SportsTRENDING

‘ട്രാവൻകൂർ ടൈഗേഴ്സ്’ – കേരളത്തിനും വേണ്ടേ ഒരു ഐപിഎൽ ക്രിക്കറ്റ് ടീം ?

തിരുവനന്തപുരം: കേരളത്തിനും വേണ്ടേ ഒരു ഐപിഎൽ ക്രിക്കറ്റ് ടീം.പണ്ടൊന്നുണ്ടായിരുന്നു- കൊച്ചി ടസ്കേഴ്സ് കേരള.കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആറ്റു നോറ്റിരുന്ന് കിട്ടിയ ഐപിഎൽ ടീമായിരുന്നു കൊച്ചി ആസ്ഥാനമായുള്ള കൊച്ചി ടസ്കേഴ്സ് കേരള.
2011 ലായിരുന്നു ടൂർണമെന്റിലേക്കുള്ള അവരുടെ രംഗപ്രവേശം.എന്നാൽ ആകെ ആ ഒരു സീസൺ മാത്രമേ ടീമിന് ഐപിഎല്ലിൽ കളിക്കാനായുള്ളൂ.ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട് ബിസിസിഐയുമായുണ്ടായ പ്രശ്നങ്ങൾ മൂലം ആദ്യ സീസണോടെ കൊച്ചി ടസ്കേഴ്സ് ഐപിഎല്ലിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.
കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയമായിരുന്നു അവരുടെ ഹോം ഗ്രൗണ്ട്.ഇന്നത് ഫുട്ബോളിന് കൈമാറിയിരിക്കുകയാണ്.നിലവിൽ ഐഎസ്‌എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണിത്.തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം മാത്രമാണ് അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനുള്ള കേരളത്തിലെ ഇന്നത്തെ ഏക ക്രിക്കറ്റ് സ്റ്റേഡിയം.അതിനാൽ തന്നെ തിരുവനന്തപുരം ബേസാക്കിയാണ് പുതിയൊരു ക്രിക്കറ്റ് ടീം ഉയർന്നുവരേണ്ടത്.ഒരു ‘ട്രാവൻകൂർ ടൈഗേഴ്സ് ‘.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണിന്റെ സ്വന്തം നഗരം കൂടിയാണ് തിരുവനന്തപുരം.
ഒരു ടീം ഇല്ലാതിരുന്നിട്ടുകൂടി നിരവധി താരങ്ങളെ ഐ പി എല്ലിലേക്ക് സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം.ക്രിക്കറ്റില്‍ കഴിവുള്ള ഒരാള്‍ ഉണ്ടെങ്കില്‍ അയാളെ കണ്ടെത്താനും വേണ്ട പരിശീലനം നല്‍കി ഉയര്‍ത്തി കൊണ്ടുവരാനും കഴിയുന്ന ഇടമാണ് കേരളം. പ്രശാന്ത് പരമേശ്വരൻ ഉദാഹരണം.ടിനു യോഹന്നാന്‍, ശ്രീശാന്ത്,സന്ദീപ് വാര്യര്‍ എന്നിവരെ പോലുള്ള താരങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.മുംബൈയുടെയോ ഡെല്‍ഹിയുടെയോ പോലുള്ള പാരമ്പര്യം പറയാനില്ലെങ്കില്‍ കൂടിയും സഞ്ജുവിനെയും ബേസില്‍ തമ്പിയെ പോലുമുള്ള ആറോ, ഏഴോ താരങ്ങളെ ഐ പി എല്ലിലേക്ക് സംഭാവന ചെയ്യാനും  കേരളത്തിനായിട്ടുണ്ട്.
എന്നിട്ടും നമ്മൾ ക്രിക്കറ്റിന് വേണ്ട പ്രോത്സാഹനം നൽകുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് വളര്‍ച്ച  മന്ദഗതിയിലാണ്. ഉത്തരേന്ത്യയിൽ സ്കൂളുകൾ വഴിയാണ് ക്രിക്കറ്റ് താരങ്ങളെ വാർത്തെടുക്കുന്നത്. കേരളത്തിലെ സ്‌കൂളുകളില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് പറ്റിയ അന്തരീക്ഷമല്ല ഉള്ളത്.സ്‌കൂളുകള്‍ വഴിയാണ് കൂടുതലായും ക്രിക്കറ്റ് കുട്ടികളിലേക്ക് എത്തുന്നതും പ്രചാരം ലഭിക്കുന്നതും. പക്ഷെ, കേരളത്തിലെ സ്‌കൂളുകളില്‍ ക്രിക്കറ്റില്‍ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നുന്നതിനും അവരെ വേണ്ടവിധം പരിശീലിപ്പിച്ചെടുക്കുന്നതിനും മതിയായ ക്രിക്കറ്റ് പശ്ചാത്തലത്തില്‍ നിന്നുള്ള കായിക അധ്യാപകര്‍ ഒരു ശതമാനം പോലുമില്ലെന്നുള്ളതാണ് വാസ്തവം.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം, കേരളത്തിലെ സ്‌കൂളുകളില്‍ ക്രിക്കറ്റിന് വേണ്ടുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇല്ലെന്നുള്ളതാണ്. വോളിബോൾ, ഫുട്‌ബോള്‍ തുടങ്ങിയവയ്ക്ക് ക്രിക്കറ്റിനോളം സജ്ജീകരണങ്ങള്‍ വേണ്ട. പക്ഷെ കൃത്യമായ ക്രിക്കറ്റ് പരിശീലനം നടത്തണമെങ്കില്‍ മതിയായ സജ്ജീകരണങ്ങള്‍ കൂടിയേ തീരു.അതേപോലെ കായികപരമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്‌കൂളുകളും വളരെ കുറവാണ്. പലപ്പോഴും അധ്യാപകര്‍ക്ക് കുട്ടികളിലെ കഴിവുകള്‍ കണ്ടെത്താനുള്ള സാഹചര്യമില്ലാതെ പോകുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിഭകള്‍ അവഗണിക്കപ്പെടുന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലുമുള്ളത്ര പ്രചാരം സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ കാര്യത്തില്‍ കേരളത്തിലില്ല. അത്തരം സ്‌കൂളുകള്‍ ഉണ്ടെങ്കില്‍ കൂടിയും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായിരിക്കില്ല.
ഇതിനെല്ലാം പരിഹാരമാണ് കേരളത്തിന് സ്വന്തമായി ഒരു ഐപിഎൽ ടീം.മുൻപ് പറഞ്ഞതുപോലെ ഒരു ടീം ഇല്ലാതിരുന്നിട്ടുകൂടി നിരവധി താരങ്ങളെ ഐ പി എല്ലിലേക്ക് സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം.ഒരു ടീം ഉണ്ടാകുന്നതോടുകൂടി നിരവധി താരങ്ങൾ ഉയർന്നുവരും.അത് ക്രിക്കറ്റ് കേരളത്തിന്റെ തലവര തന്നെ മാറ്റുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല- തിരുവനന്തപുരത്തിന്റെയും !

Back to top button
error: