CrimeNEWS

ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ യുവതിക്കൊപ്പം കയറിക്കിടന്നു; കാമുകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്

കോഴിക്കോട്: കിടപ്പറയില്‍ അതിക്രമിച്ചുകയറി ഭാര്യക്കൊപ്പം കിടന്ന കാമുകനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അരീക്കോട് സ്വദേശിയായ യുവാവിനാണ് തലക്കും മുഖത്തും വെട്ടേറ്റത്. കട്ടിപ്പാറ അമരാട് സ്വദേശിനിയായ 23-കാരിയുടെ വീട്ടില്‍വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും കിടപ്പുമുറിയില്‍ ഇരിക്കുമ്പോളാണ് കാമുകന്‍ കയറിവന്ന് യുവതിക്കൊപ്പം കട്ടിലില്‍ കയറിക്കിടന്നത്. ഇതുകണ്ട ഭര്‍ത്താവ് അടുക്കളയില്‍നിന്ന് കത്തിയെടുത്ത് വെട്ടുകയായിരുന്നു. യുവതിയും ഭര്‍ത്താവും രണ്ടുവയസ്സായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ മാതൃവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

Signature-ad

യുവതിയെയും കുഞ്ഞിനേയും കാണാനില്ലെന്നുപറഞ്ഞ് മൂന്നുദിവസം മുമ്പ് ഭര്‍ത്താവ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് രണ്ടുവയസ്സായ കുഞ്ഞുമായി യുവതി വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി.

ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11 മണിക്ക് കാമുകന്റെ ബന്ധുക്കള്‍ യുവതിയെ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനേയും മാതാവിനേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ച് രാത്രി 12.30-ഓടെ യുവതിയെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തി പത്തുമിനിറ്റ് കഴിഞ്ഞപ്പോഴാണ് കാമുകന്‍ ഇവിടേക്കെത്തിയത്. കിടപ്പുമുറിയിലിരുന്നു സംസാരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് അടുത്തേയ്ക്കു ചെന്ന ഇയാള്‍ യുവതിക്കൊപ്പം കട്ടിലിലേക്കു കിടക്കുകയുമായിരുന്നു.

ഇതു കണ്ട ഭര്‍ത്താവ് ടേബിള്‍ ഫാന്‍ കൊണ്ട് ഇയാളെ തല്ലുകയും അടുക്കളയില്‍നിന്നു കത്തിയെടുത്ത് വെട്ടുകയും ചെയ്തു. മുറിവുകളുമായി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ കാമുകനൊപ്പം യുവതിയും വീടുവിട്ടിറങ്ങി.

കട്ടിപ്പാറ അങ്ങാടിയില്‍ എത്തിയശേഷം നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ചുവരുത്തി യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: