്ഞു.

തർക്കത്തിനൊടുവിലാണ് അവൾ വീട്ടിൽ പോയത്.
അവളുണ്ടാക്കിയ രാത്രി ഭക്ഷണം കഴിച്ച ശേഷം നോക്കുമ്പോളാണ് അടുക്കളയുടെ വിശ്വരൂപം കാണുന്നത്.

കഴുകാനുള്ളപാത്രങ്ങൾ… തറയിൽ വീണ വെള്ളം മുറിയാകെ പടരുന്നു. വാതിലിനിടയിലൂടെ കടന്നു വരുന്ന ഉറുമ്പിൻകൂട്ടം…
പാത്രം കഴുകി, തറതുടച്ചു.
ലൈററുകൾ ഓഫ് ചെയ്തു.

കിടക്കയിലേയ്ക്ക് വീണു. കാലിനൊരു വേദനയുണ്ട്. കുറച്ചു സമയം നിന്നു ജോലിചെയ്തതു കൊണ്ടാകാം. ഫോണിൽ ഒരു മെസ്സേജ് വന്ന ശബ്ദം. അവളാണ്:

‘ഫ്രിഡ്ജിൽ ദോശമാവുണ്ട് രാവിലെ അതെടുത്തു ദോശചുട്ടാൽ മതി.
കറി തനിയെ വച്ചോളുമല്ലോ..?’

അയാൾക്ക് പെട്ടന്നരിശംവന്നു.
എപ്പോളോ ഉറങ്ങി. കണ്ണു തുറന്നപ്പോൾ ഏഴുമണി.

പുലർച്ചേ 5 മണിക്കുണരുന്നതാണ്.
ഉറക്കമില്ലായ്മ അയാളുടെ തീരാശാപമായിരുന്നു. മക്കളുറക്കം തന്നെ.

അടുക്കളയിലെത്തി ചായയിടാൻപാത്രം നോക്കി. ഇനി ഏതാണോ ആ പാത്രം?

അവൾക്ക് എല്ലാത്തിനും, ഓരോ പാചകത്തിനും വെവ്വേറെ പാത്രങ്ങളാണ്. ഇറച്ചികറിക്കൊരു പാത്രം… അതിൽ മീൻ കറി വെയ്ക്കില്ല.

ദോശ ചുട്ടു, ചട്നിയുണ്ടാക്കി. ദോശ കഴിക്കെ മകൾ ചോദിച്ചു

“ഇതെന്താ അച്ഛേ..?”

“ദോശ… ”

അവൾക്ക് സംശയം:

“ഇത് ദോശയല്ല… റബ്ബർ പോലെ..”

ശരിയാണ്. അത് ചൂണ്ടുവിരലും തള്ളവിരലും ചേർത്ത് മുറിയ്ക്കാനേ പററുന്നില്ല.

ചായ കുടിച്ച മോൻ്റെ മുഖം പാവയ്ക്കാനീരുകുടിച്ചപ്പോലെ.

ചോറിന് അരിയിടുമ്പോളാണ് അവളുടെ ഫോൺവന്നത്.

”ഫ്രിഡ്ജിൽ നിന്നും മാവെടുത്ത് പുറത്ത് വച്ചിട്ട് തണുപ്പ്മാറിയ ശേഷം വേണം ദോശയുണ്ടാക്കാൻ…”

“അത് നിനക്ക് നേരത്തെ പറഞ്ഞു കൂടായിരുന്നോ..?”

“എന്തിന് നിങ്ങളാണുങ്ങളല്ലേ ചന്ദ്രനിൽ ആദ്യം പോയത്, എല്ലാം നിങ്ങളുടെ തലയിലൂടെയല്ലേ നടക്കുന്നത്…”

അയാൾ ഫോൺ വച്ചു.
അന്ന് വൈകുന്നേരമായപ്പോഴേക്കും അയാൾ തളർന്നു. മിഷ്യനാണ് തുണിയലക്കിയെതെങ്കിലും അയാൾ മടുത്തു പോയിരുന്നു. വൈകിട്ട് തേങ്ങ ചിരകവേ തേങ്ങാ മുറി തെന്നിമാറി കൈ മുറിഞ്ഞു.

രാവിലെ അടുക്കളയിൽ പാത്രങ്ങളുടെ കലമ്പൽ കേട്ടാണയാളുണർന്നത്.
എഴുന്നേൽക്കാൻ തുടങ്ങുമ്പോളേയ്ക്കും അതാ അവൾ ചായയുമായി.

“നീ രാവിലെ പോന്നോ..?
പോന്നു..”
ചായ തന്നിട്ട് പോകാൻ തുടങ്ങിയ അവളുടെ കൈപിടിച്ചയാൾകട്ടിലിരുത്തി.
അവളുടെ കയ്യെടുത്തു നെററിയിൽ വച്ചു. മനോഹരമായ ഒരു തണുപ്പ് തലയെ ആകെ പൊതിഞ്ഞു .

അയാൾ വീണ്ടും മനോഹരമായ, അല്ലലും ഉത്കണ്ഠയുമില്ലാത്ത മയക്കത്തിലേയ്ക്കു ആഴ്ന്നു പോയി..!

Back to top button
error: