േകാട്ടയം: രണ്ടുമാസം കൂടുമ്പോള്‍ പരമാവധി 400 രൂപ മാത്രം വൈദ്യുതി ബില്‍ അടച്ചിരുന്ന വാഗമണ്‍ വട്ടപ്പതാല്‍ സ്വദേശി അന്നമ്മ കഴിഞ്ഞ മാസത്തെ ബില്‍ കണ്ട് ഞെട്ടി. ഒറ്റമുറി വീട്ടില്‍ കെഎസ്ഇബി എത്തിച്ചത് 49,710 രൂപയുടെ വമ്പന്‍ ബില്‍. പരാതി പറഞ്ഞിട്ടും, ബില്‍ത്തുക അടച്ചില്ലെന്ന കാരണത്താല്‍ ബോര്‍ഡ് വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞൊഴിയുമ്പോള്‍ കനത്ത മഴയില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കഴിയുകയാണ് ഈ വീട്ടമ്മ. കുറച്ചുനാള്‍ മുന്‍പ് ഇടിമിന്നലില്‍ വീട്ടിലെ മീറ്റര്‍ കേടായിരുന്നു. പരാതിപ്പെട്ടതിനെത്തുടര്‍ന്നു മീറ്റര്‍ മാറ്റിവച്ചു. തുടര്‍ന്നാണ് അരലക്ഷം രൂപയോളം വരുന്ന ബില്‍ ലഭിച്ചത്. എഴുപത്തിനാലുകാരിയായ അന്നമ്മ കൂലിപ്പണി ചെയ്താണു ജീവിക്കുന്നത്. ഏകമകള്‍ വിവാഹിതയാണ്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചതിനു ശേഷം ഒറ്റയ്ക്കാണു താമസം.