ചെമ്മീൻ ഭക്ഷിക്കുന്നതിലൂടെ മരണം സംഭവിക്കുന്നത് വളരെ അപൂർവമാണ്. അനഫിലക്സിസ് എന്ന അലർജി മൂർച്ഛിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.
ചെമ്മീൻ വർഗത്തിൽപെട്ട മീനുകൾ കഴിക്കുമ്പോൾ പലരിലും അനഫിലക്സിസ് എന്ന അലർജി കാണാറുണ്ട്. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം ചെമ്മീനിലെ ഒരു പ്രത്യേക തരം പ്രോട്ടീനിന് (ചെമ്മീനിലെ ട്രോപോമയോസിൻ) എതിരെ പ്രവർത്തിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ചെമ്മീനിലെ പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ഹാനികരമാകും എന്ന തോന്നലിൽ ശരീരം അതിനോട് റിയാക്ട് ചെയ്യുന്നതിന്റെ ഭാഗമായി ചില ഇമ്മ്യൂൺ സെൽസ് ആക്ടിവേറ്റഡാകുകയും ഇമ്മ്യൂണോ ഗ്ലോബുലിൻ ഇമ്മീഡിയേറ്റഡ് എന്ന ആന്റിബോഡി ഉണ്ടാക്കുകയും ചെയ്യും. ഇത് നമ്മുടെ ശരീരത്തിലെ പലതരം സെൽസിനെ ആക്ടിവേറ്റ് ചെയ്ത് അലർജൻസ് പുറപ്പെടുവിക്കും.അതുവഴി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവാം.
ഇത് രണ്ട് തരത്തിലാണ് സംഭവിക്കുക. ചെമ്മീൻ കഴിച്ച ഉടനയോ കുറച്ച് സമയത്തിന് ശേഷമോ ഇത്തരം അലർജി കണ്ടുവരാം. ഇതിൽ പെട്ടന്ന് ഉണ്ടാവുന്ന അലർജിക് റിയാക്ഷൻ ആണ് അനാഫലൈറ്റസ് എന്ന് പറയുന്നത്. അനാഫലൈറ്റസ് ശ്വാസ തടസ്സം, ഹൃദയസ്തംഭനം ബിപി കുറയുക തുടങ്ങിയ കാര്യങ്ങളിലേക്ക് നയിക്കും.
ചെമ്മീൻ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അലർജി മൂലമുള്ള മരണനിരക്ക് കുറവാണെങ്കിലും ചെമ്മീൻ കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടാലുടൻ ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. ചികിത്സ വൈകി ഹൃദയത്തേയും ശ്വാസകോശത്തേയും രക്തക്കുഴലിനേയും ബാധിക്കുമ്പോളാണ് കാര്യങ്ങൾ ഗുരുതരമാവുക.
എപിനെഫ്രിൻ(epinephrine) എന്ന ഇഞ്ചക്ഷൻ ആണ് ഇത്തരം അലർജി ഉള്ളവരിൽ ചികിത്സയ്ക്കായി ഉപയോഗിക്കുക. ആശുപത്രിയിൽ എത്തിച്ച് രണ്ടുമിനിറ്റിനുള്ളിൽ തന്നെ ഇഞ്ചക്ഷൻ നൽകാം. വിദേശരാജ്യങ്ങളിലെല്ലാം ഇത്തരം അലർജിയുള്ള ആളുകൾക്ക് ഈ ഇഞ്ചക്ഷൻ കൈയിൽ സൂക്ഷിക്കാനുള്ള അനുമതിയുണ്ട്.
ഒരുതവണ അലർജി വന്ന് ചികിത്സ തേടിയാലും വീണ്ടും ചെമ്മീൻ കഴിക്കുമ്പോൾ അതേ അലർജി ഉണ്ടാവും. ചെമ്മീൻ കഴിച്ച് ഒരിക്കൽ അലർജിയുണ്ടായവർ ചെമ്മീൻ പിന്നീട് ഒരിക്കലും കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. ചെമ്മീൻ മാത്രമല്ല കൂന്തൾ , ഞണ്ട്, തുടങ്ങി തോടുള്ള എല്ലാ മത്സ്യങ്ങളും ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ആദ്യത്തെ തവണ അലർജി വരുമ്പോൾ ചെറിയ രീതിയിലാവും ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരിക. എന്നാൽ വീണ്ടും ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിൽ എത്തുമ്പോൾ ശരീരം വളരെ പെട്ടെന്ന് തന്നെ സ്ട്രോങ് ആയി റിയാക്ട് ചെയ്യുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യും. ഇത് മരണസാധ്യതയും കൂട്ടും.
ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് കഴിഞ്ഞദിവസം കൊച്ചിയിൽ മരിച്ചിരുന്നു. നീറിക്കോട് കളത്തിപ്പറമ്ബില് സിബിൻദാസ് (46) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടല് അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
ചെമ്മീൻ കറി കഴിച്ച് അടുത്തിടെ മറ്റൊരു യുവതിയും മരിച്ചിരുന്നു.പാലക്കാട് സ്വദേശിനി നികിത എന്ന ഇരുപതുകാരിയാണ് മരിച്ചത്.