മധ്യപ്രദേശിൽ പശുക്കളെ പരിപാലിക്കാനും അവയുടെ സംരക്ഷണത്തിനുമായി ധാരാളം പ്രവർത്തനങ്ങളാണ് നടക്കുന്നത്. പശു വളർത്തൽ പ്രോത്സാഹിപ്പിക്കലിനെ മുന്നിൽ കണ്ട് പശുമന്ത്രിസഭയും സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, ആഭ്യന്തരം, കൃഷി തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിമാർ ചേരുന്നതായിരുന്നു മന്ത്രിസഭ. ഇപ്പോഴിതാ അടുത്ത നടപടിയെന്നോണം മധ്യപ്രദേശ് സർക്കാർ ഗോമൂത്ര ഫിനോയിലുമായാണ് എത്തിയിരിക്കുന്നത്.
മധ്യപ്രദേശിലെ സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഇനി ഗോമൂത്ര ഫിനോയിൽ ഉപയോഗിക്കണമെന്നാണ് പുതിയ ഉത്തരവ്. സംസ്ഥാനത്തെ പൊതുഭരണവകുപ്പിന്റെ ഈ ഉത്തരവ് പ്രകാരം ഓഫീസുകളിൽ ഇനിമുതൽ കെമിക്കലുകൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലുകൾ ഉപയോഗിക്കരുതെന്നും പകരം ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ ഉപയോഗിക്കണമെന്നുമാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
അതേസമയം, നവംബറിൽ ചേർന്ന പശു മന്ത്രിസഭയിലാണ് ഗോമൂത്രത്തിൽ നിന്നുളള ഫിനോയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചത്. സംസ്ഥാനത്ത് ഗോക്കളുടെ സംരക്ഷണവും പശുവളർത്തൽ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് ഇങ്ങനെയൊരു തീരുമാനം കെെക്കൊണ്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയിൽ നിർമാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേൽ പറഞ്ഞു. മാത്രമല്ല
പാലുൽപ്പാദനം നിർത്തിയ പശുക്കളെ ആരും തെരുവിൽ ഉപേക്ഷിക്കില്ലെന്നും ഇത് മധ്യപ്രദേശിലെ പശുക്കളുടെ അവസ്ഥക്ക് മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഫിനോയിൽ നിർമിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. യാതൊരു അടിസ്ഥാന സംവിധാനവും നിർമിക്കാതെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. കന്നുകാലികളെയും കന്നുകാലികളിൽ നിന്ന് ലഭിക്കുന്ന ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ആദ്യം സംസ്ഥാനത്ത് കുറച്ച് ഫാക്ടറികൾ തുറക്കുകയാണ് വേണ്ടിയിരുന്നത്. ഇനി ആവശ്യമായ ഫിനോയിൽ നിർമിക്കാനുള്ള ജോലി ഉത്തരാഖണ്ഡിലെ സ്വകാര്യ കമ്പനിക്ക് ലഭിക്കും കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി പറഞ്ഞു.