KeralaNEWS

ടൂറിസത്തിൻ്റെ പേരിൽ ഡ്രൈ ഡേ പിൻവലിക്കാൻ നീക്കം: ബിവറേജ് ശാലകൾക്ക് ലേലം,  കേരളത്തിൽ മദ്യം ഒഴുകും

     എല്ലാമാസവും 1-ാം തീയതിയിലെ മദ്യനിരോധനം   പിൻവലിക്കാൻ ആലോചന. വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്നാണ് കണ്ടെത്തൽ. കൂടാതെ, ഇത് ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും.

മാത്രമല്ല ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സർക്കാർ  വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.

Signature-ad

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദ്ദേശത്തെക്കുറിച്ച് ഉടൻ കരടുരേഖ സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.

കയറ്റുമതിക്കും ചില്ലറ വിൽപ്പനവിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങൾക്കും പ്രോത്സാഹനം നൽകും. കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്.

നികുതിവരുമാനം കൂട്ടാൻ നിശ്ചിതയെണ്ണം ചില്ലറ മദ്യവിൽപ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.

Back to top button
error: